പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം പറയുന്ന “ദി മെസേജിന്’ സൗദിയിൽ പ്രദർശനാനുമതി. മുസ്തഫ അക്കാദ് നാൽപ്പത് വർഷങ്ങൾക്കു മുമ്പ് സംവിധാനം ചെയ്ത ചിത്രത്തിന് സൗദിയിൽ പ്രദർശനാനുമതി ലഭിച്ചിരുന്നില്ല. ജനറൽ കമ്മീഷൻ ഫോർ വീഡിയോ വിഷ്വൽ മീഡിയയുടെ പ്രത്യേക സ്ക്രീനിംഗിനു ശേഷമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്.
ഈദുൽ ഫിത്വർ ദിനത്തിൽ തലസ്ഥാനത്തെ റിയാദ് പാർക്കിലുള്ള വോക്സ് സിനിമാസ് തിയറ്ററിലാണ് ആദ്യ പ്രദർശനം. 1976ൽ റിലാസ് ചെയ്ത ചിത്രം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രത്തിന് 1977ലെ മികച്ച സംഗീതത്തിനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു.
മൊറോക്കോയിലും ലിബിയയിലും ആണ് സിനിമ ചിത്രീകരിച്ചത്. 2005 നവംബർ ഒമ്പതിന് ജോർദാനിലെ അമ്മാൻ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് മുസ്തഫ അക്കദ് മരിച്ചത്. അദ്ദേഹത്തിനൊപ്പം മകൾ റിമയും കൊല്ലപ്പെട്ടിരുന്നു.
പ്രവാചകന്റെ അനുചരനും ബന്ധുവുമായ ഹംസ ബിൻ അബ്ദുൽ മുത്തലിബിന്റെ വേഷത്തെ അവതരിപ്പിച്ചത് ഹോളിവുഡ് താരമായ ആന്റണി ക്വിൻ ആണ്. പ്രവാചക ജീവിതവും ഇസ്ലാമിന്റെ ആരംഭകാലവും പരാമർശിക്കുന്ന ചിത്രത്തിൽ പ്രവാചകന്റെ ശബ്ദമോ രൂപമോ വരുന്നില്ല.