ഉഴവൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴ വെള്ളിയാമറ്റം കൊള്ളിയില്‍ അജേഷ് (39), പാലക്കാട് പെരിങ്ങോട്ടുകുറിശി ചൂരന്നൂര്‍ നരിയിടകുണ്ടില്‍ രാമചന്ദ്രന് (57), തൊടുപുഴ കാഞ്ഞാര്‍ ഞൊടിയപള്ളില്‍ ജോമേഷ് ജോസഫ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
അജേഷും സുഹൃത്തായ അഷ്റഫും കഴിഞ്ഞ 25ന് ഉച്ചയോടെ സ്കൂട്ടറില്‍ ഉഴവൂര്‍ പെരുന്താനം ഭാഗത്തുള്ള വയോധികയുടെ വീട്ടിലെത്തി സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന വയോധികയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിച്ചു.
ഇതു എടുക്കാന്‍ ഇവര്‍ അകത്തുപോയ സമയം അജേഷ് വയോധികയുടെ പിന്നാലെ ചെന്ന് ഇവരെ ബലംപ്രയോഗിച്ച് കട്ടിലിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയില്‍ കിടന്നിരുന്ന ആറു വളകളും രണ്ടു മോതിരവും ബലമായി ഊരിയെടുത്തു. തുടർന്ന് പുറത്ത് പരിസരം നിരീക്ഷിച്ച് നിന്നിരുന്ന അഷ്റഫിനോടൊപ്പം സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അഷ്റഫിനെയും സ്വര്‍ണം വില്ക്കാന് സഹായിച്ച ലിബിന് ബെന്നിയെയും പിടികൂടി.
തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളായ അജേഷിനെയും മോഷണമുതല്‍ വില്ക്കാന് സഹായിച്ച രാമചന്ദ്രനെയും തിരുപ്പതിയില്‍നിന്നു പിടികൂടുകയായിരുന്നു. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച സ്കൂട്ടര്‍ അജേഷും ജോമേഷ് ജോസഫും ചേര്‍ന്നു പാലായില്‍നിന്നു മോഷ്ടിച്ചതായിരുന്നു.
ഇവര്‍ കവര്‍ച്ചയ്ക്ക് കുറച്ചുനാള്‍ മുമ്പ് ഉഴവൂര്‍ പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ ചാരിറ്റിയുടെ പേരില്‍ പിരിവിന് ചെന്നിരുന്നു. ഇത്തരത്തിലാണ് കവര്‍ച്ചയ്ക്കായി വീടുകള്‍ കണ്ടെത്തുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
അജേഷിന് പാലക്കാട്, മീനാക്ഷിപുരം, ഒറ്റപ്പാലം, പള്ളിക്കത്തോട്, നടക്കാവ്, കാഞ്ഞാര്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. എസ്എച്ച്ഒ കെ.പി. ടോംസണിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.