ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാള്‍. ക്രൂരതയുടെ പര്യായം, അഡോള്‍ഫ് ഹിറ്റ്ലറെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്കുകള്‍ ഇല്ല. രണ്ടാം ലോകയുദ്ധത്തില്‍ തോല്‍വി ഉറപ്പായപ്പോള്‍ സ്വയം വെടിവച്ച് മരിച്ചിട്ട് എഴുപതില്പരം വര്‍ഷങ്ങളായിട്ടും ആ മരണം സംബന്ധിച്ച ഊഹാപോഹങ്ങള്‍ അവസാനിച്ചിരുന്നില്ല.
എന്നാല്‍ എല്ലാ സംശയങ്ങളും അവസാനിപ്പിക്കേണ്ട സമയമായി എന്നാണ് ഹിറ്റ്ലറുടെ മരണം സംബന്ധിച്ച് പഠനം നടത്തുന്ന ഫ്രഞ്ച് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്.
ജൂതവംശഹത്യയുള്‍പ്പെടെയുള്ള ഹീനകൃത്യങ്ങള്‍ ചെയ്തുകൂട്ടിയ ഏകാധിപതിയുടെ പല്ലുകളാണു മരണരഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്നത്.
രണ്ടാം ലോകയുദ്ധത്തില്‍ നാസിപ്പടയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രില്‍ 30നു ബര്‍ലിനിലെ ഭൂഗര്‍ഭ അറയില്‍ ഹിറ്റ്ലറും പങ്കാളി ഈവ ബ്രോണും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു പ്രഫ. ഫിലിപ്പ് ഷാര്‍ലിയെയും സംഘവും സ്ഥിരീകരിക്കുന്നത്. മരിക്കാനായി ഹിറ്റ്ലര്‍ സയനൈഡ് കഴിച്ചു, പിന്നെ സ്വയം വെടിവച്ചു. മോസ്കോയില്‍ സൂക്ഷിച്ചിട്ടുള്ള ഹിറ്റ്ലര്‍ പല്ലുകളുടെ ശേഷിപ്പുകളാണു ഗവേഷകര്‍ പഠനവിധേയമാക്കിയത്.
കൊടുംക്രൂരതയിലൂടെ ലോകത്തെ വിറപ്പിച്ച ഏകാധിപതി സസ്യഭുക്കായിരുന്നെന്ന സിദ്ധാന്തവും ശരിവയ്ക്കുന്നുണ്ട്. ഇടതുവശത്തു ദ്വാരമുള്ള തലയോട്ടിയുടെ ശേഷിപ്പുകളും റഷ്യന്‍ അധികൃതര്‍ ഫ്രഞ്ച് സംഘത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും പഠനവിധേയമാക്കാന്‍ അനുവദിച്ചില്ല.
ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തില്ലെന്നും ശത്രുക്കള്‍ക്കു പിടികൊടുക്കാതെ മുങ്ങിക്കപ്പലില്‍ രക്ഷപ്പെടുകയായിരുന്നെന്നുമുള്ള ഭിന്നാഭിപ്രായങ്ങള്‍ക്കിടെയാണു ഫ്രഞ്ച് ഗവേഷകരുടെ ശ്രദ്ധേയമായ പഠനം.
യുദ്ധപരാജയത്തിനുശേഷം മുങ്ങിക്കപ്പലില്‍ ഹിറ്റ്ലര്‍ അര്‍ജന്റീനയിലേക്കു രക്ഷപ്പെട്ടുവെന്നും അന്റാര്‍ട്ടിക്കയിലെ രഹസ്യതാവളത്തില്‍ വര്‍ഷങ്ങളോളം ജീവിച്ചുവെന്നും കഥകളുണ്ടായിരുന്നു. എന്നാല്‍ ഹിറ്റ്ലറുടെ പല്ലു പരിശോധിച്ചതില്‍ നിന്നുമാണ് ഇപ്പോള്‍ മരണത്തെ സംബന്ധിച്ച നിര്‍ണായക വിവരം പുറത്തു വന്നത്.
ഹിറ്റ്ലര്‍ സസ്യഭുക്കായിരുന്നുവെന്നും പല്ലിടകളില്‍ മാംസനാരുകളുടെ സാന്നിധ്യമേയില്ലയെന്നും പഠനത്തില്‍ തെളിഞ്ഞു. കൃത്രിമപ്പല്ലില്‍ നീലനിറമുള്ള അവശിഷ്ടങ്ങള്‍. സയനൈഡുമായുള്ള രാസപ്രവര്‍ത്തനം മൂലം സംഭവിച്ചതാകാം.
വെടിവച്ചതു വായിലേക്കല്ല; നെറ്റിയിലാണ്. അല്ലെങ്കില്‍ കഴുത്തില്‍. ഹിറ്റ്ലറുടെ പല്ലുകളെക്കുറിച്ചുള്ള പഠനത്തിന്റെ പൂര്‍ണരൂപം യൂറോപ്യന്‍ ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.