കൈയ്യടിക്കെടാ മക്കളേ… പ്രളയകാലത്ത് കേരളാ പോലീസ് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തത്; കേരളാ പോലീസിന്റെ സ്ഥാനം ഇനി ജനഹൃദയങ്ങളില്‍…

മലയാളികള്‍ എന്നും ഒരു ഭയത്തോടെയാണ് പോലീസിനെ കണ്ടിട്ടുള്ളത്. ഇതിനെ സാധൂകരിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചതോടെ കേരളാ പോലീസ് ആകെ മാറി. മഴ പ്രളയം തീര്‍ത്തതോടെ അനേകര്‍ക്ക് രക്ഷയായതും കേരളാ പോലീസ് തന്നെയായിരുന്നു. തമാശ പറഞ്ഞും ട്രോളടിച്ചും ഫേസ്ബുക്കില്‍ വിലസുന്ന കേരളാ പോലീസും അവരുടെ ജനപ്രിയ പേജും സമാനമില്ലാത്ത സേവനമാണ് പ്രളയകാലത്ത് കാഴ്ചവെച്ചത്. ഊണും ഉറക്കവുമില്ലാതെ, പോലീസിന്റേതായ എല്ലാ മേലങ്കികളും അഴിച്ചു വെച്ച് അവര്‍ രംഗത്തിറങ്ങി, സോഷ്യല്‍ മീഡിയയിലും അതിലേറെ ജനങ്ങളുടെ ഇടയിലും.

പെരുമഴ പെയ്തപ്പോള്‍ മുതല്‍ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലേക്ക് ദുരന്തത്തിന്റെ അപ്ഡേഷനുകള്‍ ജനങ്ങളില്‍ നിന്ന് അപ്പപ്പോള്‍ ലഭിച്ചു തുടങ്ങിയത് ഈ സ്വീകാര്യതകൊണ്ടാണ്. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായതോടെ സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ ഐ.ജി മനോജ് എബ്രഹാം സോഷ്യല്‍ മീഡിയ സെല്ലിലെ ഉദ്യോഗസ്ഥര്‍ എല്ലാവരോടും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകാനുള്ള നിര്‍ദേശം നല്‍കി. അതോടെ ദുരിതാശ്വാസകേന്ദ്രങ്ങളും ഹെല്‍പ്‌ലൈന്‍ നമ്പറുകളും പ്രവര്‍ത്തനക്ഷമമാകുന്നതിനു മുമ്പുതന്നെ നിരന്തരം നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും നല്‍കി പോലീസിന്റെ ഫേസ്ബുക്ക് പേജ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി.

ജില്ലകള്‍ തിരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, സുരക്ഷാ നിര്‍ദേശങ്ങള്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍, ആര്‍മി ദൗത്യസംഘത്തിന്റെയും തദ്ദേശീയരായ രക്ഷാപ്രവര്‍ത്തകരുടെയും നമ്പറുകള്‍, റെയില്‍വേ, ബസ് സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍, വ്യാജ സന്ദേശങ്ങളുടെ നിജസ്ഥിതി എന്നിവ കൃത്യമായ ഇടവേളകളില്‍ പേജില്‍ പോസ്റ്റുകളായി വന്നു. ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചതോടെ പേജില്‍ സഹായം അഭ്യര്‍ഥിച്ചുള്ള മെസേജുകളുടെ പ്രവാഹമായിരുന്നു. പൊതു ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പലതും തുടര്‍ച്ചയായി എന്‍ഗേജ്ഡ് ആയിരുന്നു. പോലീസ് പേജിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസം കാരണം സഹായം ആവശ്യമുള്ളവര്‍ മെസേജുകളായും, പോസ്റ്റുകളില്‍ കമന്റുകളായും, വാട്ട്സ് ആപ്പിലൂടെയും സോഷ്യല്‍ മീഡിയ സെല്ലിനെ ബന്ധപ്പെട്ടു. സഹായാഭ്യര്‍ഥനകള്‍ ഡി ജി കണ്‍ട്രോള്‍ റൂമിലെ വയര്‍ലെസ്സ് സൗകര്യം വഴി കൃത്യമായി രക്ഷാപ്രവര്‍ത്തകരിലേക്കെത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിലുടനീളം പതിനായിരത്തോളം മെസേജുകള്‍ക്കാണ് പേജ് മറുപടി നല്‍കിയത്. സഹായം ലഭിച്ച ഒട്ടുമിക്ക ആളുകളും പേജില്‍ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ക്ക് വന്‍പ്രചാരമാണ് ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി രേഖപ്പെടുത്തിയുള്ള പോസ്റ്റും വൈറലായി. എന്തായാലും പോലീസിന്റെ മുഖം മാറിയെന്നാണ് ആളുകള്‍ക്ക് പൊതുവെയുള്ള അഭിപ്രായം.

Related posts