എം. സുരേഷ്ബാബു
തിരുവനന്തപുരം: എഐ കാമറ സ്ഥാപിച്ചതിലെ അഴിമതിയാരോപണത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ലെന്ന് സർക്കാർ നിലപാട്.
വിവാദങ്ങൾക്ക് മറുപടി പറയാതെ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷപരിപാടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരും പാർട്ടിയും തത്വത്തിലെടുത്തിരിക്കുന്ന നിലപാട്.
മുഖ്യമന്ത്രിക്കെതിരേ കടുത്ത ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുകയാണെങ്കിൽ യുഡിഎഫിന്റെ കാലത്ത് വാങ്ങിയ കാമറ ഇടപാടുകളുടെ വിവരങ്ങൾ പുറത്തുവിട്ട് പ്രതിരോധം തീർക്കാനും പാർട്ടിയിൽ ചർച്ച തുടങ്ങിയിട്ടുണ്ട്.
മൂന്നു വർഷം മുൻപ് ആരംഭിച്ച ഇടപാടുകളിൽ വീഴ്ചയുണ്ടായെങ്കിൽ കെൽട്രോണിന്റെയും മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെയും ജാഗ്രത കുറവ് മൂലം സംഭവിച്ചതാണെന്ന നിലപാട് സ്വീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
പ്രതിപക്ഷം കൂടുതൽ രേഖകൾ പുറത്ത് വിടുന്നതിനനുസരിച്ച് മാത്രം വിഷയത്തിൽ പ്രതികരിച്ചാൽ മതിയെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിലപാട്.
കോണ്‍ഗ്രസും ബിജെപിയും എഐ കാമറ ഇടപാടിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ്. ജുഡീഷൽ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആവശ്യത്തോട് സർക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സർക്കാരിന്റെ ഭാഗമായി ചേർന്ന് നിൽക്കുന്ന വ്യക്തികളും ആളുകളും കോടിക്കണക്കിന് രൂപ ഈ ഇടപാടിലൂടെ തട്ടിയെടുത്തെന്നാണ് പ്രതിപക്ഷ ആരോപണം. ക്ലിഫ് ഹൗസുമായും സർക്കാരുമായും ബന്ധമുള്ള തട്ടിക്കൂട്ട് കമ്പനികളാണ് അഴിമതിയ്ക്ക് പിന്നിലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
80 കോടി രൂപയ്ക്ക് പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിക്ക് 232 കോടി രൂപ ചെലവിട്ടത് കൊടിയ അഴിമതിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
പാവപ്പെട്ടവരുടെ മേൽ കടുത്ത പിഴ ചുമത്തി ചില സ്വകാര്യ കന്പനികൾക്കും വ്യക്തികൾക്കും കൊള്ളലാഭം കൊയ്യാനാണ് സർക്കാർ കൂട്ടുനിൽക്കുന്നതെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.
അതേസമയം കോണ്‍ഗ്രസിലെ പടലപിണക്കങ്ങൾ മാറ്റി സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കാനുള്ള ഏറ്റവും വലിയ സുവർണാവസരമാണ് എഐ കാമറ വിവാദത്തിലൂടെ പാർട്ടിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ യുവനേതാക്കളുടെ വികാരം.
അവസരം മുതലെടുത്ത് ഇന്ധന സെസ്, കെട്ടിടനികുതി, വൈദ്യുതി ചാർജ്, വാഹന നികുതി, രജിസ്ട്രേഷൻ ഫീസ്, കെട്ടിട പെർമിറ്റ് ഉൾപ്പെടെയുള്ള വർധനകൾ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടി സർക്കാരിനെതിരേ കടുത്ത പോരാട്ടം നടത്തണമെന്നാണ് പ്രതിപക്ഷത്തെ യുവജനനേതാക്കളുടെ അഭിപ്രായം.
ഈ അഭിപ്രായങ്ങൾ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും പാർട്ടിയിലെ പ്രമുഖരായ നേതാക്കളെയും യുവജനവിഭാഗം നേതാക്കൾ ധരിപ്പിച്ചിരിക്കുകയാണ്.