കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകുന്നേരം അഞ്ചിന് ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ മന്ത്രി പി. രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, പോലീസ് മേധാവി അനില്‍കാന്ത്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ സ്വീകരിക്കും.
തുടര്‍ന്ന് ബിജെപി സംഘടിപ്പിക്കുന്ന യുവം 2023 കോണ്‍ക്ലേവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തേവര കോളജിലേക്ക് റോഡ് മാര്‍ഗം പോകും.
വൈകുന്നേരം ആറിന് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനത്തു നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും. തേവര ജംഗ്ഷനില്‍നിന്ന് മെഗാ റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി യുവം വേദിയിലേക്ക് എത്തുന്നത്.
പരിപാടിയില്‍ കെ.സുരേന്ദ്രന് അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്, അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി ചടങ്ങില്‍ പ്രസംഗിക്കും.
ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
കൊച്ചി: പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. കെപിസിസി മുന്‍ സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി ജനറൽ സെക്രട്ടറിമാരായ എന്‍.ആര്. ശ്രീകുമാര്‍, അജിത് അമീര്‍ ബാവ, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെയാണ് കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ ഇവരുടെ വീടുകളില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം പശ്ചിമകൊച്ചി സ്വദേശികളാണ്. പ്രതിഷേധ സാധ്യത ഭയന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നഗരത്തില്‍ രണ്ടു ദിവസം ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയാണ് ഗതാഗത നിയന്ത്രണം.
പ്രധാനമന്ത്രി കടന്നുപോകുന്ന വഴിയരുകുകളില്‍ വാഹന പാര്‍ക്കിംഗിനോ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നതിനോ അനുവദിക്കില്ല. പശ്ചിമകൊച്ചി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂര്‍, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂര്‍ വഴിയും എന്‍എച്ചില്‍ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരണം.
അതേസമയം, പശ്ചിമകൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ബിഒടി ഈസ്റ്റില്‍നിന്നും തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂര്‍, വൈറ്റില വഴി പോകണം.
തേവര ഫെറി ഭാഗത്തുനിന്ന് തേവരയ്ക്കും തിരിച്ചും ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
എറണാകുളത്തുനിന്ന് പശ്ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങള്‍ കുണ്ടന്നൂര്‍, അരൂര്‍ വഴി പോകണം. പള്ളിമുക്ക് ഭാഗത്തുനിന്ന് തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ പള്ളിമുക്കില്‍നിന്ന് തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയ്ക്ക് പോകണം.
മറൈന്‍ ഡ്രൈവ് ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബിടിഎച്ചില്നിന്ന് തിരിഞ്ഞ് ജോസ് ജംഗ്ഷന് വഴി പോകണം. എറണാകുളം ഭാഗത്തുനിന്ന് പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സര്‍വീസ് ബസുകള്‍ പള്ളിമുക്കില്‍നിന്ന് തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂര്‍, അരൂര്‍ വഴി പോകണം.
പ്രധാനമന്ത്രി മടങ്ങുന്ന ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ 10.30 വരെ തേവര ഭാഗത്തുനിന്നും പശ്ചിമ കൊച്ചി ഐലന്‍ഡ് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ തേവര ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകണം.
പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഈ വഴിയുള്ള വാഹനങ്ങള്‍ ബിഒടി ഈസ്റ്റില്‍നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകണം.
തൃശൂര്‍ ഭാഗത്തുനിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങള്‍ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പന് ഗ്രൗണ്ട്, കണ്ടെയ്നര്‍ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
ആലപ്പുഴ, കോട്ടയം, ഇടുക്കി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ തേവര ഫെറി ജംഗ്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം തേവര ഫെറി ബോട്ട് ഈസ്റ്റര്‍ റോഡില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും ഇന്ദിരാഗാന്ധി റോഡിലും പാര്‍ക്ക് ചെയ്യണം.