റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വികാരപരമായി നടത്തിയ പ്രസംഗം വൈറലായിരുന്നു.
52 വയസായിട്ടും സ്വന്തമായി വീടില്ല എന്നു പറഞ്ഞ രാഹുലിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിത്യാഗത്തിന്റെ പ്രതീകമായി കണ്ടപ്പോള്‍ ഈ വാചകങ്ങളെ പരിഹസിക്കുകയാണ് ബിജെപി.
ഇതിനു പിന്നാലെ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലവും ചര്‍ച്ചയാവുകയാണ്.
സത്യവാങ്മൂലം പ്രകാരം രാഹുല്‍ ഗാന്ധിയുടെ സമ്പാദ്യം അഞ്ചു കോടി 80 ലക്ഷം രൂപയാണ്. നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 15 കോടി 88 ലക്ഷം രൂപയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
അഞ്ച് വര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ ആകെ ആസ്തിയില്‍ 7 കോടിയോളം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 2014ലെ തിരഞ്ഞെടുപ്പില്‍ 9.4 കോടിയായിരുന്നു ആകെ ആസ്തിയായി കാണിച്ചിരുന്നത്.
വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ 40,000 രൂപയായിരുന്നു കൈവശമുണ്ടായിരുന്നത്. വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്.
ഓഹരി, ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയില്‍പരം രൂപയുടേതായിരുന്നു. പോസ്റ്റല്‍ നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും 2.91 ലക്ഷം രൂപയുടെ സ്വര്‍ണവും അടക്കമാണ് 5 കോടി 80 ലക്ഷം രൂപ.
ഡല്‍ഹിയിലെ സുല്‍ത്താന്‍പൂരിലുള്ള കൃഷിഭൂമിയില്‍ രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കും അവകാശമുണ്ട്. 1 കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്.
ഗുരുഗ്രാമില്‍ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുല്‍ ഗാന്ധിയുടെ പേരിലുണ്ട്. 8 കോടി 75ലക്ഷമാണ് ഇതിന്റെ 2019ലെ വില.