കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് സാങ്കേതികവിദ്യാ രംഗത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിവേഗ സ്പീഡിലുള്ള ഇന്റര്‍നെറ്റുമായി 4ജിയുടെ കടന്നുവരവ് ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ 5ജിയില്‍ എത്തിനില്‍ക്കുകയാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 5ജി രാജ്യത്താകമാനം വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ പ്രധാനനഗരങ്ങളിലെല്ലാം 5ജി ലഭ്യമാണ്. ആ രാജ്യത്തിന്റെ എല്ലാക്കോണിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തില്‍ തന്നെയാണ് 5ജിയെച്ചൊല്ലി രണ്ട് പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ തമ്മിലടി തുടങ്ങിയിരിക്കുന്നത്.
5ജി തരംഗങ്ങള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കാന്‍സറിന് വരെ കാരണമാകുമെന്നും RT AMERICA എന്ന ടിവി ചാനലില്‍ വാര്‍ത്ത വന്നിരുന്നു. രണ്ടു ദിവസം മുമ്പ് ഇതിന് മറുപടിയുമായി ന്യൂയോര്‍ക്ക് ടൈംസ് രംഗത്തുവന്നതോടെയാണ് മാധ്യമപ്പോരിലേക്ക് കാര്യങ്ങള്‍ എത്തിയത്. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനം ഇങ്ങനെ..’നിങ്ങളുടെ 5G ഫോണ്‍ തികച്ചും നിരുപദ്രവകരമാണ്, പക്ഷേ നിങ്ങളെ മറിച്ച് വിശ്വസിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത് ‘ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയ്ക്ക് കാര്യമായ മുന്‍കൈ നേടിക്കൊടുക്കാന്‍ പോന്ന 5G എന്ന സാങ്കേതികവിദ്യയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ഒരു ഗുരുതരമായ പ്രശ്‌നമുണ്ട് എന്ന അസത്യപ്രചാരണം റഷ്യയുമായി അവിഹിതബന്ധങ്ങളുള്ള, വൈറ്റ് ഹൗസില്‍ നിന്നും വിളിപ്പാടകലെയുള്ള ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന, RT AMERICA എന്ന ടിവി ചാനല്‍ നടത്തുന്നു.” ഇതായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് ഉന്നയിച്ച ഗുരുതരമായ ആരോപണം. റഷ്യന്‍ പ്രധാനമന്ത്രി വ്‌ലാദിമിര്‍ പുടിനുമായി RTയ്ക്ക് നിഗൂഢബന്ധങ്ങളുണ്ടെന്നും, റഷ്യയുടെ താത്പര്യങ്ങളാണ് അവര്‍ മുന്നോട്ടുവെക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
ന്യൂയോര്‍ക്ക് ടൈംസിനെ ഇക്കാര്യത്തില്‍ തെറ്റു പറയാന്‍ പറ്റില്ല. 2016 -ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന ഏജന്‍സിയാണ് RT AMERICA. അവരുടെ ഈ ‘5G കാരണം നശിച്ചേക്കാവുന്ന പൊതുജനാരോഗ്യ’ത്തെപ്പറ്റിയുള്ള വ്യാകുലതകള്‍ക്കു പിന്നിലും റഷ്യയുടെ കറുത്ത കാര്യങ്ങളാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു. അവര്‍ ഈ ഗൂഢശ്രമങ്ങളെ ‘ജിയോ-പൊളിറ്റിക്കല്‍’ കടന്നുകയറ്റം എന്നാണ് വിളിച്ചത്. റഷ്യയ്ക്ക് തല്‍ക്കാലം 5G സാങ്കേതികവിദ്യയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ നടത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, തങ്ങള്‍ കൂടെ ഓടിയെത്തും വരെ മറ്റുരാജ്യങ്ങളിലെ ഈ രംഗത്തെ സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തെ യാതൊരു അടിസ്ഥാനവുമില്ലാത്ത ചില രോഗ ഭീതികള്‍ അതാത് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളെ സ്വാധീനിച്ചുകൊണ്ട് ഇളക്കിവിട്ട് മന്ദഗതിയിലാക്കാനാണ് റഷ്യയുടെ ശ്രമം എന്നും അവര്‍ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.
മാധ്യമരംഗത്തെ അസത്യപ്രചാരണങ്ങളെ ചെറുക്കുന്ന ‘ന്യൂ നോളജ് ‘ എന്ന സ്ഥാപനത്തിന്റെ വക്താവായ റയാന്‍ ഫോക്‌സ് RT AMERICAയുടെ ഈ പ്രചാരണങ്ങളെ ‘സാമ്പത്തിക യുദ്ധം’ ( Economic Warfare ) എന്നാണ് വിശേഷിപ്പിച്ചത്. ലോകത്തെമ്പാടും സാങ്കേതികവിദ്യകളില്‍ നടക്കുന്ന മുന്നേറ്റങ്ങളെ ആ രാജ്യങ്ങളിലെ ജനാധിപത്യപാര്‍ട്ടികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യപ്രശ്ങ്ങളുടെ നൂലാമാലകള്‍ മനഃപൂര്‍വം ഉയര്‍ത്തിവിട്ട് തളര്‍ത്താനാണ് ക്രെംലിന്‍ എന്നും ശ്രമിച്ചു പോന്നിട്ടുള്ളതെന്ന്, ഫിയാനാ ടെക്നോളജീസ് എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ മേധാവിയായ മോളി മക്ക്യൂ പറഞ്ഞത്.
എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ RT AMERICA ന്യൂയോര്‍ക്ക് ടൈംസിനെ ട്രംപിന്റെ താത്പര്യങ്ങള്‍ നിലനിര്‍ത്തുന്ന മാധ്യമം എന്നാണ് വിശേഷിപ്പിച്ചത്. 5G സാങ്കേതികവിദ്യയില്‍ ടവറുകള്‍ താരതമ്യേന ചെറുതും എണ്ണത്തില്‍ 4Gയെക്കാള്‍ ഏറെ കൂടുതലും ആയതിനാല്‍ അവ പുറപ്പെടുവിക്കുന്ന ഇലക്ട്രോമാഗ്‌നറ്റിക് തരംഗങ്ങള്‍ മനുഷ്യര്‍ക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എത്രയോ ഇരട്ടിയാണെന്നും, ഈ ടവറുകള്‍ ബ്രെയിന്‍ ട്യൂമര്‍, വന്ധ്യതാ, ഓട്ടിസം, ഹൃദ്രോഗങ്ങള്‍, അല്‍ഷൈമേഴ്സ് എന്നിങ്ങനെ നിരവധി രോഗങ്ങള്‍ക്ക് കാരണമാവും എന്ന് സൂചിപ്പിക്കുന്ന നിരവധി ശാസ്ത്ര പഠനങ്ങള്‍ അമേരിക്കയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും RT AMERICA പറയുന്നു.
ഇപ്പോഴത്തെ മൊബൈല്‍ ടെക്നോളജി പ്രവര്‍ത്തിക്കുന്നത് റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉപയോഗിക്കാപ്പെടുത്തിയാണ്. എന്നാല്‍ 5G പ്രവര്‍ത്തിക്കുന്നത് അള്‍ട്രാ ഹൈ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉപയോഗിച്ചാണ്. തരംഗങ്ങളുടെ തീവ്രതയും അള്‍ട്രാ ഹൈ ആണ്. മാത്രവുമല്ല, 5Gയില്‍ ഉപയോഗിക്കുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ മില്ലിമീറ്റര്‍ തരംഗങ്ങള്‍ അധികദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളവയല്ല. അതിനാല്‍, ഇപ്പോഴുള്ള വലിയ ടവറുകള്‍ക്കു പകരം മിനി ഠ ടവറുകള്‍, അതും അഞ്ചാറു വീടുകള്‍ ഇടവിട്ട് വേണ്ടിവരും 5G നെറ്റ് വര്‍ക്കുകള്‍ക്ക്. ഇത് സെല്‍ ടവറുകളില്‍ നിന്നും പുറപ്പെടുന്ന ഈ അതിതീവ്ര തരംഗങ്ങളുമായുള്ള പൊതുജനങ്ങളുടെ സമ്പര്‍ക്കസാധ്യത കൂടാനും, അതുമൂലം കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട് എന്നാണ് RT AMERICA അടക്കമുള്ള 5G വിരുദ്ധര്‍ പറയുന്നത്. ഇന്ത്യയിലും ഈ ടെക്‌നോളജി അധികം താമസിക്കാതെ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതുണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച ഗവേഷണങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്.