നിങ്ങളുടെ പ്രണയം ആത്മാര്‍ഥമാണെങ്കില്‍ നിങ്ങളെ ഒരുമിപ്പിക്കാനായി ലോകം കൂടെ നില്‍ക്കുമെന്ന് പറയാറുണ്ട്. ഇത് അക്ഷരംപ്രതി ശരിവയ്ക്കുന്നതായിരുന്നു എഡ്വിന്റെയും ആരതിയുടെയും പ്രണയം. എല്ലാ വിലക്കുകളെയും മറികടന്ന് അവസാനം ആരതി എഡ്വിന്റെ സ്വന്തമായി. ഈ ക്രിസ്മസ് കാലത്ത് ഇരുവരെയും സ്നേഹിക്കുന്നവര്‍ക്ക് ആത്മഹര്ഷമേകുകയാണ് ഇവരുടെ ഒന്നുചേരല്‍.
കൃത്യം ഒരുമാസം മുമ്പാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി എഡ്വിന്റെ ഭാര്യ ആരതിയെ വീട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയെന്ന് ഫെയ്സ്ബുക്കില്‍ ലൈവിട്ടത്. ആരതിയെ അന്വേഷിച്ച് നാഗര്‍കോവില്‍ പൊലീസ് സ്റ്റേഷനില്‍ എഡ്വിന് എത്തിയപ്പോഴേക്കും വീട്ടുകാര്‍ അവളെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയി എന്നായിരുന്നു കിട്ടിയ വിവരം. ഈ ഒരു മാസം ആരതിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. വീട്ടുകാര്‍ കൊണ്ടുപോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. ഒരു വിവരവും ലഭിച്ചില്ല.
തുടര്‍ന്ന് ഭാര്യയെ തിരികെ കിട്ടാനായി എഡ്വിന് കോടതിയെ സമീപിച്ചു. ജനുവരിയില്‍ കേസ് വിളിക്കുമ്പോള്‍ ആരതിയെ ഹാജരാക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അന്ന് ആരതിയെ കാണാന്‍ സാധിക്കുമോ ഇല്ലയോ എന്ന കാത്തിരിപ്പിലായിരുന്നു എഡ്്വിന്‍. ഇടയ്ക്ക് ചെറിയൊരു ആശ്വാസമെന്നോണം ആരതിയുടെ ഫോണ്‍കോള്‍ എത്തി. എവിടെയാണെന്ന് അറിയാന്‍ സാധിച്ചില്ലെങ്കിലും ജീവനോടെയുണ്ടെന്നുള്ള അറിവ് സമാധാനം നല്കി. ആരതിയെ കാത്ത് ദിവസങ്ങളെണ്ണി കാത്തിരുന്ന എഡ്്വിന്റെ അടുത്തേക്ക് ഇന്നലെ എല്ലാ വിലക്കുകളും ഭേദിച്ച് ആരതി എത്തി.
സംഭവങ്ങളെക്കുറിച്ച് എഡ്വിന്റെ വാക്കുകള്‍ ഇങ്ങനെ…ഈ ഒരുമാസം അവളെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്റെ പേര് ചെയ്ത ടാറ്റു വരെ അവര്‍ ലേസര്‍ കൊണ്ട് നിര്‍ബന്ധിച്ച് മായ്ച്ചു. അകറ്റാനുള്ള ശ്രമങ്ങള്‍ പരമാവധി നടന്നു. ഏതായാലും ഇന്നലെ അവള് എങ്ങനെയോ താക്കോല്‍ കൈവശപ്പെടുത്തി, രക്ഷപെട്ട് ഓടിവന്നതാണ്. അധികം കാത്തുനില്‍ക്കാതെ അപ്പോള്‍ തന്നെ വിവാഹിതരായി. ഒരുമാസം മുമ്പ് വിവാഹത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നതാണ്. ഇനി കോടതി ചേരുമ്പോള്‍ ആരതിയെ ഞാന്‍ തന്നെ ഹാജരാക്കും.
തമിഴ്നാട്ടിലെ കോളജില്‍ പഠിക്കുന്ന സമയത്താണ് ആരതിയും എഡ്വിനും പ്രണയത്തിലാകുന്നത്. രണ്ടുവര്‍ഷത്തിന് ശേഷം ഈ നവംബര്‍ 16ന് പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. നാഗര്‍കോവിലിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ് ആരതി. ആരതിയുടെ വീട്ടുകാര്‍ക്ക് വിവാഹത്തോട് എതിര്‍പ്പായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം ഇരുവരും എഡ്വിന്റെ ഹരിപ്പാട്ടെ വീട്ടില്‍ എത്തി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവിടെനിന്ന് പോലീസിന്റെ സഹായത്തോടെ ആരതിയെ വീട്ടുകാര്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നു.
ആരതിയുടെ പേരിലൊരു കേസുണ്ടെന്നാണ് പൊലീസ് എഡ്വിനോട് പറഞ്ഞത്. മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കാം എന്ന ഉറപ്പിലാണ് ഹരിപ്പാട് പൊലീസ് ആരതിയെ വീട്ടുകാര്‍ക്കൊപ്പം നാഗര്‍കോവിലില്‍ എത്തിച്ചത്. എന്നാല്‍ അതിനുശേഷം ആരതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ വീട്ടുകാര്‍ നല്കിയ പ്രണയശിക്ഷയില് നീറി കഴിയുകയായിരുന്നു എഡ്വിന്. ഒടുവില്‍ ദൈവം കൂട്ടിനെത്തിയതോടെ വീട്ടുകാരുടെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടോടിയ ആരതി തന്റെ പ്രിയതമന്റെ സമക്ഷം എത്തിച്ചേര്‍ന്നതോടെ സംഭവങ്ങള്‍ക്ക് ശുഭാന്ത്യവും സംഭവിച്ചു.