പ്രസവത്തോടെ ഭാര്യയ്ക്ക ഓര്‍മ നഷ്ടമായി. എന്നിട്ടും ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചില്ല. ”നീ ആരാണെന്ന് എനിക്കറിയില്ല, പറയുന്നതൊന്നും എനിക്ക് ഓര്‍മ്മയില്ല പക്ഷേ ഒന്നറിയാം ഞാനിപ്പോള്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. നിന്റെ പ്രണയം തിരിച്ചറിയുന്നുണ്ട്”.
തമിഴ് ചിത്രം ദീപാവലിയുടെ ക്ലൈമാക്‌സില്‍ ഭാവനയുടെ കഥാപാത്രം നായകനോട് പറയുന്ന ഡയലോഗ് ആണിത്. ഇതേ ഡയലോഗ് സ്വന്തം ജീവിതത്തില്‍ കേട്ട ഒരു ഭര്‍ത്താവുണ്ട്. സ്റ്റീവ് കുട്ടോ എന്ന മുപ്പത്തിയെട്ടുകാരന്‍.
സ്വന്തം ജീവിതത്തില്‍ നിന്നാണ് മിഷിഗേല്‍ സ്വദേശിയായ സ്റ്റീവ് ബട്ട് ഐ നോ ഐ ലവ് യു എന്ന പുസ്തകം എഴുതുന്നത്. ഒരു രാത്രിയില്‍ ഭാര്യ ട്യാമറ സ്റ്റീവിന്റെ കൈപിടിച്ചുകൊണ്ട് ഇതേ വാചകം പറഞ്ഞു.
എനിക്കു നീ ആരാണെന്ന് ഇപ്പോഴും അറിയില്ല, പക്ഷേ എനിക്കു നിന്നെ ഇഷ്ടമാണ് ഈ വാചകമാണ് സ്റ്റീവ് കുട്ട്യേയെ എഴുത്തുകാരന്‍ ആക്കിയത്.
കുഞ്ഞ് അതിഥി എത്തുന്നതിന്റെ സന്തോഷത്തില്‍ ജീവിതം മുമ്പോട്ടു പോകുമ്പോഴാണ് സ്റ്റീവിന്റെയും ട്യാമറയുടെയും ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്നത്.
മുപ്പത്തിമൂന്നാമത്തെ ആഴ്ചവരെ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കടന്നുപോയത്. എന്നാല്‍ മുപ്പത്തിമൂന്നാഴ്ച പിന്നിട്ടതും ട്യാമറയ്ക് അതികഠിനമായ ശ്വാസതടസ്സം നേരിട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. മാസം തികയാതെ ജനിച്ചതിന്റെ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ കുഞ്ഞിന് മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
എന്നാല്‍ ട്യാമറയുടെ വിധി മറ്റൊന്നായിരുന്നു. ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ ക്യാമരയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ക്യാറ്റാസ്റ്റീമിക്സ് സ്ട്രോക് എന്നാ അവസ്ഥ നേരിട്ടു.
തലച്ചോറിലെ ദീര്‍ഘകാല ഓര്‍മ്മകളും ഹ്രസ്വകാല ഓര്‍മ്മകളും ട്യാമറയില്‍ നിന്ന് അകന്നുപോയി. ഏറെനാള്‍ കോമയില്‍ ആയിരുന്ന ട്യാമറ ഉണരുന്നത് ഇന്നലകള്‍ എന്തെന്നറിയാത്ത അവസ്ഥയിലേക്കാണ്.
താന്‍ ഗര്‍ഭിണിയായിരുന്നുവെന്നോ പ്രസവിച്ചുവെന്നോ ഒന്നും ഓര്‍മ്മയില്ല. എന്തിനേറെ പറയുന്നു സ്വയം മനസ്സിലാകാത്ത വിധം ഓര്‍മ്മകള്‍ ട്യാമറയില്‍ നിന്നും മാഞ്ഞുപോയി.
എന്നിട്ടും തന്റെ ഭാര്യയെ ഉപേക്ഷിക്കാതെ സ്റ്റീവ് ഭാര്യയെ ശുശ്രൂഷിച്ചു. കുഞ്ഞുമായി ഭാര്യയ്ക്ക് ആത്മബന്ധം ഉണ്ടാക്കിയെടുക്കണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഭര്‍ത്താവ് എല്ലാ ദിവസവും കുഞ്ഞിനെ ട്യാമറയുടെ അടുത്തെത്തിക്കും.
എന്നാല്‍ പലപ്പോഴും അത് തന്റെ കുഞ്ഞാണെന്ന് പോലും ട്യാമറ മറന്നു. മാസം തികയാതെ ജനിച്ച കുഞ്ഞിനെയും ഓര്‍മ്മകള്‍ നശിച്ച ഭാര്യയെയും ഒരുപോലെ സ്റ്റീവ് പരിചരിച്ചു.
തനിക്ക് ഒന്നുമറിയാത്ത രണ്ടു കുഞ്ഞുങ്ങളെ കിട്ടിയ അവസ്ഥയിലായിരുന്നു എന്നാണ് സ്റ്റീവ് കഴിഞ്ഞ കാലത്തെ കുറിച്ച് പറയുന്നത്. സാവധാനം ട്യാമറ തന്റെ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു.
ഓര്‍മ്മകള്‍ തിരികെ വന്നില്ലെങ്കിലും പുതിയ പല കാര്യങ്ങളും പഠിച്ചെടുക്കുന്നതിലൂടെ ജീവിതത്തിലേക്ക് അവള്‍ പിച്ചവെച്ചു. അങ്ങനെയുള്ള ദിവസമാണ് ഒരു ദിവസമാണ് ട്യാമറ സ്റ്റീവിന്റെ കൈപിടിച്ച് വൈകാരികമായ ആ വാചകം പറയുന്നത്.
ഇത് സ്റ്റീവിനെ ഇരുത്തി ചിന്തിപ്പിച്ചു. പോയ കാലത്തെ ഓര്‍മ്മകളിലേക്ക് ഭാര്യയെ കൈപിടിക്കാന്‍ തന്റെ ഓര്‍മ്മകളെ ഒരു ബുക്കില്‍ എഴുതാന്‍ തീരുമാനിച്ചു.
ട്യാമറയെ കണ്ടുമുട്ടിയതും ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങളും മകനെ വരവേല്‍ക്കാന്‍ കാത്തിരുന്ന നിമിഷങ്ങളും എല്ലാം സ്റ്റീവ് എഴുതി. ഒടുവില്‍ നാലാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്കുള്ള സമ്മാനമായി തന്റെ ആദ്യ ബുക്ക് നല്‍കി.
ബട്ട് ഐ നോ ഐ ലവ് യു. ഓര്‍മ്മകള്‍ മടങ്ങിയെത്തിയില്ലെങ്കിലും സ്റ്റീവിന്റെ എഴുത്തിലൂടെ ട്യാമറ മറന്നുപോയ ആ പഴയകാലം ഒരിക്കല്‍ കൂടി അറിഞ്ഞു.
ആ അവസ്ഥയിലും ഭാര്യയെയും മകനെയും ഉപേക്ഷിക്കാതെ കൂടെ നിന്നതിനു സ്റ്റീവിന് പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തു വന്നത്.