ഫെബ്രുവരി 14ന് വൈകിട്ട് തങ്ങളെ തേടിയെത്തിയ വാര്‍ത്ത ഗുലാം ഹസന് ദറിനെയും കുടുംബത്തെയും ഞെട്ടിക്കുന്നതായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയത് തന്റെ 19കാരനായ മകനായിരുന്നു എന്ന ആ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ആ വയോധികനായില്ല. ഒരു വര്‍ഷം മുമ്പ് പരീക്ഷയ്ക്കിടെ കാണാതായ മകന് ചാവേറായത് എങ്ങനെയെന്ന് നിരക്ഷരനായ ഈ പിതാവിനറിയില്ല.
മരിച്ചുവീണ ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പം വേദനയില്‍ പങ്കുചേരുന്നുവെന്നു പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുമെന്ന് അദ്ദേഹം സന്ദേഹപ്പെടുന്നു. പുല്‍വാമ ആക്രമണം വാസ്തവത്തില്‍ ഒരു വിളിച്ചുണര്‍ത്തലാണ്, അക്രമാത്മത എത്രത്തോളം ഭീകരമാകുന്നു എന്നാണ് അത് രാജ്യത്തെയും ഭരണാധികാരികളേയും ഓര്‍മ്മപ്പെടുത്തുന്നത്. ആവര്‍ത്തിക്കപ്പെടുന്ന ഭീകരത അടിച്ചമര്‍ത്താന്‍ കശ്മീര്‍ തന്നെ മുന്നോട്ട് വരണം. രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടത്തിലും വിശ്വാസമില്ലാത്ത ഒരു മനോനിലയിലേക്കാണ് കാഷ്മീര്‍ ജനത കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയവും അധികാരവും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി വഴിമാറപ്പെടുമ്പോള്‍ ജനങ്ങളുടെ ക്ഷേമവും താത്പര്യവുമാണ് വിസ്മരിക്കപ്പെടുന്നത്. ഈ സാഹചര്യത്തെ പരമാവധി ചൂഷണം ചെയ്യുകയാണ് പാകിസ്ഥാനും ഭീകരസംഘടനകളും. കാഷ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്ന വിഘടനവാദികള്‍ക്കു മുമ്പില്‍ യുവാക്കളോളം പോന്ന മറ്റൊരു ആയുധവുല്ല. കാഷ്മീരില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മാത്രം ഇരുനൂറ് യുവാക്കളാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതെന്നാണ് പൊലീസിന്റെ കണക്കുകള്‍ പറയുന്നത്.രാജ്യത്തിന്റെ ആത്മാഭിമാനത്തിനു മുറിവേല്പിച്ചുകൊണ്ടാണ് ലാത്തപോറയിലെ പുല്‍വാമയില്‍ 42 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടത്.
ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദര് താനൊരു ജെയ്ഷെ ഇ മുഹമ്മദ് അംഗമാണെന്നു പറയുന്ന വീഡിയോ ആക്രമണത്തിന് പിന്നാലെ പുറത്തു വന്നിരുന്നു. നമ്മെ ഏറെ ഞെട്ടിക്കുന്ന വസ്തുത ഈ കാശ്മീരുകാരന്‍ കേവലം 19 വയസ്സുകാരനായിരുന്നു എന്നതാണ്. വ്യാഴ്ചയിലെ വൈകുന്നേരം അസ്തമിക്കുന്നതിനു മുന്‍പേ ഇന്ത്യയെ ഇരുട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആ കൗമാരക്കാരന് കൊടുംക്രൂരതകാട്ടിയത്. മുമ്പ് കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും നടന്ന വിഘടനവാദികളുടെ പ്രതിഷേധമാര്‍ച്ചുകളില്‍ സജീവമായിരുന്നു ആദില്‍.വിഘടനവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ പോലും കാഷ്മീര്‍ ഇന്ത്യയില്‍ നിന്നും ഭീകരര്‍ കുറവായിരുന്നു.
എന്നാല്‍ ഇന്ന് ജീവന് ത്യജിക്കാന്‍ സന്നദ്ധരായി യുവാക്കള്‍ കാഷ്മീര്‍ താഴ്വരയില് നിന്നു മുന്നിട്ടു വരുമ്പോള്‍ നാം കാഷ്മീരില്‍ സ്വീകരിച്ച നടപടികള്‍ ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നു തന്നെ പറയേണ്ടി വരും. സ്വപ്നങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത അരാജകത്വത്തില്‍ വളര്‍ന്നു വരുന്ന യുവാക്കളുടെ മസ്തിഷ്കത്തില്‍ ഭീകരവാദത്തിന്റെ വിത്തുമുളപ്പിക്കാന്‍ ഭീകരസംഘടകള്‍ക്ക് ഏറെ പണിപ്പെടേണ്ടി വരുന്നില്ലയെന്നതാണ് യാഥാര്‍ഥ്യം. 2016ല്‍ ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷമാണ് ഭീകരാക്രമണങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലും പോലീസ്കാരന്റെ മകനായ ഫര്‍ദീന്‍ അഹമ്മദ് സിആര്‍പി എഫ് ക്യാമ്പിന് സമീപം ചാവേറാക്രമണം നടത്തിയിരുന്നു .
കേവലം പതിനാറു വയസ്സായിരുന്നു ഫര്‍ദീന്‍.സേനക്കെതിരെ തെരുവില്‍ കല്ലുമായി ഇറങ്ങുന്നതില്‍ നല്ല പങ്കും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്.തങ്ങളുടെ സ്വാതന്ത്ര്യത്തിനു ഹാനികരമാണ് സേനകളെന്ന തെറ്റിയ ധാരണ അവര്‍ക്കിടയില്‍ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പ്രദേശം എന്നതില്‍ നിന്ന് ഭീകരവാദത്തിന്റെ തലസ്ഥാനം എന്ന നിലയിലേക്കുള്ള പതനത്തിന്റെ ആണിക്കല്ല് വിഭജനം ആണെന്ന് നിസംശയം പറയേണ്ടിയിരിക്കുന്നു. ഭൂമിയിലെ സ്വര്‍ഗമെന്ന് പാശ്ചാത്യര്‍ വരെ വിശേഷിപ്പിച്ചിരുന്ന കാഷ്മീരിനെ വിട്ട് മറ്റ് സ്വര്‍ഗങ്ങള്‍ തേടിപ്പോകാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതും ഈ അരക്ഷിതാവസ്ഥ തന്നെയാവണം.