അജിത് ജി നായര്
പ്രണയിക്കുന്നവര്ക്കും പ്രണയിക്കപ്പെടുന്നവര്ക്കും പ്രണയിക്കാനാഗ്രഹിക്കുന്നവര്ക്കുമൊക്കെ വേണ്ടി ഒരു ദിനം. അതാണ് വാലന്റൈന്സ് ഡേ. എല്ലാവര്ഷവും ഫെബ്രുവരി 14നാണ് ലോകമെങ്ങും വാലന്റൈന്സ് ഡേ ആഘോഷിക്കുന്നത്.
ഈ ദിവസം ലോകാമെമ്പാടുമുള്ള കമിതാക്കള് തങ്ങളുടെ പ്രണയേതാവിന് പ്രിയപ്പെട്ട സമ്മാനങ്ങള് നല്കുന്നു. ചിലരാകട്ടെ തങ്ങളുടെ പ്രേമഭാജനത്തോടു വിവാഹാഭ്യര്ഥന നടത്താനുള്ള അവസരമായും പ്രണയദിനത്തെ കരുതുന്നു.
സമീപകാലത്ത് പൊട്ടിമുളച്ച ഒരു ആഘോഷമായി ചിലരെങ്കിലും വാലന്റൈന്സ് ദിനത്തെ കരുതുന്നുണ്ട്. എന്നാല് ആ ധാരണ തികച്ചും തെറ്റാണെന്ന് വിളിച്ചോതുന്നതാണ് വാലന്റൈന്സ് ഡേയുടെ ചരിത്രം.
വാലന്റൈന്സ് ദിനത്തിന്റെ ചരിത്രമായി വ്യാഖ്യാനിക്കപ്പെടുന്ന നിരവധി കഥകള് പ്രചാരത്തിലുണ്ട്.
സെന്റ് വാലന്റൈന് എന്ന ക്രിസ്ത്യന് പുരോഹിതന്റെ പേരില് നിന്നുമാണ് വാലന്റൈന്സ് ഡേ പിറവിയെടുത്തത് എന്നതാണ് പ്രബലമായ ഒരു വിശ്വാസം.
ദുരന്തപര്യവസായിയായ ഒരു കഥയും ഇതിനു പിന്നിലുണ്ട്, ക്ലോഡിയസ് ചക്രവര്ത്തിയുടെ ഭരണകാലത്ത് റോമില് വാലന്ന്റൈന് എന്ന ആളായിരുന്നു കത്തോലിക്കാ സഭയുടെ അധികാരി.
വിവാഹം കഴിഞ്ഞാല് പുരുഷന്മാര്ക്ക് യുദ്ധത്തിലുള്ള താല്പര്യം നഷ്ടപ്പെടുന്നുവെന്ന ചിന്തയാല് സ്വതവെ യുദ്ധക്കൊതിയനായ ക്ലോഡിയസ് റോമില് വിവാഹം നിരോധിക്കുകയായിരുന്നു.
അവിവാഹിതരായ പുരുഷന്മാരാണ് മികച്ചവരും കൂടുതല് അര്പ്പണബോധമുള്ളവരുമായ സൈനികരെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ക്ലോഡിയസിന്റെ ഈ നയത്തില് സൈനികര് ആകെ അസ്വസ്ഥരായി, എന്നാല് ഇക്കാര്യം മനസ്സിലാക്കിയ വാലന്റൈന്
പരസ്പരം സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനായി രഹസ്യമായി വിവാഹങ്ങള് നടത്തിവന്നു.
ഈ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്ത്തി തല്ക്ഷണം വാലന്ന്റൈനെ ജയിലില് അടച്ചു. അവിടെവച്ച് ജയിലറുടെ അന്ധയായ മകളുമായി വാലന്ന്റൈന് പ്രണയത്തിലായി.
വാലന്റൈന്റെ പരിശുദ്ധ പ്രണയത്തില് ആ പെണ്കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു. ഇവരുടെ പ്രണയ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്ത്തി വാലന്റൈന്റെ തലവെട്ടാന് ആജ്ഞാപിച്ചു.
മരിക്കുന്നതിനുമുന്പ് വാലന്റൈന് ആ പെണ്കുട്ടിക്ക് ‘ഫ്രം യുവര് വാലന്ന്റൈന്'(എന്ന് നിങ്ങളുടെ വാലന്റൈന്) എന്ന് ഒരു കുറിപ്പ് എഴുതിവച്ചു. എഡി 270 ഫെബ്രുവരി പകുതിയോടെ അന്തരിച്ച വാലന്റൈന്റെ മരണ വാര്ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം. ഈ സംഭവം നടന്ന് 200 വര്ഷങ്ങള്ക്ക് ശേഷമാണ് ഫെബ്രുവരി 14 സെന്റ് വാലന്റൈന്സ് ദിനമായി പ്രഖ്യാപിച്ചത്.
വാലന്റൈന്സ് ദിനത്തെക്കുറിച്ച് വേറെയും ഐതിഹ്യങ്ങളുണ്ട്. റോമാക്കാരുടെ പുരാതന ആഘോഷമായ ലൂപ്പര് കാലിയയുമായി ബന്ധപ്പെട്ടതാണ് ഇതിലൊന്ന്…റോമാക്കാര് ഫെബ്രുവരി 13 മുതല് 15 വരെ ലൂപ്പര്കാലിയയുടെ പെരുന്നാള് ആഘോഷിക്കാറുണ്ടായിരുന്നു.
ഈ ആഘോഷവേളയില് പങ്കെടുക്കുന്ന സ്ത്രീകളുടെ പേരുകള് എഴുതി പുരുഷന്മാര് നറുക്കെടുക്കുകയും ഓരോരുത്തരും തനിക്ക് ലഭിച്ച സ്ത്രീകളെ കണ്ടെത്തി അവരോട് സ്നേഹ പ്രകടനങ്ങള് നടത്താറുണ്ടായിരുന്നെന്നും പറയപ്പെടുന്നു.
ആഘോഷത്തിന്റെ ഭാഗമായി ചെയ്യുന്ന ഈ രീതി പ്രണയത്തിലേക്കും ചിലപ്പോള് വിവാഹത്തിലേക്കും നയിച്ചു. ഇതിന്റെ ഓര്മയ്ക്കായാണ് എല്ലാ വര്ഷവും ഫെബ്രുവരി 14 ന് പ്രണയദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം.
മധ്യകാലഘട്ടത്തിലെ ഏറ്റവും ശക്തമായ കൃതികളിലൊന്നായ ദി കാന്റര്ബറി ടെയ്ല്സിന്റെ രചയിതാവായ ജെഫ്രി ചോസര് ആണ് സെയിന്റ് വാലന്റൈനെ പ്രണയവുമായി ആദ്യമായി ബന്ധിപ്പിച്ചത്. ചോസറിന്റെ പാര്ലമെന്റ് ഫൗള്സ് എന്ന കവിതയിലാണ് പ്രണയവുമായി ചേര്ത്ത് ‘സെയിന്റ് വാലന്റൈന്സ് ഡേ’ എന്ന വര്ണനയുള്ളത്
സാധാരണയായി രഹസ്യമായി സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന രീതി മാറി പരസ്യമായി തന്നെ പ്രണയം പങ്കിടുന്ന രീതിയുടെ തുടക്കമായിരുന്നു ഇത്.
പിന്നീട് ഈ ആചാരം യൂറോപ്പിലുടനീളം വ്യാപിക്കുകയും പ്രണയ സന്ദേശങ്ങള് അയയ്ക്കുന്ന പഴയ രീതി പരിണമിച്ച് ഇന്നീ കാണുന്ന രീതികളിലെത്തുകയുമായിരുന്നു.
വാലന്റൈന്സ് ഡേയ്ക്കു തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങള് യഥാക്രമം റോസ് ഡേ(ഫെബ്രുവരി 7), പ്രൊപ്പോസ് ഡേ(ഫെബ്രുവരി 8), ചോക്ലേറ്റ് ഡേ(ഫെബ്രുവരി 9), ടെഡി ഡേ(ഫെബ്രുവരി 10), പ്രോമിസ് ഡേ(ഫെബ്രുവരി 11), ഹഗ് ഡേ(ഫെബ്രുവരി 12), കിസ് ഡേ(ഫെബ്രുവരി 13) എന്നിങ്ങനെ പേരു സൂചിപ്പിക്കും പോലെ ആഘോഷിക്കപ്പെടുന്നു.
മനസ്സുകളില് പ്രണയം മരിക്കാത്ത കാലത്തോളം ലോകം വാലന്റൈന്സ് ഡേ ആഘോഷിക്കുമെന്ന് തീര്ച്ചയാണ്. പ്രണയമില്ലാത്ത ജീവിതം പൂക്കളും പഴങ്ങളുമില്ലാത്ത മരങ്ങള്ക്ക് തുല്യമാണെന്ന് പണ്ട് ഖലീല് ജിബ്രാന് പറഞ്ഞത് എത്ര സത്യം.