ആലുവ: അമ്മയോടും കുട്ടിയോടും അപമര്യാദയായി പെരുമാറിയതിനും ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോകാത്തതിനും മാർക്കറ്റിന് മുന്നിലെ നാല് ഓട്ടോ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് 20 ദിവസത്തേക്ക് റദ്ദാക്കി.
ഓട്ടോ സ്റ്റാൻഡിലെ കെഎൽ/41/6683 വാഹനത്തിന്റെ ഡ്രൈവറായ പി.എം. ഷമീർ, കെഎൽ/07/ബിടി/8035 ഓട്ടോറിക്ഷയുടെ ഡ്രൈവറായ പി.എം. ഷാജഹാൻ, കെഎൽ/07/ബി എം/ 2652 ഓട്ടോറിക്ഷയുടെ ഡ്രൈവർ പി.എം. സലീം, കെഎൽ/41/ജെ/3019 വാഹന ഡ്രൈവർ എം.കെ. നിഷാദ് എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസം 30ന് രാത്രി എട്ടിനാണ് സംഭവം. കുട്ടിയെയും നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയെയും മറ്റ് ഓട്ടോ ഡ്രൈവർമാർ കൂടിച്ചേർന്ന് പരസ്യമായി ആക്ഷേപിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിഷയത്തിൽ ആലുവ ജോയിന്റ് ആർടിഒ ബി. ഷെഫീക്ക് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഡ്രൈവർമാരെ വിളിച്ചുവരുത്തി തെളിവെടുത്ത ശേഷമാണ് നടപടിയെടുത്തതെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.
മാർത്താണ്ഡവർമ പാലത്തിൽ തുടർച്ചയായി ഗതാഗതക്കുരുക്കുണ്ടാകുന്നെന്ന പേരിൽ തോട്ടക്കാട്ടുകരയിലേക്ക് യാത്ര പോകാൻ മെട്രോ, മാർക്കറ്റ് മേഖലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ തയാറാകുന്നില്ലെന്ന് ഏറെ നാളായ പരാതിയാണ്.
പരാതി പറഞ്ഞാൽ സഹഡ്രൈവർമാർ കൂട്ടംകൂടിയെത്തി യാത്രക്കാരെ അപമാനിക്കുന്നതും പതിവാണ്. അമ്മയേയും കുട്ടിയേയും അപമാനിച്ചതിന് പോലീസ് ഇതുവരെയും കേസെടുക്കാൻ തയാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.