ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെയാണ് നരേന്ദ്രമോദി ടെല്‍അവീവിലെ ബെന്‍ഗുവാരിന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. മാര്പാപ്പയെയും അമേരിക്കന്‍ പ്രസിഡന്റിനെയും മാത്രമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ സ്വീകരിച്ചിട്ടുള്ളത്. തന്ത്രത്തിന്റെ കാര്യത്തില്‍ മറ്റൊരാള്‍ക്കും പിന്നിലല്ലാത്ത നരേന്ദ്രമോദി ആ ബുദ്ധി വൈഭവം ഇസ്രയേലിലും പ്രകടമാക്കി. വിമാനമിറങ്ങിയ മോദിയുടെ ഇസ്രയേലി ജനതയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ ആദ്യം പരാമര്‍ശിച്ചത് യോനാഥന്‍ നെതന്യാഹുവിന്റെ പേരായിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മൂത്ത സഹോദരനായിരുന്നു എന്നതല്ല യോനാഥനെ ഇസ്രയേലി ജനത നെഞ്ചേറ്റാന്‍ കാരണമെന്ന് മോദിയ്ക്കു നന്നായറിയാമായിരുന്നു.
” ഇന്ന് ജൂലൈ നാല് ഇന്നേക്ക് 41 വര്‍ഷം മുമ്പായിരുന്നു ഓപ്പറേഷന് എന്റബേ, അന്നേ ദിവസമാണ് നിങ്ങളുടെ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ബിബി(ബെഞ്ചമിന്‍ നെതന്യാഹു)യ്ക്ക് അനേകം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ അദ്ദേഹത്തിന്റെ മൂത്ത സഹോരന് യോനാഥനെ നഷ്ടമാകുന്നത്.നിങ്ങളുടെ ഹീറോകള്‍ നിങ്ങളുടെ യുവതലമുറയ്ക്ക് പ്രചോദനമാവും.” ഇങ്ങനെയായിരുന്നു മോദിയുടെ വാക്കുകള്‍.മോദി പറഞ്ഞതോ അതിലധികമോ ആയിരുന്നു യോനാഥന്‍ നെതന്യാഹു എന്ന പട്ടാളക്കാരന് ഇസ്രയേലി ജനതയുടെ ഹൃദയത്തിലുള്ള സ്ഥാനം. തന്റെ ജീവന് ബലികഴിച്ച് അനേകം ഇസ്രയേലി ബന്ദികളുടെ ജീവന് രക്ഷിച്ച യോനാഥനെ എങ്ങനെ ഇസ്രയേലുകാര്‍ മറക്കും.
ഓപ്പറേഷന് എന്റബേ ഇസ്രയേലി ചാരസംഘടനായ മൊസാദിന്റെ ഏറ്റവും ചടുലമായ ദൗത്യങ്ങളിലൊന്നായിരുന്നു.അതിനു ചുക്കാന്‍ പിടിച്ചതാവട്ടെ ലെഫ്.കേണല്‍ യോനാഥന്‍ നെതന്യാഹുവും. 1976 ജൂണ്‍ 27നാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ഫ്രാന്‍സ് വിമാനം പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന് എന്ന സംഘടനയില്‍പ്പെട്ട ഭീകരരും ജര്‍മനിയില്‍ നിന്നുള്ള ഭീകരരും ചേര്‍ന്ന് റാഞ്ചി. വിമാനത്തില്‍ 248 യാത്രക്കാര്‍. പാരീസിലെത്തേണ്ട വിമാനം ഭീകരരുടെ സമ്മര്‍ദഫലമായി ആതന്‍സ് വഴി തിരിച്ചുവിട്ട് ലബിയയിലെ ബെംഗാസി വിമാനത്താവളത്തില്‍ ഇറക്കി. അവിടെ നിന്നും നേരെ ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിലേക്ക്.
അന്ന് ഉഗാണ്ട ഭരിച്ചിരുന്നത് ഏകാധിപത്യത്തിനും ക്രൂരതയ്ക്കും പേരുകേട്ട ഇദി അമീനായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഇദി അമീന് റാഞ്ചിയവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ലോകം ആശങ്കയിലായി. ജൂതന്മാരും ഇസ്രായേലുകാരുമൊഴികെയുള്ള യാത്രക്കാരെയെല്ലാം ഭീകരര്‍ രണ്ടു ദിവസത്തിനുള്ളില്‍ മോചിപ്പിച്ചു. അവശേഷിച്ചത് 94യാത്രക്കാരും 12 വിമാനജീവനക്കാരും ഉള്‍പ്പെടെ 106 പേര്. റാഞ്ചികള്‍ക്കു പിന്തുണയുമായി ഇദി അമീന്റെ സൈന്യം കൂടി വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. ഇദി അമീനുമായി ചര്‍ച്ച നടത്താന്‍ ഇസ്രായേല്‍ ശ്രമിച്ചെങ്കിലും തീവ്രവാദികള്‍ക്കു പിന്തുണ നല്കുന്ന നടപടികളില്‍ നിന്നും അമീന് പിന്മാറിയില്ല.
ഒടുവില്‍ മൊസാദ് രക്ഷയ്ക്കെത്തി. മൊസാദിന്റെ പദ്ധതിപ്രകാരം ഇസ്രയേലി സൈന്യം നാലു ഹെര്‍ക്കുലീസ് ഹെലിക്കോപ്റ്ററില്‍ എന്റബെ ലക്ഷ്യമാക്കി തിരിച്ചു. സിനായി മരുഭൂമിയിലെ ഷാറം എല്‍ ഷെയ്ഖില്‍ ഈ സംഘം ലാന്‍ഡ് ചെയ്തു. അവിടെനിന്നും കമാന്‍ഡര്‍ യോനാഥന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ മൂന്നു വിമാനത്തില്‍ 29പേര് എന്റബേ വിമാനത്താവളം ലക്ഷ്യമാക്കിപ്പറന്നു. ജൂലൈ നാലിന് രാത്രിയില്‍ ആദ്യ വിമാനം എന്റബെ വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഉഗാണ്ടന്‍ സൈന്യത്തെ വിമാനത്തിന്റെ പരിസരത്തു നിന്നും അകറ്റാന്‍ യോനാഥനും കുറച്ചുപേരും മെഴ്സിഡസ്, ലാന്‍ഡ്റോവര്‍ കാറിലായി ഇവരുടെ ശ്രദ്ധയാര്‍ഷിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി.
ഉടന്‍തന്നെ ഉഗാണ്ടന്‍ സൈന്യത്തിനു കാര്യം മനസിലായെങ്കിലും പ്രയോജനമുണ്ടായില്ല. തീവ്രവാദികളെയും ഉഗാണ്ടന്‍സേനയെയും ഇസ്രയേലി സേന ക്ഷണനേരത്തിനുള്ളില്‍ ചുട്ടെരിച്ചു. ഏറ്റുമുട്ടലില്‍ മൂന്നു യാത്രികര്‍ മരണമടഞ്ഞു. ബാക്കിയുള്ളവരെ മോചിപ്പിക്കുകയും ചെയ്തു. സൈന്യത്തെ മുമ്പില്‍ നിന്നു നയിക്കുകയും യാത്രക്കാരെ മോചിപ്പിക്കുകയും ചെയ്തെങ്കിലും യോനി എന്നു സുഹൃത്തുക്കള്‍ വിളിക്കുന്ന യോനാഥന്‍ നെതന്യാഹുവിന് അവരോടൊപ്പം സന്തോഷം പങ്കുവയ്ക്കാനുള്ള ഭാഗ്യമുണ്ടായില്ല. നെഞ്ചത്ത് വെടിയേറ്റ് യുദ്ധങ്ങളില്ലാത്ത ലോകത്തേക്കു പോകുമ്പോള്‍ പ്രായം വെറും 30വയസുമാത്രം.
സംഭവം നടന്നിട്ട് നാലു ദശാബ്ദം പിന്നിട്ടെങ്കിലും യോനാഥന്‍ ഇന്നും ഇസ്രയേലി ജനതയ്ക്ക് ജ്വലിക്കുന്ന നക്ഷത്രമാണ്. കേണല്‍ നെല്‍സനെ ബ്രിട്ടീഷുകാര്‍ നല്കുന്ന ആദരവിന്റെ പതിന്മടങ്ങാണ് യോനാഥന്‍ ഇസ്രയേലി ജനതയുടെ മനസിലുള്ള സ്ഥാനം. യോനാഥന്റെ അനുജന് എന്ന അനുകൂല സാഹചര്യം മുതലാക്കിയാണ് ബെഞ്ചമിന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും ചിലര്‍ പറയാറുണ്ട്. ഇസ്രയേലി ജനതയുടെ വീരനായകരില്‍ ഒന്നാം സ്ഥാനമാണ് യോനാഥന്‍ എന്ന് നിസംശ്ശയം പറയാം.