കോഴിക്കോട്: കൊലപാതകം ആസൂത്രണം ചെയ്തവർ ശിക്ഷിക്കപ്പെട്ടാലേ ടി.പി. ചന്ദ്രശേഖരന് നീതി ലഭിക്കൂ എന്ന് ടി.പിയുടെ വിധവ കെ.കെ. രമ എംഎൽഎ.
പി. ജയരാജൻ, പിണറായി വിജയൻ, എളമരം കരീം എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. കൊല്ലപ്പെട്ടതിനുശേഷവും ടി.പിയെ കുലംകുത്തിയെന്ന് പിണറായി വിളിച്ചത് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയം ശരിവയ്ക്കുന്നതാണെന്നും ആർഎംപി നേതാവു കൂടിയായ കെ.കെ. രമ പറഞ്ഞു.
ഭർത്താവിന്റെ കൊലപാതകം, പിന്നീടുള്ള പോരാട്ടങ്ങൾ, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ എന്നിവയെക്കുറിച്ച് സ്വകാര്യ മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെ.കെ രമ.
ടി.പിയുടെ കൊലപാതകം കേരള സമൂഹത്തിന്റെ പൊതുബോധത്തെ ഞെട്ടിച്ചു. അന്വേഷണത്തിൽ പല തലങ്ങളിലും വീഴ്ചയുണ്ടായിട്ടുണ്ട്. പക്ഷേ, ചിലരെങ്കിലും ശിക്ഷിക്കപ്പെട്ടത് യുഡിഎഫ് അധികാരത്തിലിരുന്നതുകൊണ്ടാണ്.
കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് തെളിഞ്ഞിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലിരുന്നതുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്.
തെരഞ്ഞെടുപ്പിൽ ജനങ്ങൾ സിപിഎമ്മിന് തക്ക മറുപടി നൽകിയപ്പോൾ ഒരു പരിധി വരെ നീതി ലഭിച്ചു. എന്നാൽ കൊലപാതകം ആസൂത്രണം ചെയ്തവർ ശിക്ഷിക്കപ്പെട്ടാലേ ടി.പിക്ക് നീതി ലഭിക്കൂ എന്നും കെ.കെ. രമ പറഞ്ഞു.
മകൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴായിരുന്നു കൊലപാതകം. അവന്റെ മനസ് നിറയെ പ്രതികാരമായിരുന്നു, അതായിരുന്നു എന്റെ ഏറ്റവും വലിയ ആശങ്ക.
അവന് പ്രതികാരം ചെയ്യണമായിരുന്നു. ആ ചിന്താഗതിയിൽനിന്ന് അവനെ തിരിച്ചു കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു. എന്നാൽ യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല എന്ന വേദന അവനുമുണ്ട്… രമ പറയുന്നു.