സ്വന്തം ലേഖകൻ
തൃശൂർ: വാദ്യമേളഘോഷങ്ങളും പുരുഷാരവുമായി തൃശൂർ പൂരം പുനരവതരിച്ച വേദിയിൽ മമ്മൂട്ടി പറഞ്ഞു: ഈ പൂരം ലോകം മുഴുവൻ നിറയട്ടെ. ശബ്ദവിസ്മയങ്ങളുടെ മാന്ത്രികനായ റസൂൽ പൂക്കുട്ടി 64 ട്രാക്കിൽ റിക്കാർഡ് ചെയ്ത് അഭിനയിച്ച ’ദ സൗണ്ട് സ്റ്റോറി’ സിനിമയുടെ ടീസറും ഗാനങ്ങളുടെ ഓഡിയോയും പ്രകാശനം ചെയ്യുകയായിരുന്നു മമ്മൂട്ടി. വേദിയിലെ ബിഗ് സ്ക്രീനിൽ സിനിമയുടെ ഗാനരംഗങ്ങളും ടീസറും പ്രദർശിപ്പിച്ചപ്പോൾ പൂരം ശബ്ദഘോഷ പ്രൗഡിയോടെത്തന്നെ സദസിനു മുന്നിലെത്തി.
ശബ്ദസംവിധാനങ്ങളിലൂടെ അന്ധർക്കുപോലും പൂരം അനുഭവവേദ്യമാക്കുകയെന്ന സ്വപ്നമാണ് ഈ സിനിമയിലൂടെ സാക്ഷാത്കരിച്ചതെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. തിരുവന്പാടി കണ്വൻഷൻ സെന്ററിലെ പ്രൗഡമായ സദസിനു മുന്നിൽ സംവിധായകൻ സത്യൻ അന്തിക്കാട് പ്രകാശിമായ ഓഡിയോയുടെ സിഡി മമ്മൂട്ടിയിൽനിന്ന് ഏറ്റുവാങ്ങി.
റസൂലിന്റെ സുഹൃത്തുക്കളായ ബോളിവുഡിലെ സംവിധായകരും നിർമാതാക്കളും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
ഒരേസമയം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. പാംസ്റ്റോണ്‍ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനയ്ക്കൽ നിർമിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത് പ്രസാദ് പ്രഭാകറാണ്. ഓഡിയോ സിഡികളുടെ വിതരണ ചുമതല സോണി കന്പനിക്കാണ്.
ഹിന്ദി ചലച്ചിത്ര സംവിധായകൻ മധുർ ഭണ്ഡാർക്കർ, നടി ജലജ, സംഗീത സംവിധായകൻ രാഹുൽരാജ്, ഗാനരചന നിർവഹിച്ച ഫൗസിയ അബുബക്കർ, പെരുവനം സതീശൻ മാരാർ, സോഹൻ റോയ്, മേജർ രവി, ജോ രാജ, സുനിൽ സുഗത, ജയരാജ് വാര്യർ, ഗായത്രി സുരേഷ്, പേളി മാണി തുടങ്ങിയവർ പങ്കെടുത്തു.