ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന ഒരു യുവാവിനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
തിരുവനന്തപുരത്ത് വെച്ച് നടന്ന സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹപാര്‍ട്ടിയ്ക്കിടെയായിരുന്നു സംഭവം.
കല്ല്യാണം മുടക്കുന്നുവെന്നാരോപിച്ച് ബന്ധുവായ യുവാവിനെയാണ് മര്‍ദ്ദിച്ചത്. സ്വപ്നയ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായും ദൃശ്യങ്ങളില്‍ കാണാം. വധുവിന്റെ വല്യച്ചന്റെ മകനായിരുന്നു ആ യുവാവ്.
സ്വപ്‌നയുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയ യുവാവ് കൊച്ചച്ഛന്റെ മകളെ ഇവരുടെ ഇളയ സഹോദരനു കല്യാണം കഴിച്ചു കൊടുത്തതിനെ എതിര്‍ത്തതാണ് സ്വപ്നയെ ചൊടിപ്പിച്ചത്.
യുവാവ് തന്നെയാണ് ഇപ്പോള്‍ ഈ സംഭവം വെളിപ്പെടുത്തുന്നത്. ഈ വിവാഹം ഉറപ്പിച്ചപ്പോള്‍ ദുബായിലുള്ള സുഹൃത്തു വിളിച്ച് സ്വപ്‌നയുടെ കുടുംബവുമായി ബന്ധം വേണ്ടെന്ന് ഉപദേശിച്ചെന്നും ഇതില്‍ കാര്യമുണ്ടെന്ന് അറിഞ്ഞതോടെ വിവരം കൊച്ചച്ഛനെ അറിയിച്ചെന്നും ഇതാണ് കല്യാണ സ്ഥലത്ത് സ്വപ്‌ന തന്നെ തല്ലാന്‍ കാരണമെന്നും യുവാവ് പറയുന്നു.
കല്യാണത്തിന് എത്തിയപ്പോള്‍ കല്യാണം മുടക്കുന്നതിനെ കുറിച്ച് ചോദിച്ച് മുറിയില്‍ പൂട്ടിയിട്ടു. പിന്നെ ചോദ്യം ചെയ്യലും മര്‍ദ്ദനവും. ഇംഗ്ലീഷില്‍ വലിയ തെറിയാണ് വിളിച്ചത്. സരിത്തും ബോഡി ഗാര്‍ഡും പിടിച്ചു വച്ചു കൊടുത്തു. സ്വപ്ന മര്‍ദ്ദിച്ചു.
പോലീസിനെ ഫോണില്‍ വിളിച്ചു പറഞ്ഞാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടത്. പോലീസ് എത്തിയെന്നും മനസ്സിലാക്കി. ഹോട്ടല്‍ മാനേജ്മെന്റിനോടും പരാതി കൊടുത്തു. ഇതിന് ശേഷം ഒരാള്‍ വിളിച്ച് കേസുമായി മുമ്പോട്ട് പോകരുതെന്ന് ഭീഷണി പെടുത്തി.
കേസു കൊടുത്താല്‍ ബലാല്‍സംഗക്കേസില്‍ കുടുക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. വിവാഹത്തിന്റെ ആദ്യാവസാനം ശിവശങ്കര്‍ ഐ എ എസ് ഉണ്ടായിരുന്നുവെന്നും ഈ യുവാവ് പറയുന്നു.
2019 ഡിസംബര്‍ ഏഴിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ സമയത്ത് സ്വപ്‌ന യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു.
സ്വപ്‌നയുടെ മര്‍ദ്ദനത്തിനിരയായ നവ്‌ജ്യോത് എന്ന യുവാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാതെ പ്രശ്‌നം ഒത്തു തീര്‍പ്പിലെത്തിക്കുകയായിരുന്നു.
അതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനായി എന്‍.ഐ.എ തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വപ്ന ഒളിവില്‍ കഴിയാനിടയുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ ചില റിസോര്‍ട്ടുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിട്ടുള്ളത്. മങ്കയം ഇക്കോ ടൂറിസം മേഖലയിലും തിരച്ചില്‍ നടത്തിയിരുന്നു.
സ്വപ്നയുടെ കാര്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും തമിഴ്നാട്ടിലേക്കും പോകുന്ന റോഡുകളിലൂടെ സഞ്ചരിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നു.
ഒളിവിലുള്ള മറ്റൊരു പ്രതി സന്ദീപ് നായര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇരു പ്രതികളും എത്തിച്ചേരാനിടയുള്ള സ്ഥലങ്ങളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
ഇതിനിടയ്ക്ക് മൂന്നാറില്‍ പര്‍ദ്ദയണിഞ്ഞ് സ്വപ്നയെ കണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്ന് പോലീസ് ഈ മേഖലയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസ് എന്‍.ഐ.എ. ഏറ്റെടുത്തതിനാല്‍ ചൊവ്വാഴ്ച ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പ് ഇവര്‍ കീഴടങ്ങിയേക്കുമെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരുതുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ സ്വപ്‌ന പുറത്തുവിട്ട ശബ്ദ സന്ദേശം സംസ്ഥാന സര്‍ക്കാരിനെ വെള്ളപൂശാനാണെന്ന വിലയിരുത്തലുമുണ്ട്.