മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റാണ് ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായെത്തിയ ജോസഫ്. ആ ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പേരുമുണ്ട്. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയയുടെ പേര് എങ്ങനെ അവിടെ വന്നെന്ന് ജോസഫിന്റെ വിജയാഘോഷവേളയില്‍ പിഷാരടി കാണികളോടു തുറന്നു പറഞ്ഞു.
പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ…’പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വയ്ക്കുന്ന രണ്ടു സ്ഥലങ്ങള്‍. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. ‘മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല’ എന്നൊക്കെ പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിക്കും. ജോസഫ് എന്ന സിനിമ നടക്കുന്ന സമയത്ത് പ്രിയ ഗര്‍ഭിണിയാണ്. ‘അധികം ടെന്‍ഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം’ എന്നൊക്കെ ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ട് തുടങ്ങുന്നത്.
രാത്രി 11 മണി ആവുമ്പോള്‍ ജോജു വിളിക്കും, എന്നിട്ടു പറയും- വെട്ടിതുണ്ടമാക്കി ചീഞ്ഞളിഞ്ഞു കിടക്കുന്ന ജഡം കാണുന്ന ഒരു രംഗമുണ്ട്. അതെങ്ങനെയിരിക്കും എന്നൊക്കെ. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ വിളിച്ച് കാര്യം പറഞ്ഞു. രാത്രി 12 മണിക്ക് പ്രിയയെ വിളിച്ച് ഓരോ കാര്യങ്ങള്‍ പറഞ്ഞിട്ട് പ്രിയ ഇവിടെ ഉറക്കമില്ലാതെ ഇരിക്കുകയാണെന്ന്. സത്യത്തില്‍ ജോസഫ് എന്ന സിനിമയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത് പ്രിയയാണ്. അതുകൊണ്ടാണ്, പ്രിയയുടെ പേര് താങ്ക്‌സ് കാര്‍ഡില്‍ വച്ചിരിക്കുന്നത്.’
ജോസഫിന്റെ വിജയത്തിന്റെ സന്തോഷം പങ്കു വയ്ക്കുന്ന ഫലകം പ്രിയക്കു വേണ്ടി കുഞ്ചാക്കോ ബോബന്‍ ഏറ്റു വാങ്ങി. അതോടൊപ്പം, ജോജുവുമായുള്ള സൗഹൃദത്തിന്റെ കഥകളും കുഞ്ചാക്കോ ബോബന്‍ ചടങ്ങില്‍ പങ്കു വച്ചു. ഒരു ഓട്ടോറിക്ഷയില്‍ തന്റെ വണ്ടിയെ ചെയ്‌സ് ചെയ്തു വന്നപ്പോഴാണ് ജോജുവിനെ ആദ്യം കാണുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ചെയ്‌സ് ചെയ്തു വന്ന് ആംഗ്യഭാഷയില്‍ കൊള്ളാമെന്നു പറഞ്ഞ ജോജുവിനെ താനിപ്പോഴും ഓര്‍ക്കുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു. ചാക്കോച്ചന്റെ ഡാന്‍സ് സൂപ്പറാണെന്നാണ് ആക്ഷന്‍ കാണിച്ചു പറഞ്ഞതാണെന്ന് ജോജു അന്നത്തെ ആക്ഷന്‍ കഥയ്ക്ക് വിശദീകരണം നല്‍കി. അന്നു മുതല്‍ ഇന്നു വരെ ചാക്കോച്ചന്‍ എപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ജോജു പറഞ്ഞു. എന്തിന്, കാശു വരെ കടം തന്നിട്ടുണ്ടെന്ന് ജോജു പൊട്ടിച്ചിരിയോടെ പറയുന്നു.