കോവിഡ് നിരവധി ആളുകളുടെ ജീവിതമാണ് വഴിമുട്ടിച്ചത്. മലപ്പുറം എ.ആര്‍.നഗര്‍ വി.കെ.പടി ഇല്ലത്ത് അനീഷ് കോവിഡിനെ അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തീവ്രയത്‌നത്തിലാണ്.
കോവിഡ് മഹാമാരിയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ബസ് വ്യവസായത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ യുവാവ്.
പണം മുടക്കിയ ഉടമ, വളയം പിടിക്കുന്ന ഡ്രൈവര്‍, യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്ന കണ്ടക്ടര്‍, ബസിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന ക്ലീനര്‍ എന്നിങ്ങനെ ബഹുകൃതവേഷങ്ങളാണ് അനീഷ് ഒരേ സമയം ആടുന്നത്.
ഡ്രൈവര്‍ ജോലി ചെയ്തിരുന്ന അനീഷ് ഒന്നര വര്‍ഷം മുമ്പാണ് 20 ലക്ഷം രൂപ ബാങ്കില്‍നിന്ന് കടമെടുത്ത് മിനിബസ് സ്വന്തമാക്കുന്നത്. ‘വൃന്ദാവന്‍’ എന്ന് പേരിട്ട ബസിന് വേങ്ങര-കുന്നുംപുറം റൂട്ടില്‍ പെര്‍മിറ്റും ലഭിച്ചു. കണ്ടക്ടറായി അയല്‍വാസിയായ സുഹൃത്തുമുണ്ടായിരുന്നു.
പുതിയ വണ്ടി ഓടിത്തുടങ്ങിയതോടെ ശരാശരി 6500 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. എല്ലാ ചെലവും കഴിഞ്ഞ് ദിവസം 3000 രൂപ വരെ ബാക്കിവെക്കാനും ബാങ്കില്‍ ഓരോ മാസവും കൃത്യമായി 38000 രൂപ തിരിച്ചടയ്ക്കാനും അനീഷിനു കഴിഞ്ഞിരുന്നു.
എന്നാല്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വണ്ടി കട്ടപ്പുറത്തായി. പിന്നീട് അടച്ചുപൂട്ടല്‍ ഭാഗികമായി പിന്‍വലിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുമതി ലഭിച്ചതോടെ അനീഷും സുഹൃത്തും വണ്ടി ഓടിച്ചുതുടങ്ങി.
എന്നാല്‍ ആഹ്‌ളാദം അധികം നീണ്ടുനിന്നില്ല. ഓരോ തവണ ഓടുമ്പോഴും ഡീസല്‍ ചെലവുപോലും ലഭിക്കാതായി. ഓട്ടം കഴിഞ്ഞ് രണ്ടാള്‍ക്കും ചായക്കുള്ള പൈസപോലും കൈയിലില്ല.
അതോടെ കണ്ടക്ടര്‍ ഒഴിഞ്ഞു. പിന്നെ അനീഷ് ഒറ്റയ്ക്കു വണ്ടിയോടിക്കാന്‍തുടങ്ങി. വേങ്ങരയില്‍നിന്നും കുന്നുംപുറത്തുനിന്നും ഓട്ടം ആരംഭിക്കുമ്പോള്‍ അനീഷ് കണ്ടക്ടറായി സീറ്റിലിരിക്കുന്നവരോട് പണം വാങ്ങും.
ഇടയ്ക്ക് സ്റ്റോപ്പുകളില്‍നിന്ന് കയറുന്നവര്‍ ഡ്രൈവറുടെ കൈയില്‍ പണം കൊടുക്കും. ഒന്നിനും തികയില്ലെങ്കിലും കഴിഞ്ഞ ഒന്നരമാസമായുള്ള അനീഷിന്റെ ദിനചര്യ ഇതാണ്.