അഷ്‌റഫ് താമരശേരിയെ അറിയാത്ത പ്രവാസികള്‍ ഉണ്ടാകില്ല. മണലാരണ്യത്തില്‍ പ്രവാസിക്ക് എല്ലാവിധ സഹായങ്ങളുമായി നിലകൊള്ളുന്ന അഷ്‌റഫിന്റെ സഹായത്താലാണ് ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം വേഗത്തില്‍ വിട്ടുകിട്ടിയത്. ഭൗതികശരീരം ഏറ്റുവാങ്ങിയതും അഷ്‌റഫ് തന്നെ. മൃതദേഹം എംബാം ചെയ്തതിനു ശേഷം അഷറഫിന് കൈമാറിയതായി ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ പറയുന്നു. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തില്‍നിന്നാണ് അഷ്റഫിന് മൃതദേഹം കൈമാറിയുള്ള സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
സ്‌നേഹത്തിന്റെ പര്യായമാണ് പ്രവാസികള്‍ക്ക് അഷറഫ് താമരശ്ശേരി. സാമൂഹിക പ്രവര്‍ത്തനത്തിന് പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ വ്യക്തിത്വം. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരി. ഇതിനകം ജാതിമതദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികള്‍ നിന്ന് വിവിധ രാജ്യക്കാരുടെ അയ്യായിരത്തോളം മൃതദേഹങ്ങള്‍ ഇദ്ദേഹം നടപടികള്‍ പൂര്‍ത്തിയാക്കി അയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെ തിരക്കില്‍ തന്നെയായിരുന്നു അഷ്‌റഫ്. 20 വര്‍ഷത്തോളമായി യുഎഇയിലെ അജ്മാനില്‍ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്.
സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം അതെല്ലാം മറ്റുള്ളവരെ ഏല്‍പിച്ചാണ് പ്രതിഫലേച്ഛ യാതൊന്നും കൂടാതെ സേവനം നടത്തുന്നത്. പ്രവാസ ലോകത്ത് എന്തെങ്കിലും സംഭവിച്ചാല്‍ അഷ്‌റഫ് താമരശ്ശേരിയുണ്ടെങ്കില്‍ മൃതദേഹം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മലയാളികളും ഏറെ. ഈ വര്‍ഷത്തെ പത്മശ്രീ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള വ്യക്തികളുടെ കൂട്ടത്തില്‍ അഷ്‌റഫ് താമരശ്ശേരിയുടെ പേരുമുണ്ടായിരുന്നു.