ബിഎസ്എന്‍എലിന്റെ തിരിച്ചുവരവിന്റെ കഥ, രണ്ടുവര്‍ഷം മുമ്പ് 7500 കോടി നഷ്ടം, ഇപ്പോള്‍ 672 കോടി ലാഭം, ആ ലാഭക്കഥ ഇങ്ങനെ

വെബ്‌ഡെസ്ക്

bsnl2009-2010 സാമ്പത്തിക വര്‍ഷമാണ് ചരിത്രത്തിലാദ്യമായി പൊതുമേഖലാ ടെലികോം കമ്പനി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് നഷ്ടം രുചിച്ചത്. 1822.65 കോടി രൂപയുടെ നഷ്ടമാണ് അന്ന് ടെലികോ രംഗത്തെ മുമ്പന്മാരായ ബിഎസ്എന്‍എലിന് ഉണ്ടായത്. വരുമാന വളര്‍ച്ചയില്‍ കുറവ് വന്നതും 3ജി ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് സേവനങ്ങള്‍ക്കായുള്ള സ്‌പെക്ട്രം ഫീസ് നല്‍കേണ്ടിവന്നതും നഷ്ടമുണ്ടാക്കാന്‍ കാരണമായി. ലാന്‍ഡ് ലൈന്‍ വരിക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് മറ്റൊരു കാരണം. ഇതിനെല്ലാം പുറമേ ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ശമ്പള കുടിശിക വിതരണം ചെയ്യേണ്ടിവന്നതും കമ്പനിയെ നഷ്ടത്തിലേക്ക് നയിച്ചു. എന്നാല്‍ ഈ സമയങ്ങളിലെല്ലാം കേരളത്തില്‍ ബിഎസ്എന്‍എല്‍ ലാഭത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

പിന്നീടുള്ള നാല് വര്‍ഷവും ബിഎസ്എന്‍എല്‍ നഷ്ടത്തിലൂടെ തന്നെയായിരുന്നു യാത്ര. 2004 ല്‍ ബിഎസ്എന്‍എല്‍ പതിനായിരം കോടി രൂപ ലാഭത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ 2014 ല്‍ നഷ്ടം 7500 കോടിയില്‍ എത്തിയിരുന്നു. എന്നാല്‍ ആ നഷ്ടത്തിന്റെ കഥകള്‍ ഇനി പഴങ്കഥ. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബിഎസ്എന്‍എല്‍ വീണ്ടും ലാഭത്തിലെത്തിയിരിക്കുന്നു. 2013-14 ലെ 26,153 കോടി രൂപയുടെ വരുമാനത്തില്‍ നിന്നും 2014-15ല്‍ 27,242 കോടിയായി ബിഎസ്എന്‍എല്‍ ലിന്റെ വരുമാനം ഉയര്‍ന്നിട്ടുണ്ട്. വരുമാനത്തില്‍ 4.16 ശതമാനത്തിന്റെ വര്‍ധനവ്. 2015-16 കാലഘട്ടത്തിലെ പ്രവര്‍ത്തന ലാഭം 672 കോടി രൂപയായിരുന്നു. ആകെ നഷ്ടത്തിന്റെ 20 ശതമാനം കുറച്ച് കൊണ്ടുവരുവാനും രണ്ട് വര്‍ഷം കൊണ്ട് സാധിച്ചു.

ടെലികോം നിരക്കുകള്‍ ഉയര്‍ത്താതെ പ്രവര്‍ത്തനച്ചെലവ് കുറച്ചും ഭരണരംഗത്ത് മത്സര ക്ഷമമാര്‍ന്ന നടപടികളിലൂടെയുമാണ് കമ്പനി പ്രവര്‍ത്തന ലാഭം നേടിയത്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സമ്പ്രദായത്തിലൂടെ 2015-16 ല്‍ 2,50,666 മൊബൈല്‍ വരിക്കാരുടെ എണ്ണമാണ് ബിഎസ്എന്‍എലിന് കൂടിയത്. 2015-16 ല്‍ 31 ലക്ഷം മൊബൈല്‍ വരിക്കാരാണ് വര്‍ധിച്ചത്. ഡേറ്റാ വഴിയുള്ള വരുമാനത്തില്‍ 50 ശതമാനം വര്‍ധനവും ഉണ്ടായി. ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച രാത്രികാല സമ്പൂര്‍ണ സൗജന്യ കോള്‍ പദ്ധതിയും ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് വരെ സൗജന്യ കോള്‍ അനുവദിച്ചതും ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. കൂടുതല്‍ കേന്ദ്രങ്ങളില്‍ വൈ-ഫൈ സ്ഥാപിച്ചതും ഇന്റര്‍നെറ്റ് താരിഫ് കൂട്ടാതിരുന്നതും നെറ്റ്വര്‍ക്ക് പ്രശ്‌നം, സിം കാര്‍ഡിന്റെ ദൗര്‍ലഭ്യത എന്നിവ പരിഹരിച്ചതും ബിഎസ്എന്‍എല്‍ ന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

ദിനംപ്രതി കൊഴിഞ്ഞ് പൊയ്‌ക്കൊണ്ടിരുന്ന ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ ബിഎസ്എന്‍എല്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു 2016 മെയ് 1 മുതല്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈനില്‍ നിന്ന് രാജ്യത്ത് എവിടെയും ഏത് മൊബൈലിലേക്കും ലാന്റ് ഫോണിലേക്കും രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ഏഴ് വരെ സൗജന്യമായി അണ്‍ലിനിറ്റഡായി വിളിക്കാം എന്നത്. മറ്റൊരു അണ്‍ലിമിറ്റഡ് ഓഫറും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ഗ്രാമീണമേഖലയില്‍ 540 രൂപയുടെ പ്ലാനെടുത്താന്‍ ദിവസം മുഴുവനും ബിഎസ്എന്‍എല്‍ ലില്‍ നിന്ന് ബിഎസ്എന്‍എല്‍ ലേക്ക് അണ്‍ലിമിറ്റഡായി വിളിക്കാം. നഗരമേഖലയില്‍ ഈ പ്ലാനിന്റെ വാടക 645 രൂപയാണ്.
നഷ്ടങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണെന്നു തോന്നുന്നു ആകര്‍ഷകമായ ഓഫറുകളുമായി വന്‍ തിരിച്ചു വരവ് നടത്തിയ ബിഎസ്എന്‍എല്‍ ലാഭത്തില്‍ നിന്ന് ലാഭത്തിലേക്കുള്ള കുതിപ്പിലാണ്.

Related posts