നയതന്ത്ര സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുമ്പോള് പുറത്തു വരുന്ന വിവരങ്ങള് പലതും മലയാളികളെയാകെ അമ്പരപ്പിക്കുകയാണ്. അനധികൃത സ്വര്ണം പിടികൂടിയ കോഴിക്കോട്ടെ ഹെസ ഗോള്ഡ് ആന്ഡ് ഡയമണ്ട് ജ്യൂവല്ലറി ഉടമ കെ.വി മുഹമ്മദ് അബ്ദു ഷമീമിന്റെ ജീവിത കഥ ആരെയും അദ്ഭുതപ്പെടുത്തും.
കണ്ണടച്ചു തുറക്കും മുമ്പ് ജ്യൂവല്ലറി ഉടമയായ ഒരു 24കാരന്റെ കഥയാണ് കൊടുവള്ളി കളരാന്തിരി സ്വദേശി കെ.വി. മുഹമ്മദ് അബ്ദു ഷമീമിന്റേത്. ചറുപ്രായം മുതല് അത്യധ്വാനിയായ ഷമീമിന്റെ വളര്ച്ച ആരെയും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു.
ഡ്രൈവര് ജോലിയിലൂടെ ജീവിതം കരുപ്പിടിപ്പിടിപ്പിക്കാന് തുനിഞ്ഞ ഷമിം ഇന്ന് ഒരു ജ്യൂവല്ലറിയുടെയും ഗള്ഫില് കഫ്റ്റീരിയയുടെയും ഉടമയാണ്്. ഈ അമ്പരപ്പിക്കുന്ന വളര്ച്ച നാട്ടുകാരിലടക്കം ഞെട്ടലുളവാക്കുകയാണ്.
സ്കൂള് പഠനകാലം തൊട്ടെ കഠിനാധ്വാനിയായ ഷമിം പഠനശേഷം ഡ്രൈവറായി ജോലി ചെയ്തു. എന്നാല് ഒരു സുപ്രഭാതത്തില് എല്ലാം മാറിമറിഞ്ഞു.
ജ്യേഷ്ഠന് മുഹമ്മദ് അബ്ദു ഷെരീഫി(30)നൊപ്പം ചേര്ന്ന് അരക്കിണറില് ഹെസ ഗോള്ഡ് ആന്ഡ് ഡയമണ്ട് എന്ന ജൂവലറി തുടങ്ങിയാണ് ഈ 24കാരന് നാട്ടുകാരെ ഞെട്ടിച്ചത്. മറ്റൊരു സഹോദരന് സലീമിനൊപ്പം ചേര്ന്ന് ദുബായില് മൂന്നുവര്ഷത്തോളമായി ഒരു കഫ്റ്റീരിയ നടത്തുകയാണ്.
അതേസമയം ഷമീമിന് സ്വര്ണക്കടത്ത് കേസിലെ പ്രതി അന്വറുമായി അടുത്ത ബന്ധമില്ലെന്നും തിരുവനന്തപുരത്തേക്ക് ഒരുതവണ മാത്രമാണ് അന്വറിനൊപ്പം സഞ്ചരിച്ചതെന്നും ഷമീമിന്റെ ബന്ധുക്കള് പറയുന്നു. മഞ്ചേരിയില് ഒരു ഹോട്ടല് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്കായി മാത്രമാണ് ഷമീം ചിലരെ ബന്ധപ്പെട്ടതെന്നാണ് അറിയാന് കഴിഞ്ഞത്.
അന്വറിനൊപ്പം തിരുവനന്തപുരത്തേക്ക് ഷമീം പോയത് അയാളുടെ കാറിന്റെ ഡ്രൈവറായി മാത്രമാണ്. അന്ന് തിരുവനന്തപുരത്ത് അന്വറിനും ജിഫ്സലിനും ഒപ്പമല്ലാതെ വേറെ മുറിയിലായിരുന്നു ഷമീം താമസിച്ചതെന്നും ഹെസ ഗോള്ഡില് ഷമീമിന് ഇപ്പോള് പാര്ട്ണര്ഷിപ്പൊന്നുമില്ലെന്നും ഇവര് പറയുന്നു.
ഷമീമിന്റെ വിവാഹം കഴിഞ്ഞത് ആറുമാസം മുമ്പാണെന്നും ഇയാളുടെ സഹോദരനും രണ്ടുപേരും ചേര്ന്നാണ് ജ്യൂവല്ലറി നടത്തുന്നതെന്നുമാണ് ഷമീമിന്റെ പിതാവ് ഹുസൈന് പറയുന്നത്.
ഹെസ ഗോള്ഡ് ആന്ഡ് ഡയമണ്ട്സില് വില്പ്പനയ്ക്ക് വെച്ച സ്വര്ണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് ഇവിടെ നിന്ന് മുഴുവന് സ്വര്ണ്ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
സ്വര്ണ്ണക്കള്ളക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തില് ഹെസാ ജൂവലറി ഉടമകളും ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിക്കുന്നു. ഇത്തരത്തില് അനധികൃത സ്വര്ണം സൂക്ഷിക്കുന്ന നിരവധി കേന്ദ്രങ്ങള് ഉണ്ടെന്ന് കസ്റ്റംസ് കണക്കുകൂട്ടൂന്നു. അത്തരം കേന്ദ്രങ്ങളില് റെയ്ഡ് തുടരാനാണ് കസ്റ്റംസിന്റെ തീരുമാനം.