ഓരോ സിനിമയും പിറവിയെടുക്കുന്നത് വലുതും ചെറുതുമായ ചര്‍ച്ചകളിലൂടെയാണ്. അതുകൊണ്ട് തന്നെ സിനിമകളുടെ അണിയറ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് രസകരമായ കഥകളും ഉയര്‍ന്നുവരാറുണ്ട്. അത്തരത്തിലൊരു കഥയാണ് ആറാംതമ്പുരാന്‍ എന്ന ഹിറ്റ് ചിത്രത്തിനും പറയാനുള്ളത്. അക്കഥയിങ്ങനെ- ആറാംതമ്പുരാനില്‍ നായകനാക്കാന്‍ സംവിധായകന്‍ ഷാജി കൈലാസും രചയിതാവ് രഞ്ജിത്തും മനസില്‍ കണ്ടത് മനോജ് കെ ജയന്‍ അല്ലെങ്കില്‍ മമ്മൂട്ടി എന്നായിരുന്നു. എന്നാല്‍ കണി മംഗലം കോവിലകത്തെ ജഗന്നാഥനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയത് മോഹന്‍ലാലും.
ചിത്രത്തിന്റെ കഥ പൂര്‍ത്തിയാകുന്ന സമയം. മമ്മൂട്ടി അല്ലെങ്കില്‍ മനോജ് എന്ന തീരുമാനത്തിലാണ് കഥ എഴുതി തീര്‍ന്നത്. എന്നാല്‍ നിര്‍മാതാവ് മണിയന്‍ പിള്ള രാജുവിന്റെ ഒറ്റ നിര്‍ബന്ധമായിരുന്നു നായകനായി മോഹന്‍ലാല്‍ മതിയെന്ന്. എന്നാല്‍ കഥകേട്ടവര്‍ എല്ലാവരും ഒരേ സ്വരത്തില്‍ മോഹന്‍ലാല്‍ നായകനാവകേണ്ടെന്നാണ് അഭിപ്രായം പറഞ്ഞത്. പ്രധാനമായും ദേവാസുരവുമായി ഈ കഥയ്ക്ക് സാമ്യമുണ്ടെന്നും അതിനാല്‍ മോഹന്‍ലാല്‍ നായകനായാല്‍ ചിത്രത്തിന് തിരിച്ചടി ആകുമെന്നും പലരും ഉപദേശിച്ചു.
ഒടുവില്‍ കഥയുടെ കരുത്ത് ചോര്‍ന്നു പോകാതെ തമാശയും മറ്റും കൂട്ടി കലര്‍ത്തി മോഹന്‍ലാലിനെ നായകനാക്കാന്‍ തീരുമാനിച്ചു. മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ കോമ്പിനേഷനില്‍ എത്തിയ ചിത്രം വന്‍ വിജയമായിരിക്കുമെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചുവെന്നും അതാണ് ഈ ചിത്രവുമായി മുന്നോട്ട് പോകാന്‍ സംവിധായകന് ധൈര്യം നല്‍കിയതെന്നും സിനിമാ ലോകത്തെ അണിയറ വിശേഷങ്ങളില്‍ കേള്‍ക്കുന്നുണ്ട്.