രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ജൽ മഹൽ.
1699ൽ ആംബറിലെ രാജാവായ സവായ് ജയ്സിംഗ് രണ്ടാമൻ പണികഴിപ്പിച്ചതാണ് അഞ്ചു നിലകളുള്ള ഈ കൊട്ടാരം. രാജാവിനും കുടുംബാംഗങ്ങൾക്കും താമസിക്കുന്നതിനുള്ള വേനൽക്കാല കൊട്ടാരമായാണ് ഇതു പണികഴിപ്പിച്ചത്.
തടാകത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ ഇതിന്റെ താഴത്തെ നിലകൾ എപ്പോഴും വെള്ളത്തിനടിയിലായിരിക്കും.
തടാകം നിറയുന്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും. എന്നാൽ രാജാവ് സ്ഥിരമായി തങ്ങാറുള്ള അഞ്ചാമത്തെ നില ഒരിക്കലും വെള്ളത്തിൽ മുങ്ങാറില്ല. കടുത്ത വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷ നേടുന്നതിനുവേണ്ടിയാണ് ഇതു പണികഴിപ്പിച്ചതത്രേ.
എത്ര ചൂടാണെങ്കിലും ഈ കൊട്ടാരത്തിന്റെ കാഴ്ച മനം കുളിർപ്പിക്കും. 320 കൊല്ലം മുന്പ് അഞ്ചു നിലകളിലായി പണിത ഈ കൊട്ടാരത്തിന്റെ നിർമിതി അത്ഭുതപ്പെടുത്തും.
രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയിലാണ് കൊട്ടാരം നിർമിക്കപ്പെട്ടിട്ടുള്ളത്.
ജയ്പുർ നഗരത്തിൽനിന്നും ആംബർ കോട്ടയിലേക്കുള്ള വഴിയിൽ 6.5 കിലോമീറ്റർ ദൂരെയായാണ് മാൻസാഗർ തടാകവും ഈ കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. രാജാവിന്റെ ഒരു വിനോദകേന്ദ്രമായിട്ടാണ് ഈ കൊട്ടാരം നിർമിച്ചത്.
ദൂരെ നിന്നു നോക്കുന്പോൾ കൊട്ടാരം ജലത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്നതുപോലെയുള്ള അനുഭവമാണുണ്ടാവുക. പല ഭാഗങ്ങളിലും 15 അടി മുതൽ കുറഞ്ഞത് 4.9 അടി വരെ വെള്ളമുള്ള തടാകത്തിന്റെ നടുവിലാണ് ഈ കൊട്ടാരം.
2006 ൽ രാജസ്ഥാൻ സർക്കാർ ഇതിന്റെ നവീകരത്തിനായി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. 2018 വീണ്ടും രാജസ്ഥാൻ ഗവണ്മെന്റ് പുതിയ കമ്മീഷനെ വച്ച് പഠനം നടത്തി. പുരാതന സാമഗ്രികൾകൊണ്ടുതന്നെ നിലവിൽ നവീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ജൽ മഹലിന്റെ റിയൽഎസ്റ്റേറ്റ് ലാൻഡ്സ്കേപ്പ് ജയ്പുരിലെ മറ്റ് സ്ഥലങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ഓരോ നിലയും ക്രമാനുഗതമായി വലിപ്പം കുറഞ്ഞു വരുന്നു. കൊട്ടാരത്തിന്റെ മുകളിൽ, ബംഗാളി ശൈലിയിൽ നിർമിച്ച ഒരു വലിയ ചതുരാകൃതിയിലുള്ള ഛത്രി ഉണ്ട്.
ജൽ മഹലിന്റെ ടെറസ് ഗാർഡൻ അതിന്റെ പ്രതാപകാലത്ത് കമാനങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ജൽ മഹലിന്റെ നിർമാണത്തിന് ഉപയോഗിച്ചത് ചെങ്കല്ലാണ്. കൊട്ടാരത്തിന്റെ നാല് കോണുകളും അഷ്ടഭുജാകൃതിയിലുള്ള നാല് അതിമനോഹരമായ കെട്ടിടങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.
ഇത് കൊട്ടാരത്തിന് നൽകുന്നത് അപാര ചാരുതയാണ്.
12 കിലോമീറ്റർ വിസ്തൃതിയിലാണ് മാൻ സാഗർ തടാകം പരന്നു കിടക്കുന്നത്. മഹാരാജ സവായ് മാൻ സിംഗ് ഒന്നാമൻ കുന്നുകൾക്കിടയിൽ അണക്കെട്ടു നിർമിച്ചാണ് ജൽ മഹൽ സ്ഥിതി ചെയ്യുന്ന തടാകം സൃഷ്ടിച്ചത്.
ജൽമഹൽ സന്ദർശിക്കാനുള്ള സമയം രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ്.
എല്ലാ ദിവസവും തുറന്നിരിക്കും. സമീപത്തെ വലിയ നിലകളിലുള്ള ഹോട്ടൽ മുറികളിൽ താമസിച്ച് ഇതിന്റെ ഭംഗി ആസ്വദിക്കുന്ന സഞ്ചാരികളും കുറവല്ല.
ജൽ മഹലിന്റെ പാരന്പര്യം വീണ്ടെടുക്കുന്നതിനും അതിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനുമായി രാജസ്ഥാൻ ടൂറിസം കുറേയെറെ പദ്ധതികൾ ഇവിടെ നടപ്പാക്കിയിരുന്നു. ഇപ്പോൾ മുംബൈ ആസ്ഥാനമായുള്ള കെജികെ ഗ്രൂപ്പ് കന്പനി സർക്കാരുമായി ധാരണയിലെത്തി 99 കൊല്ലത്തേക്ക് ഇതു പാട്ടത്തിനെടുത്തിരിക്കുകയാണ്.
ഇതിനു ചുറ്റുമുള്ള നൂറ് ഏക്കറോളം സ്ഥലത്ത് ഹോട്ടലും വിനോദസഞ്ചാരികൾക്കു താമസിക്കാനുള്ള കെട്ടിടങ്ങളും നിർമിക്കാനും സർക്കാർ കെജികെ ഗ്രൂപ്പിന് അനുമതി നൽകിയിട്ടുണ്ട്. കോടിക്കണക്കനു രൂപ മുടക്കി കെട്ടിടത്തിന്റെ കേടുപാടുകൾ തീർത്ത് നവീകരിച്ചതും ഈ ഗ്രൂപ്പാണ്.
-തയാറാക്കിയത്: എസ്. റൊമേഷ്