കോട്ടയം പുഷ്പനാഥ് എന്ന പേര് ഇപ്പോഴത്തെ തലമുറയ്ക്ക് വലിയ പരിചയം കാണില്ല. എന്നാല്‍ 80കളുടെ തുടക്കത്തിലും 90കളിലൂം മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത പേരുകള്‍ ഡിക്ടറ്റീവ് മാക്‌സിനെന്നും ഡിക്ടറ്റീവ് പുഷ്പരാജെന്നുമൊക്കെ ആകും. 90കളില്‍ ആഴ്ച്ചപ്പതിപ്പുകളുടെ സുവര്‍ണകാലഘട്ടത്തിന്റെ സമയത്താണ് പുഷ്പനാഥിന്റെ നോവലുകള്‍ സൂപ്പര്‍ ഹിറ്റുകളായി ഓടിത്തുടങ്ങിയത്. കുറ്റാന്വേഷണ നോവലുകളില്‍ വായനക്കാരെ വിദേശ രാജ്യങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്ന രീതിയായിരുന്നു പുഷ്‌നാഥിന്റേത്.
പുഷ്നാഥിന്റെ നോവലിലെ ഹാഫ് എ കൊറോണ ചുരുട്ടിന്റെ പുക ആര്‍ക്കാണ് മറക്കാനാവുക. എണ്ണൂറിലധികം നോവലുകളാണ് അദ്ദേഹം രചിച്ചത്. പുഷ്പനാഥ് ഒരു ചരിത്ര അധ്യാപകനായതിനാല്‍ ഓരോ രാജ്യങ്ങളിലെ ഭൂപടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അത് എഴുത്തിനെ സഹായിച്ചിട്ടുണ്ട്.ഒരുസംഭവം നടക്കുമ്പോള്‍ അതിന്റെ ചരിത്ര പശ്ചാത്തലം അദ്ദേഹം വിവരിച്ചിരുന്നു. അത് മറ്റു അപസര്‍പ്പക നോവലുകളില്‍ നിന്നും ഭിന്നമായിരുന്നു.
അനേഷണത്തെ സഹായിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളെ കുറിച്ച് അദ്ദേഹം എഴുതിയിരുന്നു. കമ്പ്യൂട്ടര്‍ ഇല്ലാത്ത കാലത്ത് പുഷ്പനാഥ് കമ്പ്യൂട്ടര്‍ ഗേള്‍ എന്ന നോവല്‍ എഴുതിയിട്ടുണ്ട്. ജെയിംസ് ബോണ്ട് സിനിമളിലെ അന്തരീക്ഷം അന്ന് അദ്ദേഹം തന്റെ അപസര്‍പ്പക നോവലില്‍ വരച്ചു കാട്ടുകയുണ്ടായി. പുഷ്പനാഥിന്റെ പ്രധാനപ്പെട്ട നോവലുകള്‍ ലേഡീസ് ഹോസ്റ്റലിലെ മരണം, ജരാസന്ധന്‍, റെഡ് റോബ് എന്നിവയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലും അഗ്രഗണ്യനായിരുന്നു അദേഹം. അനേഷണത്തിന്റെ ഭാഗമായി ചായക്കപ്പിനടിയില്‍ ടേപ്പ് റിക്കാര്‍ഡര്‍ ഒളിപ്പിക്കുന്നത് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല.
തന്റെ എഴുത്തിനെപ്പറ്റി പുഷ്പനാഥ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത് ഇങ്ങനെ- എഴുത്തിന്റെ ഒരു പൂക്കാലത്ത് ആഴ്ചയില്‍ പതിനൊന്ന് വാരികകള്‍ക്കു വരെ നോവലുകള്‍ എഴുതിയിരുന്നു. കോട്ടയം പുഷ്പനാഥ് എന്ന പേര് കൂടാതെ തൈമൂര്‍ എന്ന തൂലികാ നാമത്തിലും ചില വാരികകളില്‍ എനിക്ക് എഴുതേണ്ടി വന്നിട്ടുണ്ട്. അന്ന് ഞാന്‍ ഭൂമിശാസ്ത്രവും സാമൂഹ്യ പാഠവും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു. എഴുത്തിന്റെ സമ്മര്‍ദ്ദം ഏറിവരി കയും ഏറ്റെടുത്ത എഴുത്തു പണികള്‍ കൃത്യസമയത്തിന് തീര്‍ത്തു നല്‍കാന്‍ കഴിയില്ലെന്നു ബോധ്യമാവുകയും ചെയ്തപ്പോള്‍ ഞാന്‍ ജോലിയില്‍ നി ന്നും വോളന്ററി റിട്ടയര്‍മെന്റ് എടുത്തു.
അക്കാലത്ത് രാവിലെ 7 മണി മുതല്‍ രാത്രി 11 – 12 വരെയൊക്കെ ഇടതടവില്ലാതെ എഴുതുമായിരുന്നു. ഒരു മുറിയില്‍ മൂന്നു പേരെ ഇരുത്തി ഒരേ സമയം വ്യത്യസ്ത കുറ്റാന്വേഷണ നോവല്‍ ഭാഗങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുത്ത് എഴുതിക്കുന്ന രീതിയും ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. കാരണം വീടിന് വെളിയില്‍ വാരികകളില്‍ നിന്നുള്ള ആളുകള്‍ ആ ആഴ്ചത്തെ അവരുടെ നോവലിന്റെ അദ്ധ്യായം വാങ്ങാനായി കാത്തു നില്‍ക്കുന്നുണ്ടാകും. അവരെ നിരാശപ്പെടുത്തി അയക്കാന്‍ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എഴുതാമെന്നേറ്റ എല്ലാ വാരികകള്‍ക്കും വേണ്ടി ആഴ്ചയില്‍ ഞാന്‍ മുടങ്ങാതെ നോവലിന്റെ അധ്യായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ ഒരിക്കലും ചതിക്കില്ല എന്ന ഉറപ്പായിരുന്നു പ്രസിദ്ധീകരണങ്ങള്‍ എന്റെ മേല്‍ വെച്ചു പുലര്‍ത്തിയ വിശ്വാസം.
അതേസമയം പ്രതിഫലം എത്രവേണമെങ്കിലും തരാം എന്നു പറഞ്ഞു വന്നവരുണ്ട്. മുഴുവന്‍ തുകയും അഡ്വാന്‍സ് നല്‍കാന്‍ തയ്യാറായവരുണ്ട്. എന്നിട്ടും നോവല്‍ നല്‍കാനാകില്ലെന്നു പറഞ്ഞ് പലരേയും ഞാന്‍ മടക്കി. ആ വകയില്‍ കുറേപേര്‍ എന്റെ ശത്രുക്കളുമായി. എങ്കിലും അതൊക്കെ ചെയ്തത് എഴുത്തിന്റെ ഗുണമേന്‍മയില്‍ ആവുന്നത്ര ശ്രദ്ധിക്കാന്‍ തന്നെയാണ്. പുഷ്പനാഥിന്റെ മരണത്തോടെ മറയുന്നത് മലയാളിയെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്ന ജനകീയ നോവലിസ്റ്റിനെയാണ്.