പീറ്റർ ഏഴിമല
ഒരു പാലത്തിനായി പൊതുപ്രവര്‍ത്തകനായ കുന്നരുവിലെ കൊയക്കീൽ രാഘവന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ഒന്നര പതിറ്റാണ്ട്. 15 വര്‍ഷമായി അണയാതെ മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്നവും അത് യാഥാര്‍ഥ്യമാക്കാനുള്ള എഴുപത്തഞ്ചുകാരനായ ഇദ്ദേഹത്തിന്റെ ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാവുകയാണ്.
കഴിഞ്ഞ 45 വര്‍ഷമായി പൊതുജന സേവനത്തിനായി സ്വയം സമര്‍പ്പിച്ചിരിക്കുകയാണ് രാഘവന്റെ ജീവിതം.റേഷന്‍ കാര്‍ഡ്, പട്ടയം, പെന്ഷന്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്ന രാഘവന് ഉദ്യോഗസ്ഥര്‍ക്കെല്ലാം സുപരിചിതനാണ്.
ഇത്തരം ആവശ്യങ്ങള്‍ക്കായി പോകുന്നതിന് വീട്ടിലാളുകളില്ലാത്തവര്ക്ക് രാഘവന് ഉപകാരിയുമായി മാറുന്നു. ഇത്തരത്തില്‍ രാഘവന്റെ സഹായം ലഭിച്ചവര്‍ നിരവധിയാണ്.
ഇങ്ങനെയുള്ളവര്‍ രാഘവന് ആവശ്യപ്പെടാതെതന്നെ യാത്രക്കൂലിക്കായി കൊടുക്കുന്ന ചെറിയ തുകകളാണ് ചെലവുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. ഈ സേവന സപര്യയ്ക്കിടയിലാണ് നാടിന്റെ നന്മയ്ക്കുതകുന്ന പദ്ധതികള്‍ നേടിയെടുക്കാനുള്ള അദ്ദേഹ ത്തിന്റെ ശ്രമവും നടക്കുന്നത്.
പാലത്തിനായുള്ള പോരാട്ടം
2008 മാര്‍ച്ച് 27ന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിക്ക് നല്കിയ അപേക്ഷയോടെയാണ് നാടിന്റെ വികസന കുതിപ്പിന് കളമൊരുക്കുന്ന മൂലക്കീല്‍ പാലത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
ഈ അപേക്ഷയുടെ ഫലമായി അക്കൊല്ലം മേയ് 20ന് പാലത്തിനായുള്ള സര്‍വേ നടത്താനായി മുഖ്യമന്ത്രി ഉത്തവിട്ടതാണ് രാഘവനില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമായത്.
ഇതേത്തുടര്‍ന്ന് 510 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് വകുപ്പുദ്യോഗസ്ഥര്‍ തയാറാക്കി സമര്‍പ്പിക്കുകയും 2010 ഫെബ്രുവരി 16ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പദ്ധതി വിഹിതം അനുവദിക്കുകയും ചെയ്തു.
നാവിഗേഷന്റെ എതിർപ്പ്
2011ല്‍ ഇന്‍വിസ്റ്റിഗേഷന്‍ പൂര്‍ത്തീകരിച്ച് 1,420 ലക്ഷം രൂപയുടെ പുതുക്കിയ ഡിപിആര്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. അപ്പോഴേക്കും പാലക്കോട് പുഴ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഡിസൈന്‍ മാറ്റണമെന്ന ആവശ്യവുമായി ഇന്‍ലാന്റ് നാവിഗേഷന്റെ എതിര്‍പ്പാണ് ആദ്യമുയര്‍ന്നത്. ഇതോടെ അഞ്ചു സ്പാനുകളിലായി 120 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമുള്ള തയാറാക്കി വെച്ചിരുന്ന ഡിസൈന്‍ മാറ്റി.
പിന്നീട് എസ്റ്റിമേറ്റ് പുതുക്കലും ഡിസൈന്‍ മാറ്റലുമായി വര്‍ഷങ്ങള്‍ കടന്നുപോയി. പാലത്തിന്റെ ഉയരം വർധിപ്പിക്കണമെന്ന വാദമുയര്‍ന്നപ്പോള്‍ ഇതേ പുഴയുടെ രണ്ടുഭാഗത്തായുള്ള പാലക്കോട് പാലത്തിനും പുതിയ പുഴക്കര പാലത്തിനും 4.20 മീറ്ററാണ് ഉയരമെന്ന് ചൂണ്ടിക്കാണിച്ചിട്ടും ഇന്‍ലാന്റ് നാവിഗേഷന്‍ വഴങ്ങിയില്ല.
വടക്കും തെക്കുമുള്ള ഈ രണ്ടുപാലങ്ങള്ക്കടിയിലൂടെ വരുന്ന ജലയാനങ്ങളാണ് നിര്‍ദ്ദിഷ്ട മൂലക്കീല്‍ കടവ് പാലത്തിനടിയിലൂടെ കടന്നുപോകാനുള്ളു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാത്ത നിലപാട് അപഹരിച്ചത് വര്‍ഷങ്ങളാണ്.
ഒടുവിൽ പാലത്തിന് അനുമതി
ഒടുവില്‍ ദേശീയ വാട്ടര്‍ അതോറിറ്റിയുടെ തീരുമാനപ്രകാരം 263 മീറ്റര്‍ നീളത്തിലും ഇരുവശത്തും ഫുട്പാത്തോടുകൂടി 11 മീറ്റര്‍ വീതിയിലും ആറുമീറ്റര്‍ ഉയരവുമുള്ള പാലം നിര്‍മിക്കാന്‍ തീരുമാനമായി.
പദ്ധതിക്കായി 2016 ഒക്ടോബര്‍ 31ന് കിഫ്ബി ബോര്‍ഡിന്റെ 25 കോടി രൂപയുടെ അനുമതിയും ലഭിച്ചു. കുന്നരു ഭാഗത്ത് അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം പൂര്‍ണമായും 2012-ല്‍ തന്നെ വിട്ടുകൊടുത്തിരുന്നു.
മറുഭാഗമായ മാടായി പഞ്ചായത്തിലെ മൂലക്കീലില്‍ അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നു. വെങ്ങര ഭാഗത്ത് 300 മീറ്ററും കുന്നരു ഭാഗത്ത് 515 മീറ്ററും നീളത്തിലുള്ള അപ്രോച്ച് റോഡിനായി കുറ്റിയിട്ടു കഴിഞ്ഞു.
ഇതിനിടയില്‍ ഒന്നിന് പിറകെ മറ്റൊന്നായി പിന്തുടര്ന്നിരുന്ന തടസങ്ങള്‍ നീക്കിക്കിട്ടാന്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ആരോഗ്യ സാമൂഹ്യ ക്ഷേമ മന്ത്രി, ധനകാര്യ മന്ത്രി, പ്രതിപക്ഷ നേതാക്കള്‍, ജില്ലാ കളക്ടര്‍, എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് തുടങ്ങിയവര്‍ക്കായി അന്‍പതോളം അപേക്ഷകളാണ് രാഘവന് നല്‍കിയത്.
രാഘവന്റെ ഈ ഒറ്റയാള്‍ പോരാട്ടത്തിന് രാഷ്ട്രദീപികയുള്പ്പെടെയുള്ള മാധ്യമങ്ങള്‍ തൊണ്ണൂറ്റിയഞ്ചോളം വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചാണ് പിന്തുണ നല്‍കിയത്.
തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി വലിയൊരു ഫയല്‍ ശേഖരവും ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്. നാട് ഒന്നടങ്കം പിന്തുണയുമായി കൂടെയുള്ളതിനാല്‍ പ്രതിസന്ധികളിലും പ്രായം തളര്‍ത്താത്ത ഉര്‍ജവുമായി തന്റെ ദ്യത്യം തുടരുകയാണ് രാഘവന്.