ഏതു ശുനകനും ഒരു ദിവസമുണ്ടെന്നതു പെരുമ കേട്ട പഴഞ്ചൊല്ലാണ്. ശുനകനു മാത്രമല്ല കുരങ്ങനും ഒട്ടകത്തിനും വരെ ഒരു ദിവസമുണ്ടെന്നു തെളിയിക്കുകയാണ് ചില ആചാരങ്ങൾ.
കുരങ്ങൻമാരെയും ഒട്ടകത്തെയുമൊക്കെ ഒരു ദിവസം വിഐപികളായി വരവേൽക്കുന്ന ആചാരം തായ്ലൻഡിന്റെ പ്രത്യേകതയാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും അന്ന് ഇക്കൂട്ടർക്കു കുശാലാണ്.
പഴങ്ങളും പച്ചക്കറിയും ഉപയോഗിച്ചു മനോഹരമായി ഒരുക്കിയ പൂക്കളുടെയും മരങ്ങളുടെയും തടാകങ്ങളുടെയും രൂപങ്ങള്‍. രണ്ടു ടണ്ണോളം പച്ചക്കറി.
പഴങ്ങളും ഐസ്ക്രീമും മറ്റു ഭക്ഷ്യവസ്തുക്കളും വേറെ. ആഘോഷങ്ങള്‍ക്കു സമയമാകുമ്പോഴേക്കും രണ്ടായിരത്തോളം അതിഥികള്‍ വേദിയിലേക്കു കടന്നുവരും.
അതിഥികള്‍ മനുഷ്യരല്ല, കുരങ്ങന്മാരാണ്. മനുഷ്യര്‍ക്ക് ഇവിടെ ആതിഥേയരുടെ റോളാണ്.തായ്ലന്ഡിലെ ലോപ്ഭുരി പട്ടണത്തിലെ മങ്കി ഫെസ്റ്റിവലിലേക്കു കടന്നു ചെല്ലുമ്പോള്‍ കാണുന്ന കാഴ്ചകളാണിത്.
വിവിധ തീന്മേശകളിലും കോണുകളിലുമായി തയാറാക്കിയിട്ടുള്ള ബുഫേയില് ഈ വാനര അതിഥികള്‍ യഥേഷ്ടം ചുറ്റിക്കറങ്ങി ആവശ്യമുള്ളതെല്ലാം കഴിച്ചു തങ്ങള്‍ക്കായി അനുവദിക്കപ്പെട്ട ദിവസം ആസ്വദിക്കും. വയറു നിറഞ്ഞു കഴിഞ്ഞാലോ അവ ആതിഥേയരുടെ ദേഹത്തു കയറി കളിയും പരാക്രമവും വേറെ.
കുരങ്ങ് ടൂറിസം
എല്ലാ വർഷവും നവംബറിലെ അവസാനത്തെ ഞായറാഴ്ചയാണ് മങ്കി ഫെസ്റ്റിവലായി ആചരിക്കുന്നത്. തങ്ങളുടെ ഇഷ്ടദേവനായ ശ്രീരാമന്റെ പത്നി സീതാ ദേവിയെ രാവണനിൽനിന്നു രക്ഷിച്ച ഹനുമാനോടുള്ള ഭക്തിയാണ് വാനരസദ്യയൊരുക്കി തായ്ലൻഡുകാർ പ്രകടിപ്പിക്കുന്നത്.
ഹനുമാനു മരണമില്ലെന്നും അഭിവൃദ്ധിയുടെ ചിഹ്നമായാണ് ആഞ്ജനേയ സ്വാമിയെ കാണുന്നതെന്നും പ്രദേശവാസികൾ പറയുന്നു. സാധാരണ ദിവസങ്ങളിലും ലോപ്ഭുരിയിലെ വഴികൾ കുരങ്ങന്മാരാൽ നിറഞ്ഞതാവും.
എന്നാൽ, പ്രദേശവാസികൾ ഇവയെ ഓടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാറില്ല. പകരം അവയ്ക്കു യഥേഷ്ടം ഭക്ഷണം നൽകുകയും കളിപ്പിക്കുകയുമാണ് ചെയ്യുക.
കുരങ്ങുകള്‍ക്കു ഭക്ഷണം നല്‍കുന്നത് അഭിവൃദ്ധിയും സമൃദ്ധിയും കൊണ്ടുവരുമെന്നു ലോപ്ഭുരിയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ വിരുന്ന് ഒരു നന്ദി പ്രകടനം കൂടിയാണ്.
ലോപ്ഭുരിയില് ധാരാളമായി കാണുന്ന കുരങ്ങുകളുടെ വികൃതിയും കോമാളിത്തരവുമാണ് എല്ലാ വര്‍ഷവും ഇവിടേയ്ക്കു കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
ഒട്ടക ഗുസ്തി
മങ്കി ഫെസ്റ്റിവൽ പോലെ തന്നെ വിചിത്രമായ മറ്റൊരാഘോഷമാണ് കാമൽ റസ്ലിംഗ്. ഒട്ടകങ്ങൾ തമ്മിലുള്ള പോരാണിത്. 2,400 വർഷത്തെ പാരന്പര്യമുള്ള മത്സരമാണ് കാമൽ റസിലിംഗ്.
ജനുവരിയിലാണ് ടർക്കിയിലെ സെൽകക്കിൽ ഒട്ടകഗുസ്തിക്കു തുടക്കമാകുന്നത്. വർഷത്തിലുടനീളം ഒട്ടക ഉടമകൾ തങ്ങളുടെ ഒട്ടകങ്ങളെ പോരിനായി ഒരുക്കുന്ന തിരക്കിലായിരിക്കും.
മൂന്നു മാസം വരെ നീളുന്ന പോരിൽ വിജയിക്കുന്ന ഒട്ടകത്തെ മാർച്ച് അവസാനത്തോടെ പ്രഖ്യാപിക്കും. പോരിൽ ആൺ ഒട്ടകങ്ങളുടെ പോരാട്ടത്തിനു വീര്യം കൂട്ടാനായി പെൺഒട്ടകങ്ങളെ പോർക്കളത്തിനടുത്തായി നിർത്താറുണ്ട്.
നീളൻ കഴുത്ത്
പോരിനിടയിൽ ഒട്ടകം നിലത്തു വീഴുകയോ പോർക്കളത്തിൽനിന്ന് ഓടുകയോ ചെയ്താൽ അതു പരാജയമായി കണക്കാക്കും. എതിരാളിയെ തന്റെ നീളൻ കഴുത്തുപയോഗിച്ചു നിലം പറ്റിക്കുന്ന ഒട്ടകമാണ് പോരിൽ വിജയിക്കുക.
വിജയിയാകുന്ന ഒട്ടകത്തിന്റെ ഉടമയ്ക്കു വലിയി പേരും പെരുമയും ബഹുമതിയും കിട്ടും. നമ്മുടെ നാട്ടിലെ പെരുന്നാളിനും ഉത്സവങ്ങൾക്കുമെല്ലാം ഒരുക്കുന്ന പോലെ മൈതാനമൊരുക്കിയാണ് ഓട്ടകപ്പോര്. പോരു കാണാനെത്തുന്നവർക്കായി മറ്റ് വിനോദങ്ങളും മൈതാനത്ത് ഒരുക്കിയിട്ടുണ്ടാകും.
തയാറാക്കിയത്:
അനാമിക