
ജീവിതത്തോടു പടപൊരുതി വിജയിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലൊരാളാണ് ആശിഷ് ദാസ് എന്ന യുവാവ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്ക് നേടി ഐഎഎസിനു സിലക്ഷന്‍ ലഭിച്ച ആശിഷ് ഫയര്‍മാന്‍ ജോലിയിലെ അവസാനദിവസത്തെ ചുമതലയും ഭംഗിയായി നിര്‍വഹിച്ചാണു വീട്ടിലേക്കു മടങ്ങിയത്. ഇനി അദ്ദേഹം ഫയര്‍മാനായിരുന്ന ഐഎഎസുകാരന്‍.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് സര്‍വീസിലെ അവസാന ദിവസമായ ഇന്നലെ നടത്തിയത്. ഒക്ടോബര്‍ അഞ്ചിനാണു പത്തനാപുരം അഗ്നിരക്ഷാ നിലയത്തില്‍നിന്നുള്ള യാത്രയയപ്പ്.
രാവിലെ അഗ്നിരക്ഷാ കേന്ദ്രത്തിന്റെ ജീപ്പില്‍ രണ്ടു സഹപ്രവര്‍ത്തകരോടൊപ്പമാണ് ആശിഷ് എത്തിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരില്‍ ചിലര്‍ തിരിച്ചറിഞ്ഞു കുശലം ചോദിക്കുമ്പോഴും വിനയത്തോടെ മറുപടി.
സിവില്‍ സര്‍വീസിന്റെ ഭാഗമായിട്ടും ഫയര്‍മാന്റെ ചുമതലകളില്‍നിന്നു മാറിനില്‍ക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഒക്ടോബര്‍ ഒമ്പതിനാണ് പരിശീലനത്തിനായി ആശിഷ് മസൂറിയിലേക്കു പോകുക.
കഠിന പരിശ്രമത്തിലൂടെയാണ് ആശിഷ് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം നേടിയെടുത്തത്. ഇത്തവണ റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിരുന്നതായും ആശിഷ് ദാസ് പറഞ്ഞു.
”സിവില്‍ സര്‍വീസിന് വേണ്ടി ആറ് വര്‍ഷത്തോളമായി പരിശീലിക്കുകയായിരുന്നു. അഞ്ചാമത്തെ പരിശ്രമത്തിലാണ് സ്വപ്‌നം സാക്ഷാത്കരിക്കുന്നത്.ആദ്യത്തെ മൂന്ന് തവണ പ്രിലിമിനറി പരീക്ഷയില്‍ പുറത്തായി.
നാലാമത്തെ തവണ ഇന്റര്‍വ്യൂ വരെ എത്തിയിരുന്നു. ഇന്റര്‍വ്യൂ വരെ എത്തിയ ശേഷം പുറത്തായപ്പോള്‍ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. വളരെയധികം വിഷമിച്ച അവസരമായിരുന്നു അത്”.ആശിഷ് പറയുന്നു.
വളരെ രഹസ്യമായിട്ടാണ് ആശിഷ് പരീക്ഷയ്ക്ക് വേണ്ടി ഒരുങ്ങിയത്. മെയിന്‍ എക്‌സാം പാസായപ്പോള്‍ മാത്രമാണ് കൂടെ ജോലി ചെയ്യുന്നവര്‍ വരെ വിവരം അറിഞ്ഞത്. പ്ലസ്ടുവിന് ശേഷം ഹോട്ടല്‍ മാനേജ്മെന്റാണ് പഠിച്ചത്. അതിന് ശേഷം മൂന്ന് വര്‍ഷം കുറച്ച് ജോലികള്‍ ചെയ്തിരുന്നു.
പിന്നീടാണ് സര്‍ക്കാര്‍ ജോലിയിലേക്ക് എത്തുന്നത്. ചെറുപ്പത്തില്‍ തന്നെ സിവില്‍ സര്‍വീസ് മോഹം ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സിലെ ട്രെയിനിങ്ങ് കാലഘട്ടത്തില്‍ ഒരു പരീക്ഷ എഴുതുകയും അതില്‍ ഫസ്റ്റ് റാങ്ക് കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ആ ജോലി തനിക്ക് യോജിച്ചതല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ചിന്ത സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞത്.
സിവില്‍ സര്‍വീസ് അക്കാദമിയിലും മറ്റു അക്കാദമികളിലും പരിശീലനം നടത്തി. ആറു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണു സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് അഭിമുഖത്തിനായി ആശിഷ് ചെല്ലുന്നത്.
വ്യക്തിപരമായ വിനോദങ്ങള്‍, ജോലി സംബന്ധമായ കാര്യങ്ങള്‍ എന്നിവയാണ് അഭിമുഖം നടത്തുന്ന ബോര്‍ഡ് കൂടുതലായി ചോദിച്ചറിഞ്ഞത്.
അഭിമുഖത്തിനു തയ്യാറെടുക്കുന്നതിനു കുറച്ചു ദിവസങ്ങളേ ലഭിച്ചുള്ളൂവെന്നും തിരുവനന്തപുരത്ത് ഐഎഎസ് അക്കാദമി നടത്തുന്ന ഷിനാസാണ് അഭിമുഖ പരീക്ഷയ്ക്ക് തന്നെ സജ്ജമാക്കിയതെന്നും ആശിഷ് പറയുന്നു.