ബോസ്റ്റൺ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ അന്തർവാഹിനിയിൽ പോകുന്നതിനിടെ കടലിനടിയിൽ കാണാതായ വിനോദസഞ്ചാരികൾക്കായുള്ള തെരച്ചിൽ യുഎസ് തീരസംരക്ഷണസേന ഊർജിതമാക്കി.
കനേഡിയൻ തീരസംരക്ഷണസേനയും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നു.
ചെറിയ അന്തർവാഹിനിയിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ ഞായറാഴ്ചയാണ് ഇവരെ കാണാതാകുന്നത്. 96 മണിക്കൂർ നേരത്തേക്കുള്ള പ്രാണവായു മാത്രമാണ് അന്തർവാഹിനിയിലുള്ളത്.
യാത്രയാരംഭിച്ച് ഒരു മണിക്കൂർ 45 മിനിറ്റിനുശേഷമാണ് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ടൈറ്റൻ എന്നാണ് ചെറു അന്തർവാഹിനിയുടെ പേര്.
ടൈറ്റാനിക് അവശിഷ്ടങ്ങൾ കിടക്കുന്നിടത്തേക്കു സഞ്ചരിക്കാൻ ഉപയോഗിക്കുന്ന അന്തർവാഹിനിയാണിത്. ഓഷൻഗേറ്റ് എക്സ്പഡിഷൻ എന്ന കന്പനിയാണ് യാത്ര സംഘടിപ്പിച്ചത്.
ഒരാളിൽനിന്ന് രണ്ടര ലക്ഷം ഡോളറാണ് കന്പനി ഈടാക്കുന്നത്. 1912ലെ ടൈറ്റാനിക് ദുരന്തത്തിൽ 1,500ലധികം പേർ മരിച്ചിരുന്നു.
കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽനിന്ന് 600 കിലോമീറ്റർ അകലെ 3800 മീറ്റർ ആഴത്തിലാണ് കപ്പൽ മുങ്ങിക്കിടക്കുന്നത്.