ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും വില്ലേജ് ഉദ്യോഗസ്ഥരുടെ നിലപാടിന് മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മ റവന്യൂമന്ത്രിയ്‌ക്കെഴുതിയ ആത്മഹത്യാക്കുറിപ്പ്. ‘എന്റെ വയോധികമാതാവിന്റെ അവസാന ആഗ്രഹമായിരുന്നു ആകെയുള്ള നാലു സെന്റില്‍ അവരുടെ ചിതയൊരുക്കണമെന്നത്. ആ ആഗ്രഹം സാധിച്ചു നല്‍കാന്‍ എനിക്കായില്ല. വില്ലേജ് അധികൃതര്‍ വ്യാജരേഖ ചമച്ച് എന്റെ അമ്മയുടെ ഭൂമി മറ്റൊരാള്‍ക്ക് കരം തീര്‍ത്തു നല്‍കി. സ്വന്തം ഭൂമി കരം തീര്‍ത്തു കിട്ടാത്ത ഹൃദയവേദനയോടെ മസങ്ങള്‍ക്ക് മുന്‍പ് അമ്മ ഈ ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം വസ്തുവിന്റെ കരം തീര്‍ത്തു കിട്ടാന്‍ ഞാന്‍ മുട്ടാത്ത വാതിലുകളില്ല. ഇനി മടുത്തു. കണ്ണില്‍ ചോരയില്ലാത്ത ഭരണകൂടത്തോടുള്ള മുഴുവന്‍ അമര്‍ഷവും ഉള്ളിലൊതുക്കി ഞാനും..’വെള്ളനാട് ചാങ്ങ കല്‍പ്പടക്കുഴി വീട്ടില്‍ ലീല(52) കണ്ണീരു കൊണ്ടെഴുതിയ കത്തിലെ വരികളാണിത്. 2011ലാണ് ലീലയുടെ അമ്മ കമലാ ഭായിയുടെ പേരിലുണ്ടായിരുന്ന 524/8 സര്‍വെ നമ്പറിലെ 4.50 സെന്റ് വസ്തു വെള്ളനാട് വില്ലേജ് ഓഫീസിലെ ചില ഉദ്യോഗസ്ഥരും മെടുമങ്ങാട് റീസര്‍വെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥയും ചേര്‍ന്ന് മറ്റൊരാള്‍ക്ക് കരമൊടുക്കി നല്‍കിയത്. തന്റെ സ്ഥലം മറ്റൊരാള്‍ സ്വന്തമാക്കുന്നത് കണ്ട് എണ്‍പതുകാരി കമലാഭായി നിയമയുദ്ധം ആരംഭിച്ചു. കോടതി പോലും ഭൂമി കമലാ ഭായിയുടേതെന്ന് വിധിച്ചു. റവന്യൂ വിജിലന്‍സ് അന്വേഷണത്തില്‍ വില്ലേജ് ജീവനക്കാര്‍ക്ക് പറ്റിയ പിശകാണ് വസ്തു മറ്റൊരാളുടെ പേരിലാകാന്‍ കാരണമെന്ന് കണ്ടെത്തി. എന്നാല്‍ കമലാഭായിയുടെ പേരിലേക്ക് വസ്തു കരംതീര്‍ത്ത് നല്‍കാന്‍ വില്ലേജ് ജീവനക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. കമലാഭായിയുടെ കാലശേഷം വസ്തുവിന്റെ അവകാശിയായ മകള്‍ ലീല മന്ത്രി മന്ദിരങ്ങള്‍ കയറിയിറങ്ങിയെങ്കിലും തിരിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനോ ഇവര്‍ക്ക് നീതി നല്‍കാനോ ആരുമില്ല. ഭൂരേഖകള്‍ തെളിവായി കൈവശമുണ്ടായിട്ടും ഭൂമി സ്വന്തമല്ലാതായ തന്റെ തേങ്ങലുകള്‍ ഭരണക്കാര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ അവഗണിക്കുകയാണെന്ന് ലീല പറയുന്നു. വെള്ളറടയില്‍ വില്ലേജ് ഓഫീസ് അഗ്‌നിക്കിരയാക്കാന്‍ ശ്രമിച്ച സാംകുട്ടിയും ചെമ്പനോടയില്‍ കെട്ടിത്തൂങ്ങിയ ജോയിയും ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെട്ടവരാണ്. ഒടുവില്‍ ജോയിക്ക് നീതി ലഭിക്കാന്‍ സ്വന്തം ജീവന്‍ തന്നെ ബലിയര്‍പ്പിക്കേണ്ടിയും വന്നു. നീതികിട്ടാന്‍ ജീവന്‍ നല്‍കണമെങ്കില്‍ അതിനും താന്‍ തയാറാണെന്ന് ലീല പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. മരണങ്ങള്‍ തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടില്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോവുന്നതെന്ന് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ആ മോഹം പൊലിഞ്ഞു! അമ്മയുടെ അവസാന ആഗ്രഹവും നടന്നില്ല; വില്ലേജ് അധികൃതര്‍ വ്യാജരേഖ ചമച്ച് ആ ഭൂമി തട്ടിയെടുത്തു; റവന്യൂ മന്ത്രിക്ക് വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ്
