പെരുനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ പെരുനാട്ടിൽ ഡ്രോൺ നിരീക്ഷണം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പെരുനാട്ടിലെ ബഥനിമല, കോളാമല, കൂനംകര ഭാഗങ്ങളിൽ കടുവയെ കണ്ടിരുന്നു.
വളർത്തുമൃഗങ്ങൾ ഇവയുടെ ആക്രമണത്തിനു വിധേയമാകുകയും ചെയ്തു. കൂട് സ്ഥാപിച്ചു കടുവയെ പിടികൂടാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.
കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ പട്ടാപ്പകലും കടുവയുടെ സാന്നിധ്യമുണ്ടായി. തുടർന്ന് കടുവയെ കണ്ടെത്തുന്നതിലേക്കു ഡ്രോൺ നിരീക്ഷണത്തിന് തീരുമാനമെടുക്കുകയായിരുന്നു. ഇന്നലെയാണ് ആധുനിക ഡ്രോണിന്റെ സഹായത്തോടെ കടുവയെ നിരീക്ഷിക്കാൻ തുടങ്ങിയത്.
കൂനംകര ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും കടുവ കാണാമറയത്ത് തുടരുകയാണ്.
വരും ദിവസങ്ങളിലും ഡ്രോൺ നിരീക്ഷണം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം.
ഇതിനിടെ പെരുനാട്ടിലെ തോട്ടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാൻ ആരംഭിച്ചിട്ടുണ്ട്. ടാപ്പിംഗ് നിലച്ചു കിടക്കുന്ന തോട്ടങ്ങളിൽ കാടുവളർന്നിരിക്കുന്നതിനാൽ കടുവയ്ക്ക് നാട്ടിൽ തന്നെ താവളം ആകുകയാണെന്ന ആക്ഷേപം ഉണ്ട്.