അറുപതിലധികം വര്‍ഷങ്ങളായി ഈ ഉമ്മ ഞങ്ങള്‍ക്ക് അമ്മയും സഹോദരിയുമൊക്കെയാണ്! കോഴിക്കോടു നിന്നും, അനുകരണീയമായ ഒരു മതസൗഹാര്‍ദ്ദ കഥ ; റിട്ടയേര്‍ഡ് അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മതസൗഹാര്‍ദ്ദം എന്നത് പലപ്പോഴും നമ്മുടെ സമൂഹത്തില്‍ പ്രസംഗിച്ച് മാത്രം കേള്‍ക്കാറുള്ളതാണ്. കാലം എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നവരും നിര്‍ത്തപ്പെടുന്നവരും ഒട്ടും കുറഞ്ഞിട്ടില്ല. വിദ്യാഭ്യാസത്തിനും ഇക്കാര്യത്തില്‍ കാര്യമായ പങ്കുവഹിക്കാനായിട്ടില്ല എന്നതും ചിന്തിക്കേണ്ടതാണ്. എങ്കിലും മതത്തെ മനുഷ്യ മനസുകളെ തമ്മില്‍ മറയ്ക്കുന്ന മതിലായി കണക്കാക്കാത്ത ആളുകള്‍ ലോകത്തുണ്ട് എന്നതിന്റെ തെളിവുകള്‍ ഇടയ്ക്കിടെ വാര്‍ത്തകളാകാറുണ്ട്. അക്കൂട്ടത്തിലൊന്നാണ് കോഴിക്കോട് പേരാമ്പ്രയില്‍ നിന്നുള്ള ഒരു കാഴ്ച.

സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ കണക്കാക്കി കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറ സാന്നിധ്യമായി തങ്ങള്‍ കാത്തുപോരുന്ന ഉമ്മറ്റിയാറമ്മയെന്ന മുസ്ലീം വല്യമ്മെയ്ക്കുറിച്ച് കെ ടി ബാലകൃഷ്ണന്‍ സനോര എന്ന റിട്ടയേര്‍ഡ് അധ്യാപകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറിപ്പിനോടൊപ്പം ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട് അദ്ദേഹം. കുടുംബത്തിലെ അംഗത്തിന്റെ വിവാഹദിനത്തില്‍ പങ്കെടുക്കുന്ന ഉമ്മറ്റിയാറമ്മയുടെ ചിത്രങ്ങളാണത്. കഴിഞ്ഞ അറുപത് വര്‍ഷത്തിലധികമായി ഈ ഉമ്മ ഞങ്ങള്‍ക്ക് അമ്മയും സഹോദരിയുമൊക്കെയാണെന്നാണ് ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടില്ലെങ്കിലും, ഇദ്ദേഹത്തിന്റെ വലിയ മനസിനെ അഭിനന്ദനങ്ങള്‍കൊണ്ട് പൊതിയുകയുമാണ് സോഷ്യല്‍മീഡിയ. ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഈ ഉമ്മ ഞങ്ങളുടെ മക്കള്‍ക്ക് ഉമ്മറ്റിയാറമ്മമ്മ. ഞങ്ങള്‍ക്ക് അമ്മയായ ഉമ്മറ്റ്ര്യാര്‍. കഴിഞ്ഞ അറുപത് വര്‍ഷത്തിലധികമായി വീട്ടിലുള്ള എല്ലാ ചടങ്ങുകളിലും പര്യയിച്ചി ഉമ്മറ്റ്വാര്‍ ഉണ്ടാവും. പതിനൊന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മൂത്ത സഹോദരി ഞങ്ങളെ വിട്ടുപിരിഞത്.അനുജന്റെ മകന്റെ വിവാഹം സഹോദരിയുടെ വേര്‍പാടിന് ശേഷമായിരുന്നു. ഞങ്ങള്‍ അമ്മയുടെയും മൂത്ത ചേച്ചിയുടെ സ്ഥാനത്ത് നിര്‍ത്തി ഇവരില്‍ നിന്ന് കൂടി അനുഗ്രഹ വാങ്ങിയണ് വരനെ യാത്രയാക്കിയത്.

Related posts