വാഷിംഗ്ടൺ: വളർത്തമ്മ മറന്നുപോയതിനെ തുടർന്ന് ഒമ്പത് മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ ഒരു വയസുകാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം.
ഇവിടത്തെ ഒരു പ്രാദേശിക ആശുപത്രിയിൽ ജോലിക്ക് പോകുമ്പോൾ കുഞ്ഞ് കാറിനുള്ളിലുള്ള വിവരം മറന്ന് കാർ ലോക്ക് ചെയ്ത് വളർത്തമ്മ പോവുകയായിരുന്നു.
പിന്നീട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് കാറിനുള്ളിൽ കുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടി അപകടത്തിൽപ്പെട്ട ദിവസം പ്രദേശത്തെ താപനില 21 ഡിഗ്രിയോളം ആയിരുന്നു. വാഹനത്തിനുള്ളിലെ താപനിലയാകട്ടെ 38 ഡിഗ്രിക്ക് മുകളിലും.
കുഞ്ഞിനെ കാറിനുള്ളിൽ മറന്നുപോയ സ്ത്രീ സാമൂഹിക പ്രവർത്തകയും ഹോസ്പിറ്റൽ ജീവനക്കാരിയുമാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
അന്വേഷണം പുരോഗമിക്കുകയാണെന്നും വളർത്തമ്മയ്ക്കെതിരേ കുറ്റം ചുമത്തണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.