സുന്ദരിയമ്മ കൊലക്കേസ് ആസ്പദമാക്കി ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യന്’ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ശോഭനമായ ഭാവിയിലേക്കു തിരികെ എത്തുന്ന നായകനിലാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ യഥാര്‍ഥ ജീവിതത്തിലെ നായകന് ജയേഷിന്റെ ഭാവി തീരെ ശോഭനമല്ലായിരുന്നു. പോലീസുകാരാല്‍ കുറ്റം ചാര്‍ത്തപ്പെട്ട് നരകയാതന അനുഭവിച്ച ശേഷം അവസാനം കുറ്റക്കാരനല്ലെന്നു തെളിഞ്ഞ് വെറുതേ വിട്ട ജയേഷിന്റെ ജീവിതവും ഈ ചിത്രത്തിനൊരു പ്രചോദനമായിരുന്നു. ‘ആ കേസോടെ എന്റെ ജീവിതമാകെ തകര്‍ന്നു, കൊലപാതകിയെന്ന പേര് എന്നെ വിടാതെ പിന്തുടരുകയാണ്, ആ കറ മായുന്നില്ല. കോഴിക്കോട് സ്വദേശി ജയേഷ് പറയുന്നു.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ…2012 ജൂലൈ 21 ന് പുലര്‍ച്ചെയാണ് ഹോട്ടലുകളില്‍ പലഹാരം വിറ്റ് ഉപജീവനം നടത്തുന്ന സുന്ദരിയമ്മ എന്ന മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തുന്നത്. പൊലീസിനു പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. എന്നിട്ടും രക്ഷയുണ്ടാകാഞ്ഞതിനാല്‍ മുഖംരക്ഷിക്കാന്‍ സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയായി ജയേഷിനെ പൊലീസ് തീരുമാനിക്കുകയായിരുന്നു. അതിനായി നിരവധി വ്യാജതെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തു.
കൊലപാതകക്കുറ്റം ഏറ്റെടുക്കാന്‍ പിന്നീട് പീഡനങ്ങളുടെ നാളുകളായിരുന്നു.എന്നാല്‍ തെളിവുകളും സാക്ഷികളും പൊലീസിന്റെ വ്യാജസൃഷ്ടിയാണെന്നു തെളിഞ്ഞതോടെ മാറാട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ ജയേഷ് എന്ന ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടു. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്നും ഈ തുക കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി പൃഥ്വിരാജ്, സിഐ പ്രമോദ് എന്നിവരില്‍നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. വാര്‍ത്താ പ്രാധാന്യം നഷ്ടമായതോടെ മാധ്യമങ്ങളാരും പിന്നീട് ജയേഷിന്റെ പിന്നാലെ പോയില്ല. പക്ഷെ അതിനു ശേഷം ജയേഷിന്റെ ജീവിതം ദുരിതക്കയത്തിലായി എന്നു വേണം പറയാന്‍. തന്റെ ജീവിതത്തെക്കുറിച്ച് ജയേഷ് പറയുന്നതിങ്ങനെ…
‘കോടതി നിരപരാധിയാണെന്നു വിധിച്ചെങ്കിലും ഇന്നും പൊലീസ് എന്നെ വേട്ടയാടുകയാണ്. കോടതിയില്‍നിന്ന് ഇറങ്ങിയപ്പോള്‍ത്തന്നെ അവര്‍ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു, വെറുതെ വിടില്ലെന്ന്. നാട്ടില്‍ എന്തു കേസ് നടന്നാലും അത് എന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ്. ഈ അടുത്ത് ഒരു കല്യാണവീട്ടില്‍ പന്തല്‍പണിക്കു പോയി. അവിടെ മോഷണം നടന്നു എന്നു പറഞ്ഞ് ആ കേസിലും എന്നെ പിടിച്ചു. ഞാന്‍ വീടിന്റെ അകത്തു കയറിയിട്ടില്ലെന്നു പറഞ്ഞെങ്കിലും അവര്‍ അതൊന്നും കേട്ടില്ല. ഈ കേസും എനിക്കെതിരെ തെളിവില്ലാത്തതിനാല്‍ തള്ളിപ്പോയി.
എന്നാലും ഇടയ്ക്കിടയ്ക്ക് ക്രൈംബ്രാഞ്ചില്‍നിന്ന് വിളിപ്പിക്കും. എനിക്കു തനിയെ പോകാന്‍ ഭയമാണ്. എന്തുണ്ടെങ്കിലും വക്കീല്‍ അജയകുമാര്‍ സാറിനോടു ചോദിച്ചിട്ടേ ഞാന്‍ പോകൂ. അദ്ദേഹം ഒപ്പമുള്ളതാണ് ഏക ആശ്വാസം. സ്വന്തമായിട്ട് എനിക്ക് ആരുമില്ല. കോടതി വെറുതെ വിട്ട ശേഷം ഒരു വിവാഹാലോചന വന്നു. ആ പെണ്‍കുട്ടി വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. അവര്‍ മൂന്ന് പെണ്മക്കളാണ്. അച്ഛന് ചെറുപ്പത്തില്‍ ഉപേക്ഷിച്ചുപോയവരാണ്.അവള് ജീവിതത്തിലേക്ക് വന്നപ്പോള്‍ എനിക്ക് ആരെങ്കിലും ആയല്ലോ എന്ന് സന്തോഷിച്ചതാണ്. മരണം വരെ ഒറ്റയ്ക്കു കഴിയേണ്ടി വരില്ലെന്നുള്ള പ്രത്യാശ തോന്നിയിരുന്നു. പക്ഷേ അതും അധികനാള്‍ ഉണ്ടായില്ല. കോടതി തരാമെന്നു പറഞ്ഞ നഷ്ടപരിഹാരത്തുകയിലായിരുന്നു അവരുടെ കണ്ണ്. അതു കിട്ടാന്‍ കാലതാമസം നേരിട്ടതോടെ അവള് എന്നെ ഉപേക്ഷിച്ചു പോയി.
തുക തരാതിരിക്കാന്‍ പോലീസ് ഹര്‍ജി നല്‍കിയെന്നും തന്റെ കൈയ്യില്‍ ഇപ്പോള്‍ ഒരു ചായകുടിക്കാനുള്ള കാശുപോലുമില്ലെന്നും ജയേഷ് പറയുന്നു. കേസു നടത്തിപ്പിനായി എറണാകുളത്തെത്തുന്നതും വളരെ ബുദ്ധിമുട്ടിയാണെന്ന് ജയേഷ് വ്യക്തമാക്കുന്നു. കോഴിക്കോട്ടെ സിറ്റി ഹോട്ടലില്‍ ജോലിക്കാരനായ തനിക്ക് ഇപ്പോള്‍ അവിടുത്തെ പണി നഷ്ടമായെന്നും ജയേഷ് പറയുന്നു.സുന്ദരിയമ്മയുടെ കൊലപാതകം നടക്കുന്ന സമയത്ത് താന്‍ ഹോട്ടലിലുണ്ടായിരുന്നുവെന്നു പറഞ്ഞ ഹോട്ടല്‍ ഉടമ ജലീല്‍ കോടതിയില്‍ നല്കിയ മൊഴിയാണ് നിര്‍ണായകമായതെന്നും ഇതെല്ലാം ഹോട്ടലിലെ സിസിടിവിയിലുണ്ടായിട്ടും പൊലീസ് ജലീലിനോട് കള്ളം പറയാന്‍ പറഞ്ഞു. ”പക്ഷേ അദ്ദേഹം കോടതിയില്‍, ഞാന്‍ എങ്ങും പോയിട്ടില്ല, അദ്ദേഹത്തിന് കട്ടന്‍ ഇട്ട് കൊടുക്കുകയായിരുന്നു എന്ന് സത്യസന്ധമായ മൊഴിനല്‍കി. പക്ഷേ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം എനിക്ക് അവിടെ ജോലി തരാന്‍ ഇക്കയ്ക്കു സാധിക്കുമായിരുന്നില്ല”. ജയേഷ് പറഞ്ഞു.
പൊലീസ് എന്റെ കൂട്ടുകാരെയും ഇക്കയേയുമൊക്കെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഞാന്‍ സിറ്റി ഹോട്ടല്‍ പരിസരത്തുനിന്ന് അകന്ന് ഗുജറാത്തി സ്ട്രീറ്റിലുള്ള മറ്റൊരു ഹോട്ടലിലാണ് ഇപ്പോള്‍ ജോലി നോക്കുന്നത്. അഫ്സല് എന്നയാളാണ് അതിന്റെ മാനേജര്‍. അദ്ദേഹത്തിന്റെ കാരുണ്യത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. ചുവന്ന ബനിയന് ഇട്ട ഒരാളാണ് വെട്ടിയിട്ട് ഓടിയത്. അതു ഞാനാണെന്ന് ഒരു സാക്ഷിക്കു കൈക്കൂലി കൊടുത്ത് പൊലീസ് പറയിച്ചു. പക്ഷേ കോടതിയില്‍ വക്കീലിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അയാള്‍ പതറി.
ഞാന്‍ ജനിച്ചയുടനെ ആശുപത്രിയില്‍ കളഞ്ഞിട്ടു പോയതാണ് എന്റെ ഉമ്മയും ബാപ്പയും. ഞാന്‍ അവരെ കണ്ടിട്ടില്ല. സുമതിയമ്മയാണ് എന്നെ വളര്‍ത്തിയത്. അവരുടെ അഞ്ച് പെണ്‍മക്കള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്. പൊലീസ് എന്റെ ഉമ്മയെയും ബാപ്പയെയും തേടി കണ്ടുപിടിച്ചു. കോടതിയില്‍വച്ചാണ് ആദ്യമായി ഞാനെന്റെ മാതാപിതാക്കളെ കാണുന്നത്. എന്നെയാരും ജബ്ബാര്‍ എന്ന് വിളിച്ചിട്ടില്ല, എനിക്ക് അങ്ങനെയൊരു പേരും ഇല്ല. പൊലീസ് ഇട്ട പേരായിരുന്നു. ജയേഷ് പറയുന്നു.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പോലീസിനോട് നൂറുവട്ടം കരഞ്ഞു പറഞ്ഞിട്ടും അവര്‍ തന്നെ ഉപദ്രവിച്ചെന്നും കണ്ണു കെട്ടി, കൈയില്‍ വിലങ്ങുവെച്ച് കുറേ പടികളുള്ള ഒരു കെട്ടിടത്തില്‍ കൊണ്ടുപോയി കെട്ടിത്തൂക്കിയിട്ടായിരുന്നു ഉപദ്രവമെന്നും ജയേഷ് പറയുന്നു. ആ പോലീസ് പീഡനത്തിന്റെ അടയാളം ഇപ്പോഴും ശരീരത്തിലുണ്ട്. ജയിലില്‍വെച്ചും അടികൊണ്ടിട്ടുണ്ട്. കോടതിയില്‍ ആദ്യത്തെ വട്ടം കൊണ്ടുപോയപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടാമത്തെ വട്ടം പക്ഷേ ഞാന്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു. അതുകണ്ടിട്ടാണ് കോടതി എനിക്കു വക്കീലിനെ ഏര്‍പ്പാടാക്കിയത്. അജയകുമാര്‍ സാര്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പുറംലോകം കാണില്ലായിരുന്നു. അവര്‍ എന്റെ കൈയില്‍ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച കത്തിയില്‍ ഒരുതുള്ളി രക്തം പോലും പുരണ്ടിട്ടില്ലെന്നു കോടതിയില്‍ തെളിഞ്ഞു.
കേസില്‍നിന്നു വിട്ട ശേഷം മധുപാല്‍ സാറിന്റെ ഒപ്പമുള്ള മറ്റൊരു സാര്‍ (തിരക്കഥാകൃത്ത് ജീവന് ജോബ് തോമസ്) എന്നെ കാണാന്‍ വന്നിരുന്നു. ഒരുപാടു നേരം സംസാരിച്ചു. എന്റെ ജീവിതം സിനിമയാക്കുകയാണെന്നു പറഞ്ഞു. പക്ഷേ സിനിമ ഇറങ്ങിയതും വിജയിച്ചതും ഒന്നും അറിഞ്ഞിരുന്നില്ല. ഈ അടുത്താണ് സിനിമ കണ്ടത്. എനിക്കു കണ്ണീരടക്കാനായില്ല. അതില്‍ കാണിച്ചിരിക്കുന്നത് എല്ലാം ശരിയാണ്. ഞാനാരെയും കൊന്നിട്ടില്ല. സുന്ദരിയമ്മ എനിക്ക് അമ്മയെ പോലെയായിരുന്നു. അമ്മയെ കൊന്ന ആളിനെ കണ്ടുപിടിക്കേണ്ടത് എന്റെ കൂടി ആവശ്യമാണ്. ഇനി സഹിക്കാന്‍ വയ്യ, അത്രയ്ക്ക് അനുഭവിച്ചു. ഇടറുന്ന ശബ്ദത്തില്‍ ജയേഷ് പറയുന്നു.