മുമ്പേ പറന്ന പക്ഷി ! അഭിനന്ദന്‍ വര്‍ദ്ധമാനെ രാജ്യം അഭിനന്ദിക്കുമ്പോള്‍ നിര്‍മല്‍ജിത് സിംഗ് സെഖോന്‍ എന്ന ഫ്‌ളൈയിംഗ് ഓഫിസറെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം; ധീരതയുടെ പര്യായമായവര്‍ക്ക് ലഭിക്കുന്ന പരമവീര ചക്ര ലഭിച്ച ഏക വ്യോമസേന ഉദ്യോഗസ്ഥന്റെ കഥ…

അതിര്‍ത്തി കടന്നെത്തിയ പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുകയും ഒടുവില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ശേഷവും പതറാതെ രാജ്യത്തിനായി ജയ് വിളിക്കുകയും ചെയ്ത വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ന് ദേശീയ ഹീറോയാണ്. കരസേനയുടെ പ്രഭാവത്തില്‍ പലപ്പോഴും അര്‍ഹിക്കുന്ന പ്രശംസ ലഭിക്കാതെ മങ്ങിക്കിടന്ന വ്യോമസേനയുടെ ശക്തി തിരിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു ബാലക്കോട്ടെ എയര്‍അറ്റാക്ക്. അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന വിംഗ് കമാന്‍ഡര്‍ വ്യോമസേനയുടെ ധീരതയുടെ പ്രതീകമായി മാറുകയും ചെയ്തു.

രാജ്യം അഭിനന്ദനെ പ്രശംസിക്കുന്നതിനിടയിലും നാം മറന്നു കൂടാത്ത ഒരു പേരുണ്ട്. അതായിരുന്നു നിര്‍മല്‍ജിത് സിംഗ് സെഖോന്‍. 1971ലെ ഐതിഹാസിക പോരാട്ടത്തില്‍ വീരമൃത്യു വരിക്കുമ്പോള്‍ നിര്‍മല്‍ജിതിന് പ്രായം 26 മാത്രമായിരുന്നു. സെഖോനിനെക്കുറിച്ച് ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

1971ലെ ഐതിഹാസിക പോരാട്ടത്തില്‍ വീരമൃത്യു വരിക്കുമ്പോള്‍ നിര്‍മല്‍ജിതിന് പ്രായം 26 മാത്രമായിരുന്നു. ഈസ്റ്റ് പാകിസ്ഥാന്‍ (ബംഗ്ലാദേശ്) മോചിപ്പിക്കാനുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന ആ തണുത്ത ഡിസംബര്‍ മാസത്തില്‍ കനത്ത യുദ്ധം നടന്നിരുന്ന കിഴക്കന്‍ ഇന്ത്യ ഒഴിവാക്കി താരതമ്യേന സേനാബലം കുറഞ്ഞ പടിഞ്ഞാറന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിട്ടു. (Border സിനിമയ്ക്ക് പ്രചോദനമായ Longevalaയിലെ യുദ്ധം അതിന്റെ അനന്തരഫലമാണ്. വെറും ഇരുപത്തഞ്ചു സൈനികരും ഒരു ജീപ്പ് മൗണ്ടഡ് ഗണ്ണും രണ്ട് മെഷീന്‍ ഗണ്ണും മാത്രമുണ്ടായിരുന്ന ഇന്ത്യ പാകിസ്ഥാന്റെ ഒരു ടാങ്ക് പടയെ നേരിട്ട് അവസാനം 36 ടാങ്കുകള്‍ നശിപ്പിച്ചതാണ് Longewalaയിലെ യുദ്ധം.)

അതേ സമയത്തു തന്നെ തന്ത്രപ്രധാനമായ ശ്രീനഗര്‍ എയര്‍ബേസ് ആക്രമിച്ചു നശിപ്പിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിട്ടു. ഡിസംബര്‍ 14 തീയതി ശ്രീനഗര്‍ ലക്ഷ്യമാക്കി പാകിസ്ഥാന്റെ 6 Canadair Sabre ഫൈറ്റര്‍ ജെറ്റുകള്‍ പറന്നുയര്‍ന്നു. നല്ലൊരു റഡാറോ AEW&CS ഓ ഇല്ലാതിരുന്ന അക്കാലത്ത് ശത്രു സാന്നിദ്ധ്യമറിയാന്‍ IAF ആശ്രയിച്ചിരുന്നത് ഉയര്‍ന്ന മലനിരകളില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്ക്‌പോസ്റ്റുകളെയായിരുന്നു.

ഡിസംബറിലെ കോടമഞ്ഞില്‍ ശത്രുവിമാനങ്ങളുടെ സാന്നിദ്ധ്യം ചെക്ക് പോസ്റ്റുകള്‍ തിരിച്ചറിഞ്ഞത് അല്‍പം വൈകിയാണ്. ഉടന്‍ തന്നെ വിവരം കൈമാറിയെങ്കിലും പാക് ജെറ്റുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്‌ലൈയിങ്ങ് ബുള്ളറ്റ്‌സ് സ്‌ക്വാഡ്രനിലെ ഫ്‌ലൈറ്റ് ലഫ്റ്റനന്റായ ജി-മാന്‍ എന്നറിയപ്പെട്ടിരുന്ന Baldhir Singh Ghumman, ഫ്‌ലൈയിങ്ങ് ഓഫീസര്‍ ശേഖോന്‍ എന്നിവര്‍ ഉടന്‍ തന്നെ അവരുടെ യുകെ നിര്‍മ്മിത Folland Aircraft Gnat എന്ന ചെറു യുദ്ധവിമാനങ്ങളില്‍ പറന്നുയര്‍ന്നു. (Folland Aircraft പിന്നീട് Hawker Sideley ഉം അതിനു ശേഷം BAEയും ആയി രൂപാന്തരം പ്രാപിച്ചു. BAE ആണ് Dassault Rafaelന്റെ പ്രധാന എതിരാളിയായ Eurofighter Typhoon ന്റെ മൂന്നു നിര്‍മ്മാതാക്കളില്‍ ഒരാള്‍)

പറന്നുയരുന്നതിനിടെ കനത്ത ബോംബിംഗിന്റെയും ഡോഗ്‌ഫൈറ്റിന്റെയും കോടമഞ്ഞിന്റെയും ഫലമായി വിഷ്വല്‍ നഷ്ടമായ Ghumman പിന്നീട് കേള്‍ക്കുന്നത് 4 PAF ജെറ്റുകളോട് ഒറ്റയ്ക്ക് പൊരുതുന്ന ശേഖോനെയാണ്. കനത്ത ഡോഗ്‌ഫൈറ്റില്‍ ആദ്യജോടി PAF ജെറ്റുകളെ തകര്‍ത്ത ശേഖോന്റെ Gnatനും അതിനിടെ വെടിയേറ്റിരുന്നു.തകരാറിലായ ഫ്‌ളൈറ്റിനെ തിരികെ എയര്‍ ബേസിലെത്തിക്കാന്‍ ശേഖോന്‍ ശ്രമിച്ചെങ്കിലും ശ്രമം പാഴായി. 37 ബുള്ളറ്റുകള്‍ തുളഞ്ഞു കയറിയ ആ വിമാനം അപ്പോഴേക്കും അതിന്റെ അന്ത്യശ്വാസം വലിച്ചിരുന്നു. തുടര്‍ന്ന് ഫ്‌ലൈറ്റില്‍ നിന്നും എജക്റ്റ് ചെയ്യാന്‍ ഒരു ശ്രമം നടത്തിയെങ്കിലും Ejection പ്രവര്‍ത്തിച്ചില്ല. ബാലന്‍സ് നഷ്ടമായി താഴെ വീണ വിമാനം അതിന്റെ അവസാന ഫ്‌ലൈറ്റില്‍ പൈലറ്റിനെയും ഒപ്പം കൂട്ടി.

അവസാനശ്വാസം വരെ ശത്രുവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി സ്വന്തം നാടിനെ കാത്ത ആ വീരനെ രാജ്യം പരംവീര്‍ ചക്ര നല്‍കി ആദരിച്ചു. I think I am hit. G-man, come and get them. ഇതായിരുന്നു ശേഖോന്റെ അവസാനസന്ദേശം. വിമാനം തകര്‍ന്നുവെന്ന് ഉറപ്പായപ്പോഴും ശത്രുക്കളെ തുരത്തുകയെന്ന ഒരു സൈനികന്റെ മുഖ്യ ചുമതലയാണ് ആ ധീരന്‍ വഹിച്ചത്. അത്തരം ധീരരുടെയും സാഹസികരുടെയും പിന്മുറക്കാര്‍ മോശമാകുമോ ? ഭാരതാംബ ജന്മം നല്‍കുന്നത് സിംഹക്കുട്ടികള്‍ക്കാണ്…വന്ദേമാതരം

Related posts