കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി. ജയരാജനെതിരേ മത്സരിച്ച സിപിഎം വിമതന്‍ സി.ഒ.ടി. നസീറിനെതിരായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു സൂചിപ്പിക്കുന്ന തരത്തില്‍, വീണു കിടക്കുന്ന നസീറിന്റെ ദേഹത്ത് െബെക്ക് കയറ്റുന്നതും തുടരെ വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മേയ് 18-ന് രാത്രി തലശേരി കയ്യാത്ത് റോഡില്‍വച്ചാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. അക്രമികള്‍ ആയുധങ്ങളുമായി വഴിയില്‍ കാത്തു നില്‍ക്കുന്നതു മുതലുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. കൂടുതല്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ അക്രമികള്‍ മൂന്നുപേര്‍ ഒരു െബെക്കില്‍ കയറി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. അതേസമയം, എ.എന്‍. ഷംസീര്‍ എം.എല്‍.എക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നു നസീര്‍ വ്യക്തമാക്കി.
തന്നെ ഓഫീസില്‍ വിളിച്ചു വരുത്തി എം.എല്‍.എ. ഭീഷണിപ്പെടുത്തി. കേസ് മരവിപ്പിക്കാനുള്ള നീക്കത്തിനെതിരേ നിയമപോരാട്ടം ശക്തമാക്കുമെന്നും നസീര്‍ പറഞ്ഞു. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തലശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇവര്‍ പോലീസ് എഫ്.ഐ.ആറിന്റെ അന്വേഷണ പരിധിയില്‍പ്പെടാത്തവരാണ്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കേസില്‍ പോലീസിന്റെ അന്വേഷണം അത്ര ഊര്‍ജ്ജിതമല്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലല്ലാതെ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കേസെടുക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഷംസീര്‍ പലപ്പോഴായി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്. കോള്‍ ലിസ്റ്റ് െകെമാറിയിട്ടും പോലിസ് നടപടിയെടുത്തില്ലെന്നും നസീര്‍ ആരോപിക്കുന്നു. നസീറിനെ അക്രമിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിട്ടും തലശേരിയിലെ ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചില്ലെന്നുള്ള വിമര്‍ശനം പാര്‍ട്ടി കമ്മിഷനുണ്ട്.