എടത്വ: നാടിനെ പൊരിക്കുന്ന കനത്ത ചൂട് നെൽക്കർഷകർക്കും വിനയാകുന്നു. വേനൽ മഴ ചതിക്കുന്നതിനു മുന്‍പേ കൊയ്തെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്ന കർഷകർക്കാണ് കനത്ത ചൂട് തിരിച്ചടിയായിരിക്കുന്നത്.
വിളവെടുത്ത നെല്ലിന്റെ തൂക്കം കുറഞ്ഞതാണ് കർഷകരെ വിഷമത്തിലാക്കുന്നത്.കഴിഞ്ഞ പുഞ്ച കൃഷി സീസണില്‍ മഴ ചതിച്ചപ്പോള്‍ ഇക്കുറി ചൂട് ചതിച്ചെന്നു കർഷകർ പറയുന്നു.
വേനൽ മഴയുടെ ഭീഷണി ഒഴിവാക്കാൻ ഇത്തവണ നേരത്തെയാണ് വിതച്ചതും കൊയ്തതും. വിളവെടുത്ത നെല്ലിന്റെ അളവും തൂക്കവും കുറഞ്ഞിട്ടുണ്ട്.
പുഞ്ചകൃഷിയുടെ തുടക്കത്തില്‍ ലഭിച്ച മഴ കതിരിടുന്ന സമയത്തു ലഭിക്കാതിരുന്നതാണ് തിരിച്ചടിയായതെന്നു കർഷകർ പറയുന്നു.
വിളവെടുക്കുന്ന ഒട്ടുമിക്ക പാടങ്ങളിലും നെല്ല് കരിഞ്ഞുണങ്ങിയ നിലയിലാണ്. കഠിനമായ ചൂടില്‍ കതിരില്‍നിന്നു നെല്മണി അടര്‍ന്നു വീണും കര്‍ഷകര്‍ക്കു നഷ്ടം വരുന്നുണ്ട്.
മഴ ഭീഷണി ഇല്ലാത്തതിനാൽ ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകള്‍ കിഴിവ് ആവശ്യപ്പെട്ടില്ലെങ്കിലും നെല്ലിന്റെ തൂക്കക്കുറവ് തിരിച്ചടിയായി.
പാട്ടത്തിനെടുത്തു കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് വലിയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്കു വേനല്‍ക്കാല ഇന്‍സന്റീവ് നല്കുന്ന പോലെ നെല്‍ക്കര്‍ഷകര്‍ക്കും ഇന്‍സെന്റീവ് നല്‍കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.