കാന്‍സറിനെതിരേ പടപൊരുതി വിജയിച്ച നന്ദു എന്ന യുവാവിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്.നന്ദുവിന്റെ അതിജീവനത്തിന്റെ കഥ മുമ്പേതന്നെ വാര്‍ത്തായായിരുന്നു. കീമോയിലൂടെ കൊഴിഞ്ഞ മുടി വീണ്ടും തളിര്‍ക്കുകയാണ് ഒപ്പം പ്രതീക്ഷയും വലിയ വെളിച്ചവും. കാന്‍സറിന് തന്റെ ഒരു കാല് മാത്രമേ നഷ്ടപ്പെടുത്താന്‍ കഴിഞ്ഞുള്ളൂവെന്ന് ജീവിതം കൊണ്ട് തെളിയിച്ച നന്ദു ഈ അനുഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകം എഴുതാനുള്ള തയാറെടുപ്പിലാണ് . ‘പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ഫലത്താല്‍ മരണത്തില്‍ നിന്ന് തിരികെ വന്ന ഞാന്‍. സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാന്‍. വെല്ലുവിളിയായ ജീവിതത്തെ സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാന്‍. ദൈവകൃപയാല്‍ ആയുസ്സ് നീട്ടിക്കിട്ടിയ ഞാന്‍..’ നന്ദു ഫേസ്ബുക്കില്‍ കുറിച്ചു.
നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇതാണ് പുതിയ ഞാന്‍
പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ഫലത്താല്‍ മരണത്തില്‍ നിന്ന് തിരികെ വന്ന ഞാന്‍.സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാന്‍. വെല്ലുവിളിയായ ജീവിതത്തെ സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാന്‍.ദൈവകൃപയാല്‍ ആയുസ്സ് നീട്ടിക്കിട്ടിയ ഞാന്‍….
ഞാനൊരു പുസ്തകം എഴുതുകയാണ്. പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം.സാധാരണക്കാരനില്‍ സാധാരണക്കാരനായ എന്റെ ജീവിത അനുഭവങ്ങളും എന്റെ കാഴ്ചപ്പാടുകളും ഒക്കെയാണ് ഞാന്‍ എഴുതുന്നത്.. അതോടൊപ്പം തന്നെ ശ്വാസകോശത്തിലേക്ക് ചെറിയ ഒന്ന് രണ്ട് സ്പോട്ടുകള്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നുവല്ലോ.ജനുവരി 15 ന് എനിക്ക് സ്‌കാനിംഗ് ഉണ്ട്..അപ്പോള്‍ അത് അവിടെ ഉണ്ടാകാന്‍ പാടില്ല. അതിന് ചികിത്സയോടൊപ്പം തന്നെ മനസ്സിന്റെ ശക്തികൊണ്ട് പ്രാര്‍ത്ഥന കൊണ്ട് ഇല്ലാതാക്കാന്‍ ഒരു പ്രത്യേക മാര്‍ഗ്ഗത്തിലൂടെ ഒരു ശ്രമവും ഞാന്‍ നടത്തുന്നുണ്ട്.
ആ ശ്രമം വിജയിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് അര്‍ബുദ രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.അതിന് നിങ്ങളുടെ പ്രാര്‍ത്ഥനയും വേണം. അതുകൊണ്ടാണ് ഞാന്‍ കുറച്ചു ദിവസമായി മുഖപുസ്തകത്തില്‍ ആക്റ്റീവ് അല്ലാത്തത്. പ്രിയപ്പെട്ടവര്‍ക്ക് Messenger ഇല്‍ മെസ്സേജിന് മറുപടി തരാന്‍ പറ്റാത്തതും അതുകൊണ്ടാണ്..
സ്നേഹം സ്നേഹം സ്നേഹം