കൊച്ചി: ലൈഫ് മിഷന് വടക്കാഞ്ചേരി പദ്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ കൂടുതൽ കുരുക്കിലേക്ക്.
ശിവശങ്കറിന്റെ കൂടുതല്‍ പങ്ക് വ്യക്തമാക്കുന്ന മൊഴികളാണ് ലൈഫ് മിഷന് മുന്‍ സിഇഒ യു.വി. ജോസ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍ എന്നിവർ നൽകിയിട്ടുള്ളത്.
കോഴയിടപാടില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ആവര്‍ത്തിച്ച യു.വി. ജോസ് റെഡ് ക്രെസന്റുമായുള്ള ധാരണാ പത്രത്തില്‍ ഒപ്പുവച്ചതും ശിവശങ്കറിന്റെ നിര്ദേശനുസരണമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്.
പദ്ധതിയുടെ മറവില്‍ നടന്ന കോഴയിടപാടുകളെക്കുറിച്ച് അറിയില്ലെന്നും ജോസ് വ്യക്തമാക്കിയിട്ടുണ്ട്.ലോക്കറില്‍ വെയ്ക്കാന്‍ സ്വപ്ന സുരേഷ് ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരമാണ് സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറന്നതെന്നുമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍ ഇഡിക്ക് നല്കിയ മൊഴി. മൂന്ന് തവണ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം ലോക്ക് തുറന്നതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ പേരെ ചോദ്യംചെയ്യാൻ ഇഡി
അതേസമയം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയടക്കം വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും, ഇവരും ശിവശങ്കറുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ഇഡി വിശദമായി പരിശോധിച്ച് വരികയാണ്.
റെഡ് ക്രസന്റ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട കത്തിന്റെ രൂപരേഖ സ്വപ്നയ്ക്ക് കൈമാറിയ ശേഷം ആവശ്യമെങ്കില്‍ രവീന്ദ്രനെ വിളിക്കാമെന്ന് ശിവശങ്കര്‍ പറയുന്നുണ്ട്.
ഇത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രനാണെന്നാണ് ഇഡിയുടെ നിഗമനം. ഈ സാഹചര്യത്തില്‍ രവീന്ദ്രനെയും വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന കാര്യവും ഇഡിയുടെ പരിഗണനയിലാണ്. കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇഡി ഇന്നും തുടരും.
‘എല്ലാം വിജിലന്‍സ് കൊണ്ടുപോയി’
ലൈഫ് മിഷന് വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകളുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലസ് നേരത്തെ കസ്റ്റഡിയിലെടുത്തെന്ന് ലൈഫ് മിഷന് മുന്‍ സിഇഒ യു.വി. ജോസ്. കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മൊഴിയെടുക്കല്‍ വേളയിലാണ് യു.വി. ജോസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
രേഖകളുമായി ഹാജരാകാനായിരുന്നു നിര്‍ദേശമെങ്കിലും താന്‍ വിരമിച്ചെന്നും രണ്ട് വര്‍ഷം മുമ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലന്‍സ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തെന്നുമാണ് ഇദ്ദേഹം മൊഴി നല്‍കിയിട്ടുള്ളത്. എട്ട് മണിക്കൂറോളം ഒറ്റയ്ക്കും ശിവശങ്കറിന് ഒപ്പം ഇരുത്തിയും യു.വി. ജോസിനെ ചോദ്യം ചെയ്തു.