പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി കൊണ്ടുവന്ന കേഴമാനിനെ വനപാലകര്‍ കൊന്ന് കറിവെച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം.
ജഡം കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഉപേക്ഷിച്ചെന്നാണ് വനം വകുപ്പിന്റെ ഔദ്യോഗിക കണ്ടെത്തല്‍. പോസ്റ്റ് മോര്ട്ടത്തിനെന്ന പേരില്‍ ജീവനക്കാര്‍ കൊണ്ടു വന്ന മാനിനെ എവിടെയാണ് കറിയാക്കിയതെന്ന് അറിയണമെങ്കില്‍ സത്യസന്ധമായ അന്വേഷണം വേണം.
അന്വേഷണം കാര്യക്ഷമമായാല്‍ ജീവനക്കാരുടെ സംഘടന നേതാവുള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലാകും. ഇതൊഴിവാക്കാനാണ് അന്വേഷണ അട്ടിമറി നീക്കം.
പരുക്കേറ്റ് അവശനിലയിലായ മാനിനെ ചത്തുവെന്ന് വരുത്തി പോസ്റ്റ് മോര്‍ട്ടം ചെയ്യാനെന്ന പേരിലാണ് നാട്ടുകാരുടെ മുന്നില്‍ നിന്ന് ചൂളിയാമല സെക്ഷന്‍ വാച്ചര്‍ ജിഷുവിന്റെ സാന്നിധ്യത്തില്‍ പച്ചമല സെക്ഷനിലെ താല്‍ക്കാലിക വാച്ചര്‍ സനല്‍രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ഷജീദ് എന്നിവര്‍ കസ്റ്റഡിയിലെടുത്തത്. ഇത് സംബധിച്ച മഹസറോ,മറ്റ് രേഖകളോ തയ്യാറാക്കിയിരുന്നില്ല.
മാനിന്റെ ജഡം സംസ്കരിക്കുന്ന നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി ഷജീദിനെ തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തു.
ഒപ്പമുണ്ടായിരുന്ന സനല്‍രാജിനെ മെയ് 11ന് തന്നെ ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് വിശദീകരണം. മെയ് 10ന് നടന്ന സംഭവത്തില്‍ നടപടി വന്നത് ഒരു മാസത്തിനു ശേഷമാണെന്നതും വിചിത്രം.
വന്യമൃഗങ്ങള്‍ ചത്താല്‍ പോസ്റ്റ് മോര്‍ട്ടം നടത്താതെ മറവ് ചെയ്യാന്‍ പാടില്ല. മറവ് ചെയ്യുന്നതിനു മുന്‍പ് മണ്ണെണ്ണ, പെട്രോള്‍ ഇവയിലേതെങ്കിലും ജഡത്തില്‍ ഒഴിച്ച് മാംസം ഭക്ഷ്യ യോഗ്യമല്ലാതാക്കിയശേഷം മറവ് ചെയ്യണം.
പച്ചമലയില്‍ അവശനിലയില്‍ കണ്ട കേഴമാന് ചത്തെന്നും തങ്ങള്‍ മറവ് ചെയ്തുവെന്നുമായിരുന്നു ഇവര്‍ ആദ്യം അവകാശപ്പെട്ടത്.
എന്നാലിപ്പോള്‍ പറയുന്നത് വനത്തില്‍ ഉപേക്ഷിച്ചുവെന്നും. മാനിനെ വേട്ടയാടുന്നതും കൊന്ന് ഇറച്ചിയാക്കുന്നതും 3 വര്‍ഷം തടവ് ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.