ന്യൂഡൽഹി: മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതിയെ ആൺ സുഹൃത്തി തീകൊളുത്തി കൊലപ്പെടുത്തി. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ അമൻ വിഹാറിലാണ് സംഭവം. 28കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 11നാണ് ഗുരുതര പൊള്ളലേറ്റ നിലയിൽ യുവതിയെ എസ്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇവരെ സഫ്ദർജംഗ് ആശുപത്രിയിലേക്കും പിന്നീട് എയിംസ് ട്രോമ സെന്ററിലേക്കും മാറ്റി.
യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് ശ്രമിച്ചുവെങ്കിലും ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അതിന് സാധിച്ചില്ല.
ഡൽഹിയിലെ ബൽബീർ വിഹാറിലെ താമസക്കാരിയാണ് പൊള്ളലേറ്റ യുവതിയെന്നും ഒരു ചെരുപ്പ് ഫാക്ടറിയിൽ തൊഴിലാളിയാണ് ഇവരെന്നും പോലീസ് കണ്ടെത്തി. ഭർത്താവിനെ ഉപേക്ഷിച്ച ഇവർ കഴിഞ്ഞ ആറ് വർഷങ്ങളായി മോഹിത് എന്നയാൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
ചികിത്സയിൽ തുടരുന്നതിനിടെ ഇവർ കഴിഞ്ഞ ദിവസം മരിച്ചു. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമൻ വിഹാർ പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.
ഫെബ്രുവരി 10ന് രാത്രി മോഹിത്, സുഹൃത്തിന്റെ സ്ഥലത്തിരുന്ന് മയക്കുമരുന്ന് കഴിക്കുന്നത് കണ്ട യുവതി ഇയാളുമായി വഴക്കുണ്ടായി.
ഇതിൽ പ്രകോപിതനായ മോഹിത്തും സുഹൃത്തും യുവതിയെ ടാർപിൻ ഓയിൽ ഒഴിച്ച് യുവതിയെ തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
മോഹിത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.