കോന്നി: കട്ട നിര്‍മാണ കമ്പനി ഉടമയും ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ യുവാവിനെ ഇന്നോവയില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും സിമന്റ് കട്ട നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയുമായ കുമ്പഴ വെട്ടുര്‍ സ്വദേശി ചാങ്ങയില്‍ ബാബുക്കുട്ടനെ(39)യാണ് തട്ടിക്കൊണ്ടു പോയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.40ന് പീച്ച് നിറത്തിലുള്ള ഇന്നോവയില്‍ എത്തിയ സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്നു ബാബുക്കുട്ടനെ ബലമായി പിടിച്ചു കയറ്റിക്കൊണ്ടു പോയത്.
ബഹളം ശ്രദ്ധയില്‍പെട്ട നാട്ടുകാർ കല്ലെടുത്തെറിഞ്ഞതോടെ വാഹനത്തിന്റ പിന്നിലെ ഗ്ലാസ് തകർന്നെങ്കിലും നിർത്താതെ ഓടിച്ചുപോയി. കാര്‍ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്.
ബാബുക്കുട്ടന് ആരുമായും പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. സാമ്പത്തിക പ്രശ്നമുള്ളതായും അറിവില്ല.
മലയാലപ്പുഴ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കോന്നി, പത്തനംതിട്ട ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. വാഹനത്തിന്റെ നന്പർ അടക്കം കണ്ടെത്തിയതായും സംസ്ഥാന വ്യാപകമായ തെരച്ചിൽ നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകലിനു പിന്നിലെ കാരണങ്ങളുൾപ്പെടെ പോലീസ് തേടിവരികയാണ്. ഇതിനിടെ ബാബുക്കുട്ടൻ വീട്ടിലേക്കു വിളിച്ച് താൻ സുരക്ഷിതനാണെന്ന് അറിയിച്ചതായി പറയുന്നു.