പയ്യന്നൂര്: വീടിന്റെ ഗ്രില്ല് മുറിച്ചും വാതില് കുത്തിത്തുറന്നും നിരീക്ഷണക്കാമറയുടെ കേബിള് മുറിച്ചും പട്ടാപ്പകല് മോഷണം. കരിവെള്ളൂര് പാലക്കുന്നിലെ പെട്രോള് പമ്പിനു സമീപമുള്ള ബിഎസ്എന്എൽ ഉദ്യോഗസ്ഥന് വി.സജിത്തിന്റെ വീട്ടിലാണ് ഇന്നലെ പട്ടാപ്പകല് മോഷണം നടന്നത്.
ഇന്നലെ രാവിലെ ഒന്പതിനും പതിനൊന്നേ മുക്കാലിനുമിടയിലായിരുന്നു മോഷണം. വീടിനകത്തെ കിടപ്പുമുറിയിലെ അലമാരയില് സൂക്ഷിച്ചിരുന്ന 50,000 രൂപയും മുക്കാല് പവന് വീതമുള്ള രണ്ടുവളകളും മോതിരവും പൂജാമുറിയിലുണ്ടായിരുന്ന ഓട്ടുരുളി, ഗണേശ വിഗ്രഹം, നടരാജ വിഗ്രഹം എന്നിവയുമാണ് മോഷ്ടിക്കപ്പെട്ടത്.
കൂടാതെ അലമാരയില് സുക്ഷിച്ചിരുന്ന സജിത്തിന്റെയും ഭാര്യയുടെയും സര്ട്ടിഫിക്കറ്റുകളടങ്ങിയ ബാഗും മോഷ്ടാക്കള് കൊണ്ടുപോയി. മോഷണത്തിലൂടെ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന വീട്ടുടമയുടെ പരാതിയില് പയ്യന്നൂര് പോലീസ് കേസെടുത്തു. സംഭവ സമയത്ത് സജിത്തും ചിന്മയ വിദ്യാലയത്തിലെ അധ്യാപികയായ ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല.
രാവിലെ ഒന്പതോടെയാണ് ഇവര് വീടു പൂട്ടി പുറത്തുപോയത്. പതിനൊന്നേമുക്കാലായപ്പോള് മൂന്ന് അപരിചതരെ വീട്ടില് കണ്ടതിനെത്തുടർന്ന് തൊട്ടടുത്തെ വീട്ടില് താമസിക്കുന്ന അമ്മയാണ് സജിത്തിനെ വിവരമറിയിച്ചത്. അപരിചിതരെ ചോദ്യം ചെയ്ത അമ്മയെ ഭീഷണിപ്പെടുത്തി മോഷണമുതലുകളുമായി വെളുത്ത കാറില് കയറി മോഷ്ടാക്കള് സ്ഥലം വിടുകയായിരുന്നു. സമീപത്തു ജോലിയിലേര്പ്പെട്ടിരുന്ന തൊഴിലുറപ്പു തൊഴിലാളികളും പ്രതികളെ കണ്ടിട്ടുണ്ട്.
സജിത്തിന്റെ മൊഴിയെടുത്തശേഷം കേസെടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു. കേബിള് മുറിച്ചുമാറ്റപ്പെട്ട വീട്ടിലെ നിരീക്ഷണക്കാമറദൃശ്യങ്ങള് പരിശോധിച്ചതില് മോഷ്ടാക്കളിലൊരാള് അലമാരയില്നിന്നു സാധനങ്ങളെടുക്കുന്നതിന്റെ ദൃശ്യം മാത്രമാണു ലഭിച്ചത്. ഹിന്ദി സംസാരിക്കുന്നവരാണ് കാറിലെത്തിയ മൂന്നംഗ മോഷണസംഘത്തിലുണ്ടായിരുന്നതെന്നാണു ലഭിക്കുന്ന സൂചന.