പയ്യന്നൂര്‍: കഴിഞ്ഞ ശനിയാഴ്ച പയ്യന്നൂരിലെ മൊബൈല്‍ ഷോപ്പിലുണ്ടായ മോഷണത്തില്‍ കൂടുതല്‍ നഷ്ടമൊഴിവായത് മോഷ്ടാവിനെ അയാളുടെ ബാഗ് ചതിച്ചതിനാല്‍.
മൊബൈല്‍ ഫോണുകള്‍ വാരിനിറച്ച ബാഗിന്റെ സിബ് പൊട്ടിയതിനാലാണ് ഫോണുകള്‍ ഉപേക്ഷിച്ച് കിട്ടിയ പണവുമായി കടന്നുകളയാനിടയാക്കിയതെന്ന് നിരീക്ഷണക്കാമറ ദൃശ്യങ്ങള്‍ വെളിവാക്കുന്നു.
പയ്യന്നൂര്‍ സംസം മെഡിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന കോറോം സ്വദേശി പി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സോണ്‍ എന്ന സ്ഥാപനത്തില്‍ കവര്ച്ചക്കെത്തിയപ്പോഴാണ് ഇയാളെ ബാഗ് ചതിച്ചത്.
വലിയ ബാഗുമായാണ് ഇയാള്‍ മോഷണത്തിനെത്തിയത്. രാത്രി ഒന്‍പതരമുതല്‍ ഇയാള്‍ കെട്ടിടത്തിന് മുകളിലുണ്ടായിരുന്നു.
തലയില്‍ തുണിയിട്ട് അര മണിക്കൂറോളമെടുത്താണ് ഷട്ടറിന്റെ പൂട്ടുകള്‍ അറുത്ത് മാറ്റിയത്.
പതിനൊന്നരയോടെ ഷട്ടര്‍ തുറന്ന് അകത്തുകടന്ന ഇയാള്‍ അകത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന പണം ബാഗിന്റെ വിവിധ അറകളിലായി തിരുകിയ ശേഷമാണ് ബാഗില്‍ മൊബൈല്‍ ഫോണുകള്‍ നിറച്ചത്.
ഇതിനിടെ ബാഗിന്റെ സിബ് പൊട്ടിയതോടെ പണി പാളുകയായിരുന്നു. ഒടുവില്‍ ബാഗില്‍ കയറ്റിയ മൊബൈല്‍ ഫോണുകള്‍ താഴെ ഇട്ടശേഷം പന്ത്രണ്ടോടെ പ്രതി കടന്നുകളയുകയായിരുന്നു.