കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് മറയാക്കി കേരളത്തിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ട് തീം ഫിഷിംഗ് ആക്രമണം വ്യാപകമാകുന്നു.
ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണിലെ ഡാറ്റ ചോര്‍ത്തലാണ് തീം ഫിഷിംഗ് അറ്റാക്കിലൂടെ ലക്ഷ്യമിടുന്നത്.
സൈബര്‍ സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന ടെക്നിസാങ്റ്റ് എന്ന സ്റ്റാര്‍ട്ടപ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. വാട്സ് ആപ്പും ഫേസ്ബുക്കും വഴി പ്രചരിക്കുന്ന ഓണ്‍ലൈന്‍ ലിങ്കുകളിലൂടെയാണ് തട്ടിപ്പ്.
ഓണ്‍ലൈന്‍ പോളുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് പ്രചരിക്കുന്ന ലിങ്കുകളിലെ ചതിക്കുഴി സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസിലാകില്ല.
കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമോ, കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും തുടങ്ങിയ ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ പോളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തരത്തില്‍ പിണറായി വിജയന്, ഉമ്മന്‍ചാണ്ടി, ഇ. ശ്രീധരന് തുടങ്ങിയവരുടെ പേരുകളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം വാട്സ് ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും ഈ ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചാനലുകളും ഏജന്‍സികളും നടത്തുന്ന സര്‍വേകള്‍ക്കൊപ്പം ഓണ്‍ലൈന്‍ പോളുകളിലും തങ്ങളുടെ പാര്‍ട്ടിക്കാരെ മുന്നിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ മത്സരിക്കുന്നതോടെ തട്ടിപ്പുകാര്‍ക്ക് ചാകരയാണ്.
http://voting2021.todayoffers.xyz/, http://voting2021.mallutech.xyz എന്നീ ലിങ്കുകള്‍ വഴിയാണ് നിലവില്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ഇരു ലിങ്കുകളും സിംഗപ്പൂരിലെ ഒരേ ഐപി അഡ്രസായാണ് കാണിക്കുന്നത്.
ടെക്നിസാങ്റ്റ് നടത്തിയ പഠനത്തില്‍, കുറേ കാലമായി ഇത്തരത്തില്‍ പോളുകളിലൂടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും ഇവയില്‍ പല പോളുകളും നടത്തുന്ന വ്യത്യസ്ത സൈറ്റുകള്‍ക്ക് ഒരേ ഐപി അഡ്രസാണെന്നും കണ്ടെത്താനായി.
കോവിഡ് സമയത്ത് നടന്ന പോളിന്റെ കീവേഡുകളാണ് തെരഞ്ഞെടുപ്പ് സൈറ്റുകള്‍ക്ക് പിന്നിലുള്ളതെന്നും ടെക്നിസാങ്റ്റ് കണ്ടെത്തി.
ഓണം, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷ വേളകളിൽ ആ സമയത്തെ ആശംസകളും ആഘോഷത്തിന്റെ ഭാഗമായുള്ള വിവരങ്ങളും ചേര്‍ത്താണ് പോള്‍ ലിങ്കുകള്‍ പ്രചരിക്കുന്നത്.
എന്നാല്‍ ആദ്യമായാണ് തെരഞ്ഞെടുപ്പിനെ മറയാക്കി ഇത്തരത്തിലൊരു തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നതെന്ന് ടെക്നിസാങ്റ്റ് പറയുന്നു.