കണ്ണൂർ: ദീർഘനാളത്തെ അടച്ചിടലിനുശേഷം സജീവമായ സിനിമാ തിയേറ്ററുകൾ കോവിഡിന്റെ രണ്ടാം വരവോടെ വീണ്ടും പ്രതിസന്ധിയിൽ.
വിഷുക്കാലത്ത് നിരവധി സിനിമകൾ റിലീസാകുകയും ഇതുവഴി നഷ്ടം നികത്താനാകുമെന്നും കരുതിയ തിയേറ്റർ ഉടമകൾക്ക് രണ്ടാംഘട്ട കോവിഡ് നിയന്ത്രണങ്ങൾ തിരിച്ചടിയായി.
കണ്ണൂർ ജില്ലയിലെ 67 ഓളം തിയേറ്ററുകളിൽ ജോലി ചെയ്തുവരുന്ന നൂറുകണക്കിന് ആളുകളാണ് വീണ്ടും പ്രതിസന്ധിയിലാകുന്നത്.
അടച്ചിട്ട തിയേറ്ററുകൾക്ക് ആശ്വാസകരമായ പ്രതീക്ഷ ലഭിച്ചിട്ട് ആഴ്ചകൾ മാത്രമേ ആയുള്ളൂ.
എന്നാൽ രോഗവ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ തിയേറ്ററുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ദീപികയോട് പറഞ്ഞു.
ജനുവരിയിൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാണ് തിയേറ്ററുകൾ തുറന്നതെങ്കിലും 20 ശതമാനം ആളുകൾപോലും തിയേറ്ററിൽ എത്തിയിരുന്നില്ല.
ഇപ്പോൾ കിട്ടുന്ന വരുമാനം വൈദ്യുതി ബിൽ, ജീവനക്കാരുടെ ശന്പളം പോലെയുള്ള ചെലവുകൾക്കുപോലും തികയുന്നുമില്ല.
രാത്രി ഒന്പതിനുശേഷം തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കരുതെന്ന് സർക്കാർ നിർദേശിച്ചതോടെ സെക്കന്റ് ഷോ ഇല്ലാതാകുന്നു എന്നതാണ് തിയേറ്റർ മേഖല ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ഏറ്റവും കൂടുതൽ ആളുകൾ വന്നിരുന്നത് സെക്കൻഡ് ഷോയ്ക്കായിരുന്നെന്നും സെക്കൻഡ് ഷോ ഇല്ലാതെ തിയേറ്ററുകൾ ലാഭകരമായി നടത്തിക്കൊണ്ടുപോകാനാകില്ലെന്നുമാണ് സവിത ഫിലിം സിറ്റി ഉടമ കെ.ഇ. ജാസ് പറയുന്നത്.
സെക്കൻഡ് ഷോ അനുവദിക്കുകയാണ് തിയേറ്റർ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരമായി ചെയ്യേണ്ടതെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.
വിഷുവിനോടനുബന്ധിച്ച് ഒരുപിടി ചിത്രങ്ങൾ തിയേറ്ററിലെത്തിയതിന് തൊട്ടുപിന്നാലെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ ഉത്തരവിറങ്ങിയത്.
കോവിഡ് രണ്ടാംഘട്ട വ്യാപനം കുടുംബ പ്രേക്ഷകരെ തിയേറ്ററിൽനിന്ന് അകറ്റിയതോടൊപ്പം പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറ്റുള്ളവരെക്കൂടി അകറ്റുകയാണ്.
അതിനുപുറമേയാണ് റംസാൻ മാസമെത്തിയത്. റംസാൻ മാസത്തിൽ കളക്ഷനിൽ 25 മുതൽ 30 ശതമാനം വരെ കുറവ് സാധാരണ സമയത്തുപോലും ഉണ്ടാകാറുണ്ട്.
ഇതെല്ലാം ഒരുമിച്ചു വന്നതാണ് വീണ്ടും തിയേറ്ററുകൾ അടയ്ക്കേണ്ടി വരുമോയെന്ന ആശങ്കയുണ്ടാകാൻ കാരണമെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.
കോവിഡ് വ്യാപന സമയത്ത് തിയേറ്റർ വ്യവസായത്തെ പ്രതികൂലമായി ബാധിച്ച മറ്റൊരു പ്രവണത ആമസോൺ പ്രൈം, നെറ്റ് ഫ്ലിക്സ് മുതലായ ഓവർ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസായതാണ്.
തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ വലിയ കളക്ഷൻ നേടാമായിരുന്ന സിനിമകളാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തത്.
കുടുംബസമേതം തിയേറ്ററിൽ പോയി ഒരു സിനിമ കാണുന്ന അതേ തുകയ്ക്ക് ഒന്നോ രണ്ടോ മാസം വീട്ടിലിരുന്ന് സിനിമ കാണാൻ ഇത്തരം പ്ലാറ്റ്ഫോമുകൾ ഒരുക്കുന്ന സൗകര്യം തിയേറ്റർ വ്യവസായത്തെ ഭാവിയിലും ദോഷകരമായി ബാധിക്കുമെന്നാണ് തിയേറ്റർ ഉടമകൾക്ക് പറയാനുള്ളത്.
തിയേറ്റർ വ്യവസായവുമായി ബന്ധപ്പെട്ട് ടിക്കറ്റ് മുറിച്ചുനൽകുന്നവർ മുതൽ ടീസ്റ്റാൾ നടത്തുന്നവർ വരെയുൾപ്പെട്ട വലിയൊരു വിഭാഗം ആളുകളാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്.
കോവിഡ് തുടങ്ങിയ കാലം മുതൽ പകുതിയോളം ജീവനക്കാർക്ക് ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടിരുന്നു.
ബാക്കിയുള്ളവരുടെ ജീവിതംകൂടി ദുരിതപൂർണമാക്കുന്ന തരത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.
നിലവിൽ സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങളനുസരിച്ച് തിയേറ്ററുകൾ തുറന്നു പ്രവർത്തിപ്പിക്കുക സാധ്യമല്ലെന്ന് ഉടമകൾ പറയുന്നു.