തിയറ്ററുകളില്‍ നേട്ടമുണ്ടാക്കാന്‍ അന്യഭാഷാ ചിത്രങ്ങള്‍; ഇന്നു മുതല്‍ എ ക്ലാസില്‍ മലയാള സിനിമകള്‍ ഇല്ല

l-theatureകൊച്ചി: ഇന്നു മുതല്‍ കേരളത്തിലെ എ ക്ലാസ് തിയറ്ററുകളില്‍ മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നു നിര്‍മാതാക്കള്‍ തീരുമാനിച്ചതോടെ തിയറ്ററുകളില്‍ കൊയ്ത്തു നടത്താന്‍ അന്യഭാഷാ ചിത്രങ്ങള്‍. സിനിമാ നിര്‍മാതാക്കളും തിയറ്ററുടമകളും തമ്മില്‍ തിയറ്ററര്‍ വിഹിതത്തിന്റെ പേരിലുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്നാണ് മലയാള സിനിമകള്‍ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. ഇതോടെ തിയറ്ററുകളില്‍ അന്യഭാഷാ ചിത്രങ്ങള്‍ നേട്ടമുണ്ടാക്കുമെന്ന കാര്യം ഉറപ്പായി. മലയാള സിനിമകള്‍ തിയറ്ററുകളില്‍ നിന്നു പിന്‍വലിച്ചാല്‍ തിയറ്ററുകള്‍ അടച്ചിടില്ലെന്നും അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ഹിന്ദി ചിത്രം ദംഗല്‍ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങള്‍ കൂടുതല്‍ തിയറ്ററുകളിലേക്കെത്തി നേട്ടം കൊയ്യുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതോടൊപ്പം ഈ മാസം അവസാനം തിയറ്ററുകളിലെത്തുന്ന അന്യഭാഷ ചിത്രങ്ങളുമായി മുന്നോട്ടു പോകാന്‍ തിയറ്ററുടമകള്‍ തീരുമാനിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി വമ്പന്‍ ചിത്രങ്ങള്‍ ഈ മാസം അവസാനവും ജനുവരി ആദ്യവുമായി റിലീസിനു തയ്യാറെടുത്തു നില്‍ക്കുന്നുണ്ട്.

ഇവ പരമാവധി തിയറ്ററുകളില്‍ എത്തിച്ചു നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് തിയറ്ററുടമകള്‍. അതേസമയം, അന്യഭാഷാ സിനിമകള്‍ റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് സജി നന്ത്യാട്ട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ 60-40 ശതമാനം വ്യവസ്ഥയില്‍ വരുമാനം പങ്കിടാന്‍ തയ്യാറായാല്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറാണെന്നും സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള തിയറ്ററുകളില്‍ നിന്നാണ് സിനിമകള്‍ പിന്‍വലിക്കുന്നത്. ബി ക്ലാസ് തിയറ്ററുകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തിയറ്ററുകളിലും നിര്‍മാതാക്കളുടെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലും കെഎസ്എഫ്ഡിസിയുടെ തിയറ്ററുകളിലും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Related posts