വൈപ്പിന്‍: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സിനിമാ തിയറ്ററുകളില്‍ ഒഴിവാക്കിയിരുന്ന സെക്കന്റ് ഷോ 11 മുതല്‍ പുനരാരംഭിച്ചതോടെ സംസ്ഥാനത്തെ സിനിമാ മേഖല വീണ്ടും ഉണര്‍ന്നു.വന്‍ ഹിറ്റായ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് നിറഞ്ഞ സദസിലാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
25ന് കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന മറ്റൊരു മമ്മൂട്ടി ചിത്രമായ വണ്‍ എന്ന സിനിമയും തുടര്‍ന്ന് കുഞ്ചാക്കോ ബോബന്, സണ്ണിവെയിന്‍, ഫഹദ് ഫാസിലില്‍, തുടങ്ങിയ താരങ്ങളുടേതുള്‍പ്പെടെ രണ്ട് ഡസനോളം സിനിമകളാണ് ഉടന്‍ പ്രദര്‍ശനത്തിനെത്താനിരിക്കുന്നത്.
സെക്കന്റ് ഷോയ്ക്കു അനുമതി ലഭിച്ചതോടെയാണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ വിതരണക്കാര്‍ തയ്യാറായത്. അതേസമയം മൊത്തം സീറ്റിന്റെ 50 ശതമാനം പ്രേക്ഷകരെ മാത്രമെ ഒരു ഷോയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളു എന്ന നിയന്ത്രണംകൂടി നീക്കിയാലെ തീയറ്ററുകളുകള്ക്ക് സാമ്പത്തിക ബാധ്യത ഇല്ലാതെ മുന്നോട്ട് പോകാനാവുകയുള്ളെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്.
പകുതി പ്രേക്ഷകരെ മാത്രം വച്ച് സിനിമ നടത്തുമ്പോള്‍ ചെലവ് ചുരുങ്ങുന്നില്ലെന്നാണ് തീയറ്ററുകാരുടെ ആവലാതി.വൈദ്യുതി ചാര്‍ജും ജീവനക്കാരുടെ ശമ്പളവും പതിവ് പോലെ നല്‍കേണ്ടിവരും. കൂടാതെ കോവിഡ് വ്യാപന നിയന്ത്രണ ഉപാധികള്‍ക്കായുള്ള ചെലവ് വേറെയും വരും.
സര്‍ക്കാര്‍ ടിക്കറ്റില്‍ വിനോദ നികുതിയിളവ് നല്‍കിയിട്ടുള്ളത് ഈ 31 വരെയാണ്. ഇതിനുശേഷം തീയറ്ററുടമകള്‍ കളക്ഷനില്‍ നല്ലൊരു തുക വിനോദ നികുതിയിനത്തില്‍ നല്‍കേണ്ടിവരും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചുപൂട്ടിയ സിനിമാ തീയറ്ററുകള്‍ ജനുവരി രണ്ടാം വാരത്തില്‍ തുറന്നെങ്കിലും സെക്കന്റ് ഷോയ്ക്കു അനുമതി ഇല്ലാതെ വന്നതോടെ ഫെബ്രുവരി അവസാനവാരത്തോടെ 80 ശതമാനം തീയറ്ററുകള്‍ക്കും വീണ്ടും താഴുവീണു.
തുടര്‍ന്ന് ഫിലിം ചേംബര്‍ ഭാരവാഹികളും സിനിമാ മേഖലയിലെ ഇതര സംഘടനകളും മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സെക്കന്റ് ഷോയ്ക്ക് അനുമതി നല്‍കിയത്. സിനിമാ മേഖലയുടെ നിലനില്‍പ്പിനായി ഇനി സര്‍ക്കാര്‍ കനിയേണ്ടത് 50 ശതമാനം പ്രേക്ഷകരെന്ന നിബന്ധനകൂടി നീക്കം ചെയ്യണമെന്നാണ് സിനിമാ മേഖലയുടെ ആവശ്യം.