തലശേരി: കഴിഞ്ഞ അഞ്ചു മാസമായി അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകൾ നാശത്തിന്റെ വക്കിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്നും ജീവനക്കാർക്ക് ശന്പളം നൽകാനും കറന്റ് ബില്ല് അടക്കാനും സാധിക്കാതെ തിയറ്റർ ഉടമകൾ ദുരിതത്തിലായിരിക്കുകയാണെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ലിബർട്ടി ബഷീർ മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ സിനിമാ തിയറ്ററുകളാണ് ആദ്യം അടച്ചത്. എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതത്വത്തോടെ നഷ്ടമില്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യമെങ്കിലും ഒരുങ്ങണം. ജീവനക്കാർക്ക് പകുതി ശന്പളം നൽകുന്നു.
മൂന്ന് മാസത്തെ വൈദ്യുതിയുടെ ഫിക്സസ് ചാർജിൽ ഇളവ് അനുവദിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിൽ വന്ന വൈദ്യുതി ബിൽ അടക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ബാങ്ക് വായ്പയുടെ മൊറോട്ടോറിയത്തിന് അധിക പലിശയും നൽകേണ്ടിവരും.
വൈദ്യുതി ഫിക്സഡ് ചാർജ് 2021 മാർച്ച് വരെ ഒഴിവാക്കി തരണം. ഒരു വർഷത്തേക്ക് വിനോദ നികുതി ഒഴിവാക്കുക, കെട്ടിട നികുതിയിൽ 50 ശതമാനം ഇളവനുവദിക്കുക, തീയേറ്റർ ലൈസൻസ് ഉപാധികളില്ലാതെ മാർച്ച് 31 വരെ നീട്ടുക, പുതുക്കിയ മിനിമം വേതന ഉത്തരവ് ഒരു വർഷത്തേക്ക് മരവിപ്പിക്കുക, ജിഎസ്ടി ഒരു വർഷത്തേക്ക് ഒഴിവാക്കുക, പ്രളയ സെസ് ഒഴിവാക്കുക, ക്ഷേമനിധി ഒരു വർഷത്തേക്ക് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉള്ളത്.
സർക്കാർ ഉടമസ്ഥതയിലുള്ള തീയറ്ററുകളുടെ സ്ഥിതി പരിശോധിച്ചാൽ തന്നെ തങ്ങളുടെ അവശ്യം ന്യായമാണെന്ന് സർക്കാരിന് ബോധ്യപ്പെടും. ഇളവുകൾ ലഭിച്ച് തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചാലും പുതിയ സിനിമകളുടെ റിലീസിംഗ് ഉണ്ടാകാതെ വരും.
പഴയ സിനിമകൾ പ്രദർശിപ്പിച്ച് തിയറ്ററുകൾ പഴയ നിലയിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്നും സർക്കാർ സഹകരണം ഇതിന് അനിവാര്യമാണെന്നും നിവേദനത്തിൽ പറയുന്നു.