തിയറ്ററുകളിലെ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് മരവിപ്പിക്കണം! കേന്ദ്രത്തിന്റെ നയംമാറ്റം സുപ്രീംകോടതിയില്‍; ആറുമാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ സമിതിയെ നിയോഗിച്ചുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍

അടുത്തകാലത്ത് പ്രാബല്യത്തിലാക്കിയ സിനിമ തുടങ്ങും മുമ്പ് തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവു തല്‍ക്കാലം മരവിപ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു. ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നു 2016 നവംബറില്‍ നല്‍കിയ ഉത്തരവിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നു വീണ്ടും പരിഗണിക്കും. ഈ പശ്ചാത്തലത്തിലാണു കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

ദേശീയ ഗാനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു 12 പേരുടെ സമിതിയെ നിയോഗിച്ചെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ജൂണ്‍ അഞ്ചിനകം റിപ്പോര്‍ട്ട് ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നതു തടയാനുള്ള നിയമത്തില്‍ മാറ്റം വരുത്തും. ആവശ്യമായ മാര്‍ഗരേഖ പുറത്തിറക്കും. അതുവരെ സുപ്രീം കോടതി ഉത്തരവു നടപ്പാക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവിട്ട കോടതി തന്നെ 11 മാസം കഴിഞ്ഞപ്പോള്‍ നിലപാടു മാറ്റി. ദേശീയഗാനത്തോടുള്ള ആദരത്തില്‍ മാതൃരാജ്യത്തോടുള്ള സ്നേഹവും ബഹുമാനവുമാണു പ്രതിഫലിക്കുന്നതെന്നാണു 2016 നവംബറില്‍ പറഞ്ഞത്.

എന്നാല്‍, കഴിഞ്ഞ ഒക്ടോബര്‍ 23നു കോടതി സ്വന്തം ഉത്തരവിനെത്തന്നെ നിശിതമായി വിമര്‍ശിച്ചു. ‘ഇന്ത്യക്കാര്‍ ദേശഭക്തി നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ടതില്ല. ദേശഭക്തി ഇങ്ങനെ പ്രദര്‍ശിപ്പിക്കണമെന്നാണെങ്കില്‍, സിനിമാ തിയറ്ററില്‍ ടീ ഷര്‍ട്ടും ഷോട്സുമിടരുതെന്നും ഇട്ടാല്‍ അതു ദേശീയ ഗാനത്തെ അവഹേളിക്കലാകുമെന്നും പറയും. ഈ സദാചാര പോലീസിംഗ് എവിടെച്ചെന്നു നില്‍ക്കും?’ കോടതി ചോദിച്ചു.

 

Related posts